താമരശ്ശേരി-കോഴിക്കോട് വെറും അഞ്ചു മിനുട്ട് ; റോഡ്റോളറിൻ്റെ കഥ
ശശിധരൻ മങ്കത്തിൽ
താമരശ്ശേരി ചുരം ഇറങ്ങുമ്പോൾ റോഡ് റോളറിൻ്റെ ബ്രെയിക്ക് പോയി എന്ന് കുതിരവട്ടം പപ്പുവേട്ടൻ പറഞ്ഞത് ഗുണ്ടാണെന്ന് മനസ്സിലായി. കാര്യം പറയാം. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ വീട്ടിലെത്തിയപ്പോൾ ഇതാ കിടക്കുന്നു വീട്ടിനു മുന്നിലൊരു റോഡ് റോളർ. ഈ സാധനം കാണുമ്പോൾ ആർക്കും ഓർമ്മ വരിക ലാലേട്ടൻ്റെ വെള്ളാനകളുടെ നാട് എന്ന സിനിമയാണല്ലൊ. വീടിനു മുന്നിലൂടെയുള്ള റോഡ് ടാർ ചെയ്യാനായി കൊണ്ടുവന്നതാണിത്. പണി കഴിഞ്ഞിട്ടും ഈ ആനയെപ്പോലുള്ള വണ്ടി കുറേ ദിവസമായി വീടിനു മുന്നിൽ. അടുത്ത ദിവസം രാവിലെ റോഡ് റോളർ കൊണ്ടുപോകാനായി ഒരാൾ
വന്നിരിക്കുന്നു. നേരെ പോയി ആളെ പരിചയപ്പെട്ടു. കാസർകോട് ചെർക്കളയ്ക്കടുത്ത കെ.കെ.പുറത്തെ മീത്തലെ വീട്ടിൽ ബാലൻ. പത്ത് വർഷമായി ഇതിൽ ഡ്രൈവറാണ് ബാലേട്ടൻ. റേഡിയേറ്ററിൽ വെള്ളം നിറച്ച് വണ്ടി സ്റ്റാർട്ടാക്കാനുള്ള പുറപ്പാടിലാണ് ബാലേട്ടൻ. ഭാഗ്യം…ആ ചെറിയേ സ്ക്രൂ ഡ്രൈവറ് ഇങ്ങോട്ടെടുക്ക്.. എന്നൊന്നും പുള്ളി പറയുന്നില്ല. ഇതിൻ്റെ ബ്രെയിക്ക് എവിടെയെന്ന എൻ്റെ ചോദ്യം കേട്ട് ബാലേട്ടൻ ഞെട്ടി ! ബാലേട്ടൻ്റെ ഉത്തരം കേട്ട് ഞാനും ഞെട്ടി ! “ഇതിന് ബ്രെയിക്കൊന്നും ഇല്ലപ്പ. സ്പീഡ് മിനിമത്തിലാക്കിയാൽ വണ്ടി നിക്കും.”അകത്ത് കാണണമല്ലോ എന്നു പറഞ്ഞ് ബാലേട്ടൻ്റെ
പെർമിഷനോടെ വണ്ടിയുടെ സീറ്റിൽ ഞാൻ വലിഞ്ഞുകയറി. ആനപ്പുറത്തു കയറുന്നതു പോലെ തന്നെ. പക്ഷെ കുനിഞ്ഞു തരികയൊന്നുമില്ല.ചവിട്ടാൻ രണ്ട് ചെറിയ സ്ഥലമുണ്ട്. പിടിച്ചു കയറാൻ പിടിയൊന്നുമില്ല. കയറാൻ പ്രയാസം തന്നെ. സീറ്റിൽ കയറി ഇരുന്ന ഞാൻ വീണ്ടും ഞെട്ടി ! കാൽവെക്കുന്ന ബാഗത്ത് ബ്രെയിക്ക്, ക്ലച്ച്, ആക്സിലറേറ്റർ ഇതൊന്നുമില്ല. എല്ലാം കൈ കൊണ്ട് പ്രവർത്തിപ്പിക്കണം. താക്കോലിട്ട് സ്റ്റാർട്ടാക്കി ഗിയർ ഇടണം. നാല് ഗിയറുണ്ട്. സീറ്റിനോട് ചേർത്ത് വലിയ ഒരു പിടിയാണ് ക്ലച്ച്. ഡബിൾ ക്ലച്ചാണിത്. വലതുവശത്ത് സീറ്റിനോട് ചേർന്നാണ് ഗിയർ. സ്റ്റാർട്ടാക്കി ഫസ്റ്റ് ഗിയറിലിട്ട് ക്ലച്ച് ചെറുതായി
മുന്നോട്ടു തള്