സലിം അലിയുടെ കൂടെ പക്ഷികളെ നിരീക്ഷിക്കാൻ
ഡോ.പി.വി.മോഹനൻ
“ബേർഡ് മാൻ ഓഫ് ഇന്ത്യ ” എന്നറിയപ്പെടുന്ന പ്രമുഖ പക്ഷി ശാസത്രജ്ഞനായിരുന്ന സലീം അലിയുടെ ചരമദിനമാണ് ജൂൺ 20. പയ്യന്നൂർ കോളേജിൽ ചേർന്ന ശേഷമാണ് പക്ഷികളോടുള്ള പ്രണയം തുടങ്ങിയത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ജോൺസിയുടെ ശിക്ഷണത്തിൽ പ്രകൃതി പഠനവും പക്ഷിനിരീക്ഷണവും പഠന കാലത്തെ ജീവിതചര്യയായി മാറി. ക്രിക്കറ്റ് കളിക്കാനും പക്ഷി നിരീക്ഷണത്തിനുമായിരുന്നു ക്ലാസ്സ് കട്ട് ചെയ്തിരുന്നത്. വെറ്ററിനറി കോളേജിൽ പഠിക്കുമ്പോൾ 1985 ലായിരുന്നു
ഡോ.സലീം അലി ഞങ്ങളുടെ കോളേജ് സന്ദർശിച്ചത്. അന്നത്തെ വി.സി. മാധവ മേനോൻ ആണെന്നാണ് എന്റെ ഓർമ. കോളേജ് ഡേ ഉദ്ഘാടനത്തിനായിരുന്നു അദ്ദേഹം വന്നത്. വി.സി.യുടെ ഇടപെടെലാണ് സലീം അലി ഇവിടെ എത്തിച്ചതെന്ന് ഡോ. ഈശ്വരൻ പറഞ്ഞതായി ഓർക്കുന്നു. സലീം അലി കോളേജ് ഡേയുടെ തലേന്ന് തന്നെ മണ്ണുത്തി ഗസ്റ്റ് ഹൗസിലെത്തി. രാത്രി ഈശ്വരൻ ഡോക്ടർ എന്റെ മുറിയിൽ വന്നു. ഡോ.സലീം അലി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് രാവിലെ പാറ വരെ പ്രഭാത സവാരിക്ക് കൂട്ടു പോകണം. അനിൽ സഖറിയായും മോഹനനും പോയാ മതിയെന്നാണ് തീരുമാനം. കാമ്പസ്സിലെ പക്ഷികളെ കാണാൻ അദ്ദേഹത്തിന് താല്പര്യമുണ്ട്. കിലുക്കത്തിലെ
ലോട്ടറിയടിച്ച ഇന്നസെന്റിന്റെ അവസ്ഥയിലായി ഞാൻ. മറുപടി പറയാൻ നാവ് പൊങ്ങാത്ത അവസ്ഥ. ഞാൻ കറിയാച്ചന്റെ റൂമിലേക്കോടി. അയാൾ കൂളാണ് . വിവരമറിഞ്ഞിട്ടും ഒരു പ്രത്യേകതയും കറിയാച്ചനില്ല. പ്ലാങ്കുൻ്റെ കയ്യിൽ ബൈനാക്കുറുണ്ടോ? ഒരു ക്യാമറയും വേണം. ഞാൻ കൈമലർത്തി. വാ നമുക്ക് നസീറിനെ കാണാം. ഞങ്ങൾ വീട്ടിലെത്തി. നസീറിന്റെ ക്യാമറയും ബൈനോക്കുലറും കൈക്കലാക്കി. റോൾ വാങ്ങാൻ ഞാൻ തൃശ്ശൂക്ക് വിട്ടു. രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. സലീം അലിയെ കാണുക. സ്വപ്ന തുല്യമായ കാര്യം! ഇതാ നടക്കാൻ പോകുന്നു. അദ്ദേഹത്തോട് എന്താണ് സംസാരിക്കേണ്ടത് ? ഇംഗ്ലീഷിൽ സംസാരിക്കാൻ എനിക്കും കറിയാച്ചനും നല്ല വശവുമില്ല. അദ്ദേഹത്തോട് ചോദിക്കേണ്ട
ചോദ്യങ്ങളും സ്നേഹാന്വേക്ഷണവുമൊക്കെ മനസ്സിൽ തയ്യാറാക്കി അത് ഇംഗ്ലീഷിലെഴുതി മനപാഠമാക്കി ഉറങ്ങാൻ കിടന്നു. രാവിലെ ആറ് മണിക്ക് തന്നെ പുറപ്പെടണം. ക്യാമറയിൽ ധൃതിയിൽ ഫിലിം ലോഡ് ചെയ്തു. പരിചയമില്ലാത്ത ക്യാമറ. എന്തായാലും സലീം അലിയുടെ കൂടെ ഒരു യാത്ര … കൂടെ നിന്നുള്ള കുറച്ചു ചിത്രങ്ങൾ !! ഒരു പക്ഷിനിരീക്ഷകന്റെ പരമഭാഗ്യം. മനസ്സൊന്ന് അഹങ്കരിച്ചുവോ? ഞാനും കറിയാച്ചനും 6.15 ന് ഗസ്റ്റ് ഹൗസിലെത്തി. അതാ നരച്ച താടിയുള്ള മെലിഞ്ഞ് നീണ്ട ആ ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ഞങ്ങളുടെ മുന്നിൽ . ഗുഡ് മോണിങ്ങ് സാർ . ഐയാം മോഹനൻ , വെറ്ററിനറി സ്റ്റുഡന്റ് . ദിസ്
ഈസ് അനിൽ. മൈ ക്ലാസ്സ്മേറ്റ്…… മനപാഠം കൃത്യമായി തെറ്റില്ലാതെ വിളമ്പി . ശാന്തമായ മറുപടി – ഗുഡ് മോർണിങ്ങ് ഫ്രന്റ്സ്. ഹൗ ബൂട്ടിഫുൾ ഈസ് ദിസ് ക്യാമ്പസ്, ഷാൽ വി ഗോ? യെസ്സ് സാർ ഞങ്ങൾ നടന്നു തുടങ്ങി. പാറയിലേക്ക് കുന്നു കയറണം. ഇദ്ദേഹത്തിനു കഴിയുമോ? ഞാൻ മുന്നിലും കറിയാച്ചൻ പിന്നിലുമായി നടന്നു.സലീം അലി അനായാസം പാറയിലെത്തി. പോകുന്ന വഴിയിലെ മഴ മരത്തിൽ കൂടുകെട്ടിയ ക്രൈസ്റ്ററ്റ് സെർപന്റ് ഈഗിളിനെ ബൈനോക്കുലർ ഇല്ലാതെ തന്നെ സലീം അലി തിരിച്ചറിഞ്ഞു. യാത്രക്കിടയിൽ ഞാനും കറിയാച്ചനും മാറി മാറി സലിം അലിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്തു. ജീവിതത്തിലെ അനർഘനിമിഷങ്ങൾ. ഞങ്ങൾ പാറയിൽ നിന്ന് യാത്രതിരിച്ചു. കുന്നിറങ്ങാൻ ചില സ്ഥലത്ത് അദ്ദേഹത്തിന്റെ കൈ പിടിക്കേണ്ടി വന്നു. ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി. സലീം അലിയോട് യാത്ര പറഞ്ഞ് ഞങ്ങൾ മടങ്ങി.
ക്യാമറയും ബൈനോക്കുലറും നസീറിന് തിരിച്ചു നൽകി. ബാക്കിവെച്ച ഫിലിം ഷോട്ടുകൾ തീർത്ത ശേഷം വാഷ് ചെയ്യാമെന്ന ധാരണയിൽ ഞാൻ മടങ്ങി. ഒരാഴ്ചയുടെ കാത്തിരിപ്പ് ഒരു മാസം പോലെ തോന്നി. 36 ഷോട്ട് കഴിഞ്ഞിട്ടും ഫിലിം തീർന്നില്ലല്ലോ? നസീറിന്റെ ചോദ്യം. എന്തായാലും ഒരാഴ്ച കഴിഞ്ഞ് നസീർ ഫിലിം വാഷ് ചെയ്യാൻ കൊടുത്തു. ക്യാമറ തുറന്ന് നോക്കി . ഫിലിം ലോഡ് ആയിട്ടില്ല. സ്റ്റുഡിയോക്കാരന്റെ കമന്റ് ! ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടം. കൃത്യം രണ്ട് വർഷം കഴിഞ്ഞ് ആ വാർത്തയെത്തി . പക്ഷികളുടെ തോഴൻ സലിം അലി. അന്തരിച്ചു.1987 ജൂൺ 20 ആയിരുന്നു ആദിവസം.
( മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി.ഡയരക്ടറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലേഖകൻ )