ക്യാമറ കണ്ണുകൾ പ്രകൃതിയിലേക്ക് തുറന്ന് ഷാജിചേർത്തല
രശ്മി ചന്ദ്രൻ
പ്രകൃതിക്ക് നോവുന്നിടത്തൊക്കെ ഷാജിയുടെ ക്യാമറക്കണ്ണുകൾ പതിയും. പ്രകൃതിയിലെ അപൂർവ്വകാഴ്ചകളും ഈ പരിസ്ഥിതി സ്നേഹി ഒപ്പിയെടുത്ത് സൂക്ഷിക്കും. ഫോട്ടോഗ്രാഫി ജീവിതം 40 വർഷം പിന്നിടുമ്പോൾ ആയിരത്തിലേറെ ചിത്രങ്ങൾ ഷാജി ചേർത്തലയുടെ
ശേഖരത്തിലുണ്ട്. ഭൂമി, പരിസ്ഥിതി, പ്രകൃതി വിഭാഗങ്ങളിലായി എടുത്ത ചിത്രങ്ങൾക്ക് കേരള ലളിതകലാ അക്കാദമിയുടേതടക്കം എഴുപതിലേറെ അവാർഡുകളും ഷാജിയെ തേടിയെത്തിയിട്ടുണ്ട്. ഇതിൽ എട്ട് ദേശീയ അവാർഡുകളും ഉൾപ്പെടുന്നു. നാട്ടിലെ
അപൂർവ്വ കാഴ്ചകൾ പകർത്താനായി പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ഷാജി സമയം കണ്ടെത്താറുണ്ട്. ചിത്രങ്ങൾ എടുക്കാനായി ദിവസങ്ങളോളം നീണ്ട യാത്രകളും നടത്താറുണ്ട്. ഇതിനിടെ അപൂർവ്വ കാഴ്ചകൾ കണ്ണിൽപ്പെടും. മരം, മണ്ണ്, പ്രകൃതി എന്നിങ്ങനെ പല വിഭാഗങ്ങൾ
തിരിച്ച് ഒട്ടേറെ ഫോട്ടോ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീടിനടുത്തുള്ള ശ്രീകല സ്റ്റുഡിയോയിൽ സഹായിയായി തുടങ്ങിയതാണ് ഷാജി. ഒറ്റപ്പുന്ന എൽ.പി സ്ക്കൂൾ, തിരുനല്ലൂർ ഹൈസ്ക്കൂൾ, ചേർത്തല എൻ.എസ്സ്.എസ്. കോളേജ്
എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റുഡിയോയിലെ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. അങ്ങിനെ ഈ രംഗത്ത് താല്പര്യം ജനിച്ചു. -ബ്ലാക്ക് ആൻ്റ് വൈറ്റ് ഫോട്ടോഗ്രാഫി കാലമായിരുന്നു അത്. പഠനം കഴിഞ്ഞ്
അവിടെ തന്നെ ഫോട്ടോഗ്രാഫറായി. 20 വർഷത്തോളം പ്രവർത്തിച്ചു. പിന്നീട് പള്ളിച്ചന്തയിൽ മാളവിക സ്റ്റുഡിയോ തുടങ്ങി. വെറ്റ്ലാൻ്റ് ദേശീയ പുരസ്ക്കാരം, കേരള സാക്ഷരതാ മിഷൻ ഫോട്ടോഗ്രാഫി അവാർഡ്, കേരള സർവ്വകലാശാല ഫോട്ടോഗ്രാഫി അവാർഡ് (രണ്ടു തവണ),
മാതൃഭൂമി കാർഷിക ഫോട്ടോഗ്രാഫി അവാർഡ്, കയർ കേരള അവാർഡ് , ദൃശ്യ പ്രതിഭാ പുരസ്ക്കാരം ( മൂന്നു തവണ ) എന്നിവ നേടിയിട്ടുണ്ട്. ആലപ്പുഴ ചേർത്തലയിലെ പള്ളിപ്പുറം കാളിക്കാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരാണ് അച്ഛൻ. അമ്മ പി.ശാന്തകുമാരി.
ഭാര്യ ശ്രീവിദ്യ. എറണാാകുളം സെൻ്റ് തെരാസസ് കോളേജ് വിദ്യാർത്ഥിനി മാളവിക, സ്ക്കൂൾ വിദ്യാർത്ഥിനി ഗംഗ എന്നിവർ മക്കളാണ്. shajimonphotography@gmail.com
ഷാജി എന്ന അതുല്യ പ്രതിഭയുടെ ക്യാമ്റ കണ്ണുകൾ ഇനിയും ഒരുപാട് ചിത്രങ്ങളിലൂടെ സമൂഹത്തിന്റെ ചിന്തകളിൽ വെളിച്ചം പരത്തട്ടെ..