ചിറാപുഞ്ചിയിൽ ഒരു മഴക്കാലത്ത്

ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമാണ് ചിറാപുഞ്ചി. കുമ്മായക്കല്ല് ഖനനം കൂടിയതോടെ മേൽ മണ്ണ് ഒഴുകിപ്പോയി. മഴവെള്ളം ഭൂമിയിലേക്ക് താഴാതായതോടെ ചിറാപുഞ്ചിയിൽ ജലക്ഷാമം കൂടി. രണ്ടു തവണ ചിറാപുഞ്ചി സന്ദർശിച്ച് ഗവേഷണം നടത്തിയതിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൻ്റെ  ഡയരക്ടറായ ഡോ. മനോജ്‌  പി. സാമുവൽ   

മേഘാലയ, 2006 ലെ മഴക്കാലം. ഗുവാഹത്തിയിൽ ട്രെയിനിലോ വിമാനത്തിലോ എത്തി രണ്ട് രണ്ടര മണിക്കൂർ റോഡ് മാർഗം സഞ്ചരിച്ചു വേണം ഷില്ലോങ്ങിൽ എത്താൻ. അക്കാലത്ത് വിമാനയാത്ര അപ്രാപ്യമായിരുന്നു. കുറച്ചു മാത്രം ഫ്ലൈറ്റ്റുകളും ഏറിയ നിരക്കും. അങ്ങനെ കേരളത്തിൽ നിന്ന് മൂന്നു ദിവസത്തെ തീവണ്ടി യാത്ര കഴിഞ്ഞാണ് ഗുവാഹത്തിയിൽ എത്തിയത്. മൂന്നു ദിവസം ട്രെയിനിൽ കഴിച്ചു കൂട്ടിയെങ്കിലും വിരസമായിരുന്നില്ല യാത്ര. അസം റൈഫൈൾസിൽ ജോലി ചെയ്യുന്ന മലയാളി പട്ടാളക്കാരായിരുന്നു കൂടുതൽ. മൂന്നു ദിവസത്തേക്കുള്ള ഭക്ഷണം എന്ത് ഏതു നേരം കഴിക്കണം എന്ന കുറിപ്പ് സഹിതം പൊതിഞ്ഞു ട്രങ്ക് പെട്ടിയിലാക്കി കൊണ്ട് വന്നിട്ടുണ്ട് മിക്കവരും.

ആസാം അതിർത്തി കഴിഞ്ഞ് മേഘാലയയിലേക്ക് പ്രവേശിച്ചതോടുകൂടി കാലാവസ്ഥയിലെ മാറ്റം പ്രകടമായി തുടങ്ങി. തിക്കി നിറച്ച ടാറ്റാ സുമോ ഉയരങ്ങളിലേക്ക് കിതച്ചു കയറുന്തോറും മഞ്ഞും മേഘങ്ങളും തൊടാൻ വരുന്നതായി തോന്നി. എപ്പോഴും മേഘങ്ങളാൽ മൂടി നിൽക്കുന്ന പ്രദേശം ആയതിനാലാണത്രെ ഇവിടം മേഘാലയ എന്നറിയപ്പെടുന്നത്. കാടും ഇടക്ക് ജനവാസ മേഖലകളും കാണാം. പ്രത്യേക രീതിയിൽ വസ്ത്രദ്ധാരണം ചെയ്ത സ്ത്രീ പുരുഷന്മാരെ കാണാൻ കൗതുകം. മേഘാലയയിലെ തദേശീയ വംശജരിൽ പ്രമുഖരാണ് ഖാസികൾ. തനത് ഭാഷയും വസ്ത്രധാരണ -ജീവിത രീതികളും പിന്തുടരുന്നവർ. സ്ത്രീകളാണ് കുടുംബത്തിന്റെ തലവൻ, അല്ല തലൈവി. ആണുങ്ങൾ സമ്പാദിക്കുന്ന കാശ് അവരെ ഏൽപ്പിക്കണം. മദ്യപിക്കാൻ പോലും ഭാര്യയോട് കാശു ചോദിക്കണം. ഖാസി ഭാഷയും പ്രത്യേകത ഉള്ളതാണ്. അക്ഷരമാല ഇല്ല, ആംഗലേയ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്.

ഓഫീസിലെ ആദ്യ ദിവസം. രാവിലെ തന്നെ മഴ തുടങ്ങി. സ്ഥാപനത്തിന്റെ ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ വെയിലേറ്റ് കറുത്ത ഒരു ചെറിയ മനുഷ്യൻ എതിരെ വന്നു കൈ പിടിച്ചു. സ്ഫുടമായ എന്നാൽ വേറിട്ട താളത്തോട് കൂടിയ ഇംഗ്ലീഷിൽ പറഞ്ഞു, ഞാൻ വിക്റ്റർ ഡ്ഖർ, താങ്കളുടെ സഹപ്രവർത്തകനാണ്, വീട് ചിറാപുഞ്ചിയിലാണ്, കേട്ടിട്ടില്ലേ ലോകത്തേറ്റ വും മഴ കിട്ടുന്ന സ്ഥലം. ഇവിടുന്നു ഒരു ഇരുപതു മൈൽ വരും. പെട്ടന്നൊരു മഴ ആർത്തലച്ചു വന്നു. ആലിപ്പഴം പോലെ വലിയ മഴത്തുള്ളികൾ. ആകെ നനഞ്ഞു, നല്ല കുളിരും. വിക്ടർ ഡ്ഖർ ചിരിക്കുകയാണ്

പുതിയ സ്ഥലത്ത് വന്നു മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ചിറാപുഞ്ചിയിലേക്ക് പോകാനായത്. വിക്ടർ ഡ്ഖർ ഒപ്പമുണ്ട്. നല്ല മനുഷ്യനാണെന്നു മനസ്സിലായി. എല്ലാ ട്രൈബൽ ജനതതിയെയും പോലെ മനസ്സിൽ ഒന്നും ഒളിപ്പിക്കാൻ കഴിയാത്ത മനുഷ്യൻ. അദ്ദേഹം വാചാലനായി… വനം നീക്കിയുള്ള ഷിഫ്റ്റിംഗ് കൃഷി രീതിയും മലയോരങ്ങളിലെ ചെരുവിനു അനുകൂലമായി വരമ്പുകളും തട്ടുകളും പുൽ തിരണകളും ഒന്നുമില്ലാതെയുള്ള കൃഷികളും ഒക്കെ  മണ്ണൊലിപ്പിനും കിണിഞ്ഞിറങ്ങൽ ഏതുമില്ലാത്ത ഉപരിതല ജലപ്രവാഹത്തിനും

കാരണമായിരിക്കുന്നു. റോഡിന്റെ ഇരു വശത്തും മേൽമണ്ണ് ഒലിച്ചു പോയ മൊട്ടക്കുന്നുകൾ. പണ്ട് നിബിഢ വനമായിരുന്നുവെന്നു തോന്നുന്നു. മരം മുറിച്ചു ഒന്നോ രണ്ടോ ആവൃത്തി കൃഷി ചെയ്ത് ഉപേക്ഷിച്ചു പോയതാവും. ശരിയാണ്, ഇവിടെയൊക്കെ
പൈൻ മര കാടുകളായിരുന്നു, എപ്പോഴും പെയ്യുന്ന മഴയിൽ കുതിർന്ന പൈൻ ഇലകളും കായ്കളും മെത്ത പോലെ നിറഞ്ഞ വഴികളിലൂടെ ചെരിപ്പ് പോലും ഇടാതെയാണ് ഞങ്ങളൊക്കെ സ്കൂളിൽ പോയിരുന്നത് – വിക്ടർ പറഞ്ഞു.

പാതി വഴിയായി. മഴ ചിന്നം പിന്നമായി പെയ്തിരുന്നത് കടുക്കാൻ തുടങ്ങി. ചരൽ വാരിയെറിയും പോലെ വലിയൊരു മഴ. ലോകത്തേറ്റവും അധികം മഴ കിട്ടുന്ന നാട്ടിലേക്കിപ്പോൾ അധികം ദൂരമില്ല. മേഘം മൂടിയ ഭംഗിയാർന്ന കുന്നുകൾ ഇരുവശത്തും. മുൻപിൽ ഒരു മരം കൊണ്ടുണ്ടാക്കിയ ബോർഡ്‌. ഇവിടുത്തെ ഒട്ടു മിക്ക വസ്തുക്കളും വീടും വാഹനത്തിന്റെ പുറം ചട്ടയും ഗേറ്റും വേലിയും വരെ എല്ലാം പൈൻ മരത്താലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപിൽ കണ്ട ബോർഡിൽ വായിച്ചു “സോഹ്‌റയിലേക്ക് സ്വാഗതം”. ചിറാപുഞ്ചി ഉൾപ്പെടുന്ന പ്രദേശത്തിന് പൊതുവായുള്ള പേരാണ് സോഹ്‌റ. ഒരു ചെറിയ കവലയിലാണ് ഇപ്പോൾ. മഴ ശക്തമായി തന്നെ പെയ്യുന്നുണ്ട്. കുറെ സ്ത്രീകൾ തലയിൽ പൈൻ മരകമ്പിൽ രണ്ടറ്റത്തും കെട്ടിയ പാട്ടകളും

ചുമലിലേന്തി വരുന്നു. വിക്ടർ പറഞ്ഞു- കുടിവെള്ളം തേടി മൂന്ന് മൈൽ അകലെയുള്ള ചിറാപുഞ്ചിയിൽ നിന്നും വരികയാണ്. ഇപ്പോൾ വെള്ളം അടുത്തുള്ള ചോലയിൽ നിന്നും ശേഖരിച്ചു തിരിച്ചു പോകുകയാണ്. ഇരു വശത്തും ഭാരമേറിയ വെള്ളം നിറച്ച തകര പാട്ടകൾ ആടികളിക്കുന്നു, ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടവർ. ഭാരം താങ്ങി ചിലരുടെ മുതുകു തന്നെ വളഞ്ഞു പോയിരിക്കുന്നു.


പന്ത്രണ്ടായിരം മില്ലിമീറ്റർ ആണ് ഇവിടുത്തെ വാർഷിക വർഷ പാതം. കേരളത്തിന്റെ നാലിരട്ടി.  മഴവെള്ളം മുഴുവനും അവിടെത്തന്നെ കെട്ടിനിന്നാൽ പ്രദേശത്തെ 12 മീറ്റർ ഉയരത്തിൽ മൂടാനുള്ള വെള്ളം. ഒരു സെന്റ് സ്ഥലത്തു ഏകദേശം അഞ്ച് ലക്ഷം ലിറ്റർ ജലം ഒരു വർഷം ആകാശത്തു നിന്ന് നേരിട്ട് ! പക്ഷേ എങ്ങും കുടിവെള്ള ക്ഷാമം, വരൾച്ച !! അതാ അങ്ങ് ദൂരെ ഒരു മുക്കവല -ചിറാപുഞ്ചി, മഴയുടെ നാട്, വരൾച്ചയുടെയും! വൈരുധ്യങ്ങളുടെ ഊര്. ചിറാപുഞ്ചിയുടെ മണ്ണിൽ മഴത്തുള്ളികൾ കണ്ണുനീർ തുള്ളികളായി ചിതറി തെറിച്ചു കൊണ്ടിരുന്നു..വിക്ടർ ആലോചനയിലാണ്.

വണ്ടിയിറങ്ങി നടക്കാൻ തുടങ്ങി. വിക്ടർ മുന്നിൽ നിന്നും തിരിഞ്ഞ് നോക്കി ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണത്. ഇപ്പോൾ കാഴ്ച്ച വ്യക്തമായി തുടങ്ങി. മനോഹരമായ ദൃശ്യം. ഏഴു വെള്ളച്ചാലുകൾ ഏറെ ഉയരത്തിൽ നിന്നും പാറകളിൽ കൂടി ഒഴുകി താഴേക്ക്. ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്നവയാണവയെന്നു വിക്ടർ.
ചുറ്റും നോക്കി, എങ്ങും കുന്നുകളാണ്. കുന്നുകൾ മുഴുവനും നിറയെ പൊത്തുകളും ദ്വാരങ്ങളും. കേട്ടുപിണഞ്ഞു കിടക്കുന്ന ഗുഹകളാണോ

