ചീരയില്‍ അസ്സീറിയ ഇനത്തിൽപ്പെട്ട മണ്ഡരിയെ കണ്ടെത്തി.

JORDAYS DESK

ഡോ.കെ.എം. ശ്രീകുമാർ

ചുവന്ന ചീരയെ ബാധിക്കുന്ന അസ്സീറിയ ഇനത്തിൽപ്പെട്ട മണ്ഡരിയെ കേരള കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിലെ പ്രൊഫസ്സറും കീടവിജ്ഞാനവകുപ്പ് മേധാവിയുമായ ഡോ.കെ.എം. ശ്രീകുമാർ കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന്‌
പ്രസിദ്ധീകരിക്കുന്ന എന്റോമോൺ (ENTOMON) എന്ന ജേർണലിൽ ആണ് ഇതു പ്രസിദ്ധീകരിച്ചത്. കാർഷിക മണ്ഡരിശാസ്ത്രത്തിന്റെ (Agricultural Acarology ) അഖിലേന്ത്യാ നെറ്റ്‌വർക്ക് പ്രൊജക്റ്റ് ഡയറക്ടർ ഡോ. ശ്രീനിവാസ് നാഗപ്പയും ശിവമൂർത്തിയുമാണ് പ്രബന്ധത്തിന്റെ മറ്റു

രചയിതാക്കൾ. ഇതാദ്യമായാണ് രാജ്യത്ത് ചുവന്ന ചീരയിൽ തെങ്ങിന്റെ മണ്ഡരിക്കു സമാനമായ മണ്ഡരിയെ കണ്ടെത്തുന്നത്.
കാർഷിക കോളേജിനടുത്ത തൈക്കടപ്പുറം ഭാഗത്തു വളരെ വ്യാപകമായി ചീരകൃഷി ചെയ്യുന്നുണ്ട്. ഒക്ടോബറിൽ ആരംഭിക്കുന്ന കൃഷി ജൂൺ മാസംവരെ തുടരും. നല്ല ചുവന്ന ഇനമായതിനാൽ നല്ല വിപണിയുള്ളതാണ് ഈ ചീര. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫെബ്രുവരി മാസത്തോടുകൂടി ചീരക്ക് വൈകൃതം തുടങ്ങി ഏപ്രിലോടുകൂടി വളരെ രൂക്ഷവും വ്യാപകവുമാവുന്നതായി

കൃഷിക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. വളർച്ചാ മുരടിപ്പ്, പെട്ടെന്ന് നാരു കെട്ടുന്നതിനാൽ പൊട്ടിച്ചെടുക്കാൻ വിഷമം എന്നിവയും അനുഭവപ്പെടുന്നുണ്ടായിരുന്നു. വരുമാനം പകുതിയോളമായി ചുരുങ്ങി. വിശദമായ പരിശോധനയിലാണ് മണ്ഡരിയാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. ഒരു തണ്ടിൽനിന്നും എട്ടുമുതൽ ഇരുപതു മണ്ഡരികളെവരെ കണ്ടെത്തി. പ്രാഥമിക പഠനത്തിൽ മണ്ഡരിനാശിനികൾ തളിച്ചപ്പോൾ ലക്ഷണങ്ങൾ മുഴുവൻ മാറുന്നതായി കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ  

ചീരയുടെ ഇലയിലും തണ്ടിലും വളർച്ചയുണ്ടാക്കുന്ന (ഗാൾ ) മണ്ഡരികളെറിപ്പോർട്ടു ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടെ കണ്ടെത്തിയ മണ്ഡരി കോശവളർച്ചയൊന്നും ഉണ്ടാക്കുന്നതായി കണ്ടിട്ടില്ല. ഇലക്കവിളുകളിൽ ഇരുന്നു നീരൂറ്റിക്കുടിക്കുകയാണിവ ചെയ്യുന്നത്. ഈ മണ്ഡരി ഏതു സ്പീഷിസ് എന്ന് മനസ്സിലാക്കാൻ ഡി എൻ എ ഡാറ്റ അപഗ്രഥനം ബാംഗ്ലൂരിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. ഇതിന്റെ മറ്റു കാര്യങ്ങളും നിയന്ത്രണവും സംബന്ധിച്ച പഠനങ്ങൾ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പടന്നക്കാട് കാർഷിക കോളേജിൽ പുരോഗമിക്കുന്നു. ചീരക്കൃഷിയിൽ വളർച്ചാവൈകൃതവും മുരടിപ്പും കാണുകയാണെങ്കിൽ 9447691821 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *