പി. കെ. സ്റ്റീൽസിൻ്റ ഭീമൻ ഓക്സിജൻ ടാങ്ക് മെഡിക്കൽ കോളേജിന്
കോഴിക്കോട് നഗരത്തിലുള്ള പി.കെ.സ്റ്റീൽസ് എന്ന സ്ഥാപനത്തിലെ ഭീമൻ ഓക്സിജൻ ടാങ്ക് കോഴിക്കോട് മെഡിക്കൽ കോളേജിന്.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിന് ഇതൊരു കോഴിക്കോടൻ മാതൃകയായി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതുതായി സജ്ജീകരിച്ച പി. എം. എസ്. എസ്. വൈ. ബ്ലോക്കിൽ ഓരോ കിലോ ലിറ്ററിന്റെ രണ്ടു സംഭരണ ടാങ്കുകളാണുള്ളത്.
കോവിഡ് കേസുകളുടെ വർദ്ധനവ് മൂലം പി എം എസ് എസ് വൈ ബ്ലോക്കിൽ ഓക്സിജൻ ലഭ്യത തികയാതെ വന്നാലോ എന്ന വിലയിരുത്തലുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിൽ പി.കെ സ്റ്റീൽസ്സുമായി ബന്ധപ്പെട്ട് അവരുടെ 13000 ലിറ്റർ ഓക്സിജൻ സംഭരണ ടാങ്ക് താത്കാലികമായി ഏറ്റെടുക്കുകയായിരുന്നു വെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എസ്.സാംബശിവറാവു അറിയിച്ചു. ഉടൻ തന്നെ ഓക്സിജൻ സംഭരണ ടാങ്ക് ജില്ലാ ഭരണകൂടത്തിന് തല്‍ക്കാലം സംഭാവനയായി
കൈമാറാൻ പി.കെ സ്റ്റീൽസ് സന്നദ്ധമായി. ഓക്സിജൻ സംഭരണ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായത്തിനായി ഉരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാനുമായി ബന്ധപ്പെട്ടു. പ്രതിഫലമില്ലാതെ സംഭരണ ടാങ്ക് മാറ്റിസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു.പി.കെ സ്റ്റീൽ കോംപ്ലക്സ്കിൽ നിന്ന് ഇരുപത് കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് സംഭരണ ടാങ്ക് കൃത്യതയോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഹെവി മെഷീനറിയുടെ സഹായത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക തൊഴിലാളികൾ ചുരുങ്ങിയ സമയം കൊണ്ട് മാറ്റിസ്ഥാപിക്കാൻ സഹായിച്ചു.
ഇനോക്സ് എയർ പ്രോഡക്റ്റിൽ നിന്ന് ലഭിച്ച ഡ്രോയിങ്ങ് ഉപയോഗിച്ചു ടാങ്ക് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുന്ന പ്രവർത്തികൾ പൂർത്തിയായി.
ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാൻ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നത്. ജില്ലയിൽ ഓക്സിജൻ ലഭ്യതയിലും വിതരണത്തിലും
ഉണ്ടായേക്കാവുന്ന തടസങ്ങൾ എത്രയും വേഗം പരിഹരിക്കാനും, മേൽനോട്ടത്തിനുമായി ഓക്സിജൻ വാർ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. എല്ലാ ആശുപത്രികളിലും ഇതിനായി ഒരു നോഡൽ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തരണം ചെയ്യാൻ പൊതുജനങ്ങളുടെയും സ്വകാര്യ സംരംഭകരുടെയും സഹകരണ സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ട്.