ഭൗമശാസ്ത്രത്തിന് മുതൽക്കൂട്ടായി എ.സി.ദിനേഷിൻ്റെ സോഫ്റ്റ് വേറുകൾ

സജേഷ് പി.വി

ഭൗമശാസ്ത്രജ്ഞൻ കമ്പ്യൂട്ടർ പഠനത്തിൽ ആകൃഷ്ടനായപ്പോൾ പിറന്നത് ഈ ശാസ്ത്ര ശാഖയ്ക്ക് മുതൽക്കൂട്ടായ 13 സോഫ്റ്റ് വേറുകൾ. അത് ഇന്ന് ഇന്ത്യയിലെയും വിദേശത്തെയും ഭൗമ ശാസ്ത്രലോകമാകെ ഉപയോഗിക്കുന്നു. പൊന്നാനി സ്വദേശിയായ എ.സി.ദിനേഷാണ് ഈ പ്രതിഭ. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മംഗലാപുരം ഡിവിഷൻ്റെ ഡയരക്ടർ സ്ഥാനത്തു നിന്ന് ഏപ്രിൽ 9ന് വിരമിക്കുന്ന ദിനേഷ് ഈ രംഗത്ത് കൂടുതൽ സംഭാവന ചെയ്യാനുള്ള ദൗത്യത്തിലാണ്. കമ്പ്യൂട്ടർ ഓഫീസ് ജോലികളിലേക്ക് കടന്നു വന്ന 1990 കളിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയിലെ ജിയോളജിസ്റ്റായ ദിനേഷിന്

കമ്പ്യൂട്ടർ പഠിക്കണമെന്ന മോഹമുദിച്ചത്. ദിനേഷും സുഹൃത്തുക്കളും സായാഹ്ന ക്ലാസ്സുകളിൽ കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങി. കമ്പ്യൂട്ടർ കോഴ്‌സായ C+ പഠിച്ചെടുക്കണമെന്ന ആഗ്രഹം തലയ്ക്ക് പിടിക്കുകയും ചെയ്തു. വിഷ്വൽ ബേസിക് കോഴ്‌സ് സമാന്തരമായി പഠിച്ചെടുത്ത ദിനേശ്  പഠനം പ്രായോഗിക തലത്തിൽ ഉപയോഗിക്കണമെന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് ഒരു ന്യൂസ് ചാനലിലെ വാർത്തയിൽ ആകൃഷ്ടനായത്. ”ഒരു വ്യക്തി താൻ തയ്യാറാക്കിയ ഡാറ്റ ഉപയോഗിച്ച് ഏത് വർഷത്തെയും കലണ്ടറിനെക്കുറിച്ചുള്ള ഏത് ചോദ്യങ്ങൾക്കും ഉത്തരം പറയുന്നു.” ഈ വാർത്ത കണ്ട ദിനേഷിന്റെ മനസിലുദിച്ച ആശയമാണ് കഴിഞ്ഞ കാലത്തിന്റെയും വരാനിരിക്കുന്ന വർഷങ്ങളുടെയുമൊക്കെ

ഗ്രിഗേറിയൻ കലണ്ടർ നിർമ്മിക്കുക എന്നത്. തന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിവുകൾ വെച്ച് അത്തരമൊരു കലണ്ടർ തയ്യാറാക്കി. ശാസ്ത്രലോകത്തു നിന്നുണ്ടായ പ്രോത്സാഹനം അദ്ദേഹത്തിന് കൂടുതൽ സോഫ്റ്റ് വേറുകൾ വികസിപ്പിക്കാനുള്ള പ്രേരണയായി. കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പരിജ്ഞാനം എങ്ങനെ ജിയോളജിയിൽ ഉപയോഗിക്കാമെന്നായി പിന്നീട് ചിന്ത. അത്തരമൊരു ചിന്തയുടെ ഭാഗമായി രൂപപ്പെടുത്തിയ സോഫ്റ്റ്‌വേറുകൾ ഇന്ന് ജിയോളജി മേഖലയിലെ ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും ഉപയോഗിച്ചു വരുന്നു. ജോലി സമയം കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കുകയും

ആ അറിവുകൾ ഉപയോഗിച്ച് തന്റെ ഡിപ്പാർട്ട്‌മെന്റിനും മറ്റ് ഡിപ്പാർട്ടുമെന്റുകൾക്കും വേണ്ടി നിർമ്മിച്ചെടുത്ത സോഫ്റ്റ് വേറുകളൊക്കെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും വിജയമാണ്. ആദ്യമായി വികസിപ്പിച്ചെടുത്ത  Bathy PDP എന്ന സോഫ്റ്റ്‌വേറിനെക്കുറിച്ചുള്ള  പ്രബന്ധം തഞ്ചാവൂരിൽ നടന്ന ദേശീയ സെമിനാറിൽ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാർഡ് കരസ്ഥമാക്കി. കടലിന്റെ അടിത്തട്ടിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമൊക്കെയെടുക്കുന്ന അവസാദങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ ഉപയോഗിക്കുന്ന                      

