കുട്ടികളില്‍ വായനാ ശീലം വളര്‍ത്താം
ടി. ഒ. രാധാകൃഷ്ണന്‍
വായന തലച്ചോറിനുള്ള വ്യായാമമാണ്. ഇതിലൂടെ കുട്ടികളിലെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനും ശൈലിയും ഭാഷയും അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. ഇത് അവരെ സര്‍ഗശക്തിയിലേക്ക് നയിക്കും. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് പറയാറ്. ഇത് വായനയെ സംബന്ധിച്ചെടുത്തോളം അന്വര്‍ത്ഥമാണ്. വായന ബാല്യത്തിൽത്തന്നെ വളര്‍ത്തിയെടുത്താൽ ജീവിതാവസാനം വരെനിലനില്ക്കും. കുട്ടികളുടെ വായനാഭിരുചിയെ പല തട്ടുകളായി തിരിക്കാം. പ്രകൃതി ,അതിലെ ജീവജാലങ്ങള്‍ ,ജീവിതം ഇവയൊക്കെസൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് അഞ്ചു വയസ്സ് പ്രായമുള്ള കുട്ടികള്‍. മൃഗങ്ങളും പക്ഷികളും പൂമ്പാറ്റകളും പുക്കളുമൊക്കെ ഇവരുടെ ഇഷ്ടവിഭവങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട ചിത്രകഥകളാണ് ഈകാലഘട്ടത്തിൽ ഏറ്റവും ഉചിതം. എന്നാൽ ഏഴുവയസ്സു പിന്നിടുമ്പോള്‍ ഭാവന കട്ടികളെ ഉണര്‍ത്താന്‍ തുടങ്ങും. പറക്കും തളിക കുടത്തിൽപ്പെട്ട ഭൂതം തുടങ്ങിയ രീതിയിലുള്ള കഥകളാണ് ഈസമയം ഇഷ്ടപ്പെടുക. ഗുണപാഠകഥകളും ഇക്കൂട്ടരെ സ്വാധീനിക്കുന്നു. പത്തുവയസ്സുകഴിയുമ്പോള്‍ കുറച്ചു കൂടി ഉയര്‍ന്ന തലത്തിലുള്ള വായന ഇഷ്ടപ്പെടുന്നതാണ്. അനുകരണ ഭ്രമവും താരാരാധനയും ഈകാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. വായിച്ചുവളര്‍ന്നാൽ വിളയും വായിക്കാതെ വളര്‍ന്നാൽ വളയും – എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഇവിടെ പ്രാധാന്യംഅര്‍ഹിക്കുന്നു. പുസ്തകത്തിലൂടെ വളരാത്തവര്‍ വെറും മൃഗമാണ് എന്നാണ് ഷെക്സ്പിയര്‍ പറഞ്ഞിട്ടുള്ളത്. കൈയ്യിൽ ഒരു വാളും പോക്കറ്റിൽ ഹോമറിന്റെ ഗ്രന്ഥവുമുണ്ടെങ്കിൽ ഞാന്‍ എന്റെ വഴിവെട്ടിത്തെളിയിക്കും എന്ന് നെപ്പോളിയന്‍ പറയുമ്പോള്‍ വായനയുടെ ശക്തി മനസ്സിലാക്കാവുന്നതാണ്. മായാജാലവും വിനോദവും ഫലിതവും സഞ്ചാരാനുഭവങ്ങളുമൊക്കെ കുട്ടികള്‍ വളരെ ഇഷ്ടപ്പെടുന്നു.
തെന്നാലിരാമന്‍ കഥകള്‍ അറബിക്കഥകള്‍, ഈസോപ്പ്കഥകള്‍ ,ബൈബിള്‍കഥകള്‍, ജാതകകഥകള്‍ പഞ്ചതന്ത്രംകഥകള്‍, കഥാസരിത്സാഗരം തുടങ്ങിയവയൊക്കെ നന്മയും മൂല്യങ്ങളും കുട്ടികളിൽഎത്തിക്കുന്നു. നമ്മുടെ ഇതിഹാസ കാവ്യങ്ങളായ രാമായണവും,മഹാഭാരതവുമൊക്കെ അതിന്റെ സത്ത ചോര്‍ന്നു പോകാതെ ബാലസാഹി ത്യമായി ധാരാളം പേര്‍ ഒരുക്കി എടുത്തിട്ടുണ്ട്. മാലിരാമായണം മാലിഭാരതം മാഭാഗവതം ക്രിസ്തുചരിതം മുതലായവ എടുത്തുപറയേണ്ടവയാണ്. കുട്ടികളുടെ കണ്ണിലൂടെ കാണുന്നകാഴ്ചകളും വിസ്മയങ്ങളും സാഹസികതയും കുസൃതിത്തരങ്ങളും ദു:ഖങ്ങളും അത്ഭുതങ്ങളുമൊക്കെ നെഞ്ചോട് ചേര്‍ത്തുവെക്കുകതന്നെ ചെയ്യും. പി.