എന്നു സംശയിച്ചു. പെട്ടന്നതാ കുന്നിലെ ഒരു പൊത്തിൽ നിന്നും ഒരു തല പുറത്തേക്കു വരുന്നു. ഒരു പയ്യനാണ്, ട്രൗസർ മാത്രമേ ധരിച്ചിട്ടുള്ളു. എന്തൊക്കെയോ ഉള്ളിൽ നിന്നും പുറത്തേക്ക് വാരി വലിച്ചിടുന്നുണ്ട്. വിക്ടർ പറഞ്ഞു, മലകൾക്കുള്ളിൽ നിന്നും കൽക്കരിയും ചുണ്ണാമ്പ് കല്ലുകളും മാന്തി എടുക്കുകയാണവൻ. ചെറിയ മാളങ്ങൾ ഉണ്ടാക്കി ഉള്ളിലേക്ക് പോകാൻ കുട്ടികളാണ് നല്ലത് എന്നതിനാൽ അവരാണ് പ്രധാന വർക്ക്‌ ഫോഴ്സ്. മുതിർന്നവർ പുറത്തുണ്ട്. ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്ന കൽക്കരിയും കല്ലുമൊക്കെ ശേഖരിച്ചു തരം തിരിക്കുന്നു. ചിറാപുഞ്ചി മേഖലയിലെമ്പാടും ഇത്തരം കെട്ടു പിണഞ്ഞു കിടക്കുന്ന ഗുഹകളും തുരംഗങ്ങളുമാണ്, മിക്കവാറും മനുഷ്യ നിർമിതം.
വിക്ടർ ഡ്ഖർ മുന്നോട്ട് നടക്കുകയാണ്. കുടയിൽ കയറാൻ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ല. ഗതകാല സ്മരണകളുടെ മഴ ആവോളം നനയട്ടെ.

ചിറാപുഞ്ചി പാർക്കിലാണിപ്പോൾ. ഒറ്റക്കും കൂട്ടായ്യും സഞ്ചാരികളെയും കാണാം. ബംഗാളികളാണ് അധികവും. ബംഗ്ലാദേശ് രൂപീകൃതമായ സമയത്ത് അതിർത്തി കടന്നു വന്ന ഹിന്ദു സമുദായത്തിൽപ്പെട്ട ബംഗാളികൾ ഷില്ലോങ്ങിൽ ഏറെയുണ്ട്. അവരുടെ ബന്ധുക്കൾ ബംഗാളിൽ നിന്നും ആസ്സമിൽ നിന്നും ഒക്കെ വരാറുണ്ട്. ആസ്സമിന്റെ വേനൽകാല തലസ്ഥാനമായിരുന്ന ഷില്ലോങ്ങിനോട് അവർക്കും പെരുത്തിഷ്ടം. വിക്ടർ പാർക്കിന്റെ അറ്റത്തേക്ക് വിളിച്ചു താഴേക്ക് ചൂണ്ടി പറഞ്ഞു. അതാ താഴെക്ക് നോക്കു, അതാണ് ബംഗ്ലാദേശ്. അനേകായിരം അടി താഴെ പച്ച പാടങ്ങളുടെ സമൃദ്ധി.

ചിറാപുഞ്ചിയിൽ വീഴുന്ന മഴവെള്ളം മുഴുവനും ചുരുങ്ങിയ സമയത്തിൽ ഒഴുകി അങ്ങ് താഴെ ബംഗ്ലാദേശിലേക്ക്. തുരംഗങ്ങളുടെ ശൃഖല നീരോഴുക്കു വേഗത്തിലാക്കുന്നു.  മഴവെള്ളം മുഴുവൻ മണ്ണിനേയും എല്ലാ ജൈവ വസ്തുക്കളെയും ആവാഹിച്ചു കുത്തിയൊലിച്ചു താഴേക്ക് പതിക്കുന്നു. ഫലമോ ഇവിടെ കഠിന വരൾച്ചയും അവിടെ തീവ്ര പ്രളയവും. ഇവിടെ പെയ്യുന്ന വെള്ളം ഇവിടെത്തന്നെ ശേഖരിക്കാനോ സംരക്ഷിക്കാനോ ഉള്ള ഒരു പ്രവർത്തനമോ നിർമിതികളോ ഇല്ല. കുളം, അണ, വരമ്പ്, ബണ്ട്…. ഒന്നും കേട്ടുകേൾവിയില്ലാത്തത്.

ഇവിടെ വന്നു മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു.വിക്ടർ ഡ്ഖർ മഴയെ കുറിച്ച് പറയാതെയായി. ജലക്ഷാമം കാരണം വീട്ടുകാർ ചിറാപുഞ്ചിയിലെ വീട് വിറ്റുവത്രേ. ആരും വാങ്ങാനില്ലാത്തതു കൊണ്ട് ചെറിയ വിലക്ക് കൊടുക്കേണ്ടി വന്നു എന്ന സങ്കടം.
വിക്ടർ ഡ്ഖർ മഴയെ കുറിച്ച് തീരെ പറയാതെയായി.
പുതിയ ഒരു കുടയും വാങ്ങിയതായി കണ്ടു.
2019 ലെ മഴക്കാലം. വീണ്ടും ചിറാപുഞ്ചിയിലേക്ക്. ഈ നാട്ടിൽ നിന്നും പോയിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു..
പോകുന്നതിനു മുമ്പ് ചിറാപുഞ്ചിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ജില്ലാ സംസ്ഥാന ഭരണകൂടങ്ങളുടെയും ജോലി ചെയ്തു വന്നിരുന്ന ഗവേഷണ സ്ഥാപനത്തിന്റെയും വിവിധ പദ്ധതികളിൽ പങ്കാളിയായിരുന്നു.

ചിറാപുഞ്ചി കാണാൻ എന്ന് പറഞ്ഞപ്പോൾ വിക്ടർ ഡ്ഖർ വീണ്ടും ആവേശഭരിതനായി. ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും വരും ഓഫീസിൽ. മഴയെ കുറിച്ച് വിക്ടർ വീണ്ടും വാചാലനായി യാത്രയിൽ അങ്ങോളം. ഏറ്റവും അധികം മഴ കിട്ടുന്ന പ്രദേശം എന്ന ബഹുമതി ഇപ്പോൾ ചിറാപുഞ്ചിക്കു നഷ്ടപ്പെട്ടിരിക്കുന്നു, അടുതുതന്നെയുള്ള മോസിൻറാം എന്ന സോഹ്‌റ പ്രവിശ്യയിൽ തന്നെയുള്ള പ്രദേശമാണ് പുതിയ അവകാശി.


ചിറാപുഞ്ചി എത്തി കഴിഞ്ഞു. എങ്ങും കൂടുതൽ പച്ചപ്പ്. മഴ നിറഞ്ഞു തിമർത്തു പെയ്യുന്നുണ്ട്. വെള്ളത്തിനായി പോകുന്ന അമ്മമാരെ ഒന്നും കാണാനില്ല.വഴിയോരത്തെ മലഞ്ചരിവുകളിൽ ഒന്നു രണ്ട് വമ്പൻ കൃത്രിമ മഴവെള്ള സംഭരണികൾ കണ്ടു. ഒരു മലയാകെ മരങ്ങൾ നാട്ടുപിടിപ്പിച്ചിരിക്കുന്നു, ഇടക്ക് മഴ കുഴികളും കാണാം. പണ്ടത്തെ മൊട്ട കുന്നാണ്, സാവധാനം പുതിയ ജൈവ വൈവിധ്യങ്ങളുമായി തിരിച്ചുവരുന്നു. ചില വീടുകളിൽ ചെറിയ മഴ വെള്ള സംഭരണികൾ കാണാം, പ്ലാസ്റ്റിക് -തകര ടാങ്കുകളാണ് അധികവും.
വിക്ടർ പറഞ്ഞു, പൂർണമായും സ്വയം പര്യാപ്തതയിലേക്ക് എത്തിയില്ലെങ്കിലും ഇപ്പൊ ഞങ്ങൾക്ക് വെള്ളം കിട്ടാകനിയല്ല. ഞാൻ വീണ്ടും ഇവിടെ കുറച്ചു ഭൂമി വാങ്ങി. അകലെ മലയിലെ മാളത്തിൽ നിന്നും ഒരു പയ്യന്റെ തലയും ഉടലും വീണ്ടും കാണറായി. പെട്ടന്നു വന്ന കാറ്റ് കുട തട്ടി പറിച്ചു കൊണ്ട് പോയി. ചിറാപുഞ്ചി യിലെ മഴ മെയ്യും വിക്ടോറിന്റെ വാക്കുകൾ മനവും തണുപ്പിച്ചു. തിരിച്ചുള്ള യാത്രയില്ലെമ്പാടും വിക്ടർ ഡ്ഖർ വീണ്ടും മഴയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു.

2 thoughts on “ചിറാപുഞ്ചിയിൽ ഒരു മഴക്കാലത്ത്

  1. വിവരണം ഗംഭീരമായിരിക്കുന്നു. ഒരു പ്രാവശ്യം kahikuchi സെന്റർ visit ചെയ്തപ്പോൾ chirapunchi ൽ പോകാനുള്ള ഭാഗ്യം ഉണ്ടായി. ഇപ്പോൾ ഒരിക്കൽ കൂടി പോയ ത് പോലെ തോന്നി.
    Congrats, all the best Dr. Manoj sir.

Leave a Reply

Your email address will not be published. Required fields are marked *