ജി- സ്റ്റാറ്റ് എന്ന സോഫ്റ്റ്‌വേർ ഇന്ത്യയുടെ വിവിധ സർവ്വകലാശാലകളിലും മറ്റ് ജിയോളജി ഡിപ്പാർട്ടുമെന്റുകളിലും ഉപയോഗിച്ച് വരുന്നു. ജിയോളജിയിലെ പ്രധാന പഠനശാഖയായ ‘സെഡിമെന്റോളജി’ യിൽ വിശദമായ പഠനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജി-സ്റ്റാറ്റ് ദിനേഷിന്റെ സംഭാവനകളിൽ പ്രധാനപ്പെട്ട ഒന്നാണ്.  bad Calculator എന്ന സോഫ്റ്റ്‌വേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർ ഉപയോഗിക്കുകയും സംശയ നിവാരണത്തിനായി ദിനേഷുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മറൈൻ 

വിഭാഗത്തിൽ മുപ്പത് വർഷത്തോളമായി നടത്തി വരുന്ന സർവ്വേകളുടെ പ്രധാന വിവരങ്ങളൊക്കെ ശേഖരിക്കുകയും അത് ഒരു സോഫ്റ്റ്‌വേർ രൂപത്തിലാക്കുകയും ചെയ്തത് പുതു തലമുറയ്ക്ക് ഏറെ ഉപകാരപ്രദമാണ്. മറൈൻ സർവ്വെയുടെ ഭാഗമായുള്ള ക്രൂയിസ് ആസൂത്രണം ചെയ്യുന്നതിനായി നിർമ്മിച്ചെടുത്ത ‘ക്രൂയിസ് പ്ലാനർ ‘ എന്ന സോഫ്റ്റ്‌വേറും ഏറെ ഉപയോഗത്തിലുള്ളതാണ്.
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കുറെ വർഷങ്ങളായി നടത്തി വരുന്ന ജിയോ കെമിക്കൽ മാപ്പിങ്ങ് എന്ന പ്രൊജക്ടിന് ആവശ്യമായ Gt Aide എന്ന സോഫ്റ്റ്‌വേറാണ് എ.സി. ദിനേഷിന്റെ മറ്റൊരു സംഭാവന. ഇന്ത്യയിലെ ഒട്ടുമിക്ക ജി.എസ്.എ ഓഫീസുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. സഹപ്രവർത്തകരായ സജേഷ് പി.വി, 

 നിഷ എൻ.വി എന്നിവരോടൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്ത Gt Aide എന്ന സോഫ്റ്റ്‌വേർ കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയിലെ പി.ജി, ഡിഗ്രി, ജിയോളജി സിലബസിൽ ഉൾപ്പെട്ടിരിക്കുന്നത് മറ്റൊരു അംഗീകാരമാണ്. Bathy PDP, G-Stat, LogEC, MDMAC, HMCounter ,TIDE corrector, FRIM, LibSoft തുടങ്ങി പല സോഫ്റ്റ്‌വേറുകളും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വകുപ്പുകൾക്കുമൊക്കെ സൗജന്യമായി ലഭ്യമാണ്.
സമുദ്ര പര്യവേക്ഷണത്തിൽ നൂതനമായ കാഴ്ചപ്പാടുകളുള്ള ദിനേഷ് ഇന്ത്യയിലെ അയേൺ- മാംഗനീസ് പര്യവേക്ഷണത്തിനും ലൈംമഡ് പര്യവേഷണത്തിനുമൊക്കെ നേതൃത്വം നൽകിയിട്ടുണ്ട്. കേരള തീരത്തെ ചാകര എന്ന പ്രതിഭാസത്തെക്കുറിച്ച് വിശദമായ പഠനം

നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മണൽ നിക്ഷേപം സമുദ്ര പര്യവേഷണത്തിലൂടെ കണ്ടെത്താനും നേതൃത്വം നൽകിയിട്ടുണ്ട്. നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ സ്വന്തമായുള്ള ദിനേഷ് സ്വന്തം താല്പര്യപ്രകാരം ഡിപ്പാർട്ട്‌മെന്റനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും പുസ്തക രൂപത്തിലാക്കുകയും ചെയ്തിട്ടുണ്ട്. സ്വതസിദ്ധമായ ഇടപെടലുകളിലൂടെയും ക്ലാസുകളിലൂടെയുമൊക്കെ വിവിധ യൂണിവേഴ്‌സിറ്റികളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമൊക്കെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് ഈ ശാസ്ത്രജ്ഞൻ. പൊന്നാനിക്കടുത്ത അതളൂർ സ്വദേശിയായ

ദിനേഷ് പൊന്നാനി എം.ഇ.എസ് കോളേജിലാണ് ബി.എസ്.സി ജിയോളജി പഠിച്ചത്. കുസാറ്റിൽ നിന്ന് എം.എസ്.സി മറൈൻ ജിയോളജി പഠനം കഴിഞ്ഞ് ഗുജറാത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റായി ചേർന്നു. കൊൽക്കത്തയിൽ ജോലി ചെയ്ത ശേഷമാണ് മംഗലാപുരം ഡിവിഷനിലെത്തിയത്. പുതിയ സോഫ്റ്റ് വേറുകൾ രൂപപ്പെടുത്തുക, ഇപ്പോഴുള്ളവ പരിചയപ്പെടുത്തുന്നതിനായി ക്ലാസുകൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി ഉദ്ദേശിക്കുന്നതെന്ന് എ.സി. ദിനേഷ് പറഞ്ഞു. ഭാര്യ രാഖി. മക്കൾ മേഘന (അധ്യാപിക, ഖത്തർ), മിഥുന (വിദ്യാർത്ഥിനി, മണിപ്പാൽ അക്കാദമി )

Leave a Reply

Your email address will not be published. Required fields are marked *