നരേന്ദ്രനാഥിന്റെ ‘കുഞ്ഞിക്കൂന്‍’ , ‘വികൃതിരാമന്‍’ നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെലോകം’ മുട്ടത്തുവര്‍ക്കിയുടെ ‘ഒരുകുടയുംകുഞ്ഞുപെങ്ങളും’ സുമംഗലയുടെ ‘മിഠായിപ്പൊതി’ തുടങ്ങിയ കൃതികള്‍ ഈഗണത്തിൽ പെടുന്നവയാണ്. പറയിപെറ്റപന്തിരുകുലത്തെക്കുറിച്ചുള്ള കഥകളും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐദീഹ്യമാലയും കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റുന്നതാണ്. ചന്തുമേനോന്റെ ‘ഇന്ദുലേഖ’ തകഴിയുടെ ‘ചെമ്മീന്‍’ബഷീറിന്റെ ‘ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’, ‘പാത്തുമ്മയുടെ ആട്’, ‘ആനവാരിയുംപൊന്‍കുരിശും’ ഭൂമിയുടെഅവകാശികള്‍, പൂവന്‍പഴം തുടങ്ങിയവയൊക്കെ ആനായാസം വായിച്ച് മനസ്സിലാക്കാംകുഞ്ഞുണ്ണിമാഷിന്റെ കൃതികളും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. കുറച്ചുകൂടെ നിലവാരമുള്ള കൃതികളാണ് എം.ടി വാസുദേവന്‍ നായരുടെ ‘നാലുകെട്ട്’, ‘രണ്ടാമൂഴം’,’ ഉറൂബന്റെ ഉമ്മാച്ചു,’ സുന്ദരികളുംസുന്ദരമ്മാരും.ആത്മസംസ്കരണവും ധര്‍മ്മചിന്തയും സമഭാവനയും ഉയര്‍ന്നജവിതമൂല്യങ്ങളുമൊക്കെയുള്ള ആത്മകഥകള്‍ കുട്ടികളുടെ ജീവിതത്തിൽ വലീയമാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഗാന്ധിജിയുടെ ‘എന്റെസത്യാന്വേഷണപരീക്ഷണങ്ങള്‍ ‘എ.പി.ജെ അബ്ദുള്‍കലാമിന്റെ ‘എന്റെജീവിതയാത്ര’വി.ടി ഭട്ടതിരിപ്പാടിന്റെ ‘കണ്ണീരുംകിനാവു’മൊക്കെ വായിക്കേണ്ട പുസ്തകം തന്നെയാണ്. ചരിത്രബോധവും രാജ്യസ്നഹവും ഉള്‍ക്കൊള്ളുന്ന നെഹ്റുവിന്റെ ‘ഒരച്ഛന്‍ മകളള്‍ക്കയച്ചകത്തുകള്‍’ ,യുദ്ധം എത്ര ഭീകരമാണ്എന്ന് ബോദ്ധ്യപ്പെടുത്തുന്ന ‘ആന്‍ഫ്രാങ്കിന്റെഡയറിക്കുറിപ്പുകള്‍ ‘തുടങ്ങിയവയും മായാതെ മനസ്സിൽ നില്ക്കുന്നതാണ്. ഈ കൃതികളുടെ ഇംഗ്ലീഷ് പതിപ്പുകളും മലയാളം വിവര്‍ത്തനങ്ങളും ഇന്ന് ലഭ്യമാണ്. സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികള്‍ ‘ടോംസോയര്‍ ‘എന്നകൃതിവായിക്കാതിരിക്കരുത്. വിദ്യാലയത്തിൽ പഠിക്കാനെത്തുന്ന വികൃതിയായ കുട്ടിയുടെ കഥപറയുന്ന തെത്സുകോകുറോയാനാഗിയുടെ’ടോടോചാന്‍ ‘നോവലും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ചാള്‍സ്ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്, മാര്‍ക്ക്ട്വയിന്റെ ‘അഡ്വഞ്ചെഴ്സ് ഓഫ് ഹക്കിള്‍ബറിഫിന്‍, ആര്‍.കെ നാരായന്റെ ‘മാൽഗുഡി ഡേയ്സ് ‘എന്നിവയും മികച്ച കൃതികള്‍ തന്നെയാണ്.റുഡ്യാഡ് കപ്ലിങ്ങിന്റെ ‘ജംഗിള്‍ബുക്ക് ‘വളരെ പ്രസിദ്ധമാണ്.അതിലെ മൗഗ്ലി എന്ന കഥാപാത്രത്തെ ആരും മറക്കില്ല. ജെ.കെ റൗളിംഗ് എഴുതിയ ‘ഹാരിപോട്ടര്‍ ‘എന്ന കൃതികളുംകുട്ടികള്‍ക്ക്ഇഷ്ടപ്പെടുന്നതാണ്.
വില്യംഷേക്സ്പിയറിന്റെ പല കൃതികളും മലയാളത്തിൽ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്. ഹാംലറ്റ്, ഒഥല്ലോ,മാക്ബത്ത് തുടങ്ങിയവ. പ്രകൃതിയോടിണങ്ങി ഭൂമിയെ സ്നേഹിച്ച് ജീവിക്കുന്ന ഒരു തലമുറയെയാണ് നമുക്ക് വേണ്ടത്. പ്രകൃതി സ്നേഹവും ശാസ്ത്രബോധവും ഉണര്‍ത്തുന്ന ധാരാളംകൃതികള്‍ ഉണ്ട്. കണ്ടൽക്കാടുകള്‍ക്കിടയിൽ എന്റെ ജീവിതം (പൊക്കുടൻ), ഹരിതചിന്തകള്‍ (എം.കെ പ്രസാദ് ), ഭൂമിക്ക്പനി(പി.എസ് ഗോപിനാഥൻ), പ്രകൃതിയിലേക്ക് മടങ്ങൽ (ഫുക്കവോക്ക), ജീവലോകത്തിലെ വിസ്മയങ്ങള്‍ (ഡോ.എ.എൻ നമ്പൂതിരി ). പക്ഷികളെകുറിച്ച് അറിയുന്നതിനുള്ള ഒരുകൃതിയാണ് ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’.
( കവിയും റിട്ട.അധ്യാപകനുമാണ് ലേഖകന്‍ )