ഈ വീട്ടിൽ നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസറായി രഞ്ജിത്ത്

നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും ഒരുപാട് ഉണ്ടാകാം. അതിനെയെല്ലാം നാം മറികടക്കണം. ഉയരങ്ങളിലെത്താൻ സ്വപ്നം കാണണം – കഠിന പ്രയത്നമുണ്ടായാൽ നമുക്ക് മുന്നേറാൻ കഴിയും – പറയുന്നത് രഞ്ജിത്ത് ആർ. കാഞ്ഞങ്ങാടിനടുത്ത പാണത്തൂർ എന്ന മലയോര ഗ്രാമത്തിൽ നിന്ന് റാഞ്ചി ഐ.ഐ.എമ്മിൽ അസി. പ്രൊ ഫസറായി നിയമനം കിട്ടിയ രഞ്ജിത്തിനൊപ്പം ഒരു നാടാകെ ആഹ്ലാദത്തിലാണിപ്പോൾ. പാണത്തൂരിൽ കേളപ്പൻകയത്തിലെ ഒരു കൂരയിൽ നിന്ന് കഷ്ടപ്പാടിൻ്റെ ലോകം മറികടന്ന് ഉയരങ്ങളിലെത്തിയ രഞ്ജിത്ത് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടിയ ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അസി.പ്രൊഫസറാണ്. റാഞ്ചിയിൽ നിയമനം ലഭിച്ചപ്പോൾ രഞ്ജിത്ത്  ഫെയിസ് ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. ആ കുറിപ്പ് ഇതാ:
ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു… ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി….. കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം….ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു… എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്…. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു…. അത് ചെയ്യണം ഇത് ചെയ്യണം എന്ന്  അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല…. ഒഴുക്കിപ്പെട്ട അവസ്ഥയായിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു…. St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു

ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വലിയ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു…. ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുമ്പ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ

യാത്രകളുടെ തുടക്കം…. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി. ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടിപ്പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക….. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം

വിജയത്തിലേക്കുള്ള വഴി
 
രഞ്ജിത്ത് പ്ലസ് ടു വും ഡിഗ്രിയും ഇക്കണോമിക്സായിരുന്നു. കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ പി.ജി. കഴിഞ്ഞ് ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. അയ്മനം സ്വദേശിയായ ഡോ.സുഭാഷിൻ്റെ കീഴിൽ ഇന്ത്യയിലെ വിദേശ നിക്ഷേപത്തെക്കുറിച്ചായിരുന്നു ഗവേഷണം. പിന്നീട്  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറായി നിയമനം കിട്ടി. ഇവിടെ നാലു മാസം ജോലി ചെയ്തുതു. പിന്നീടാണ് റാഞ്ചിയിൽ നിയമനം. സ്ക്കൂൾ പഠനകാലത്ത് താൻ ശരാശരി വിദ്യാർത്ഥിയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. ക്ലാസിൽ അഞ്ചും ആറും സ്ഥാനത്തായിരുന്നു. ഡിഗ്രി പഠന കാലത്ത് ഒന്നും രണ്ടും സ്ഥാനത്തായിരുന്നു. എല്ലായിടത്തും അധ്യാപകർ നല്ല പ്രോത്സാഹനം തന്നു. പഠിച്ച് ഒരു ജോലി നേടണമെന്ന വാശിയായി. അച്ഛൻ രാമചന്ദ്രൻ പാണത്തൂരിൽ ഒരു ടെക്സ്റ്റൈയിൽസിൽ ടൈലറാണ്.അമ്മ ബേബി തൊഴിലുറപ്പ് ജോലിക്ക് പോകും. രണ്ട് സഹോദരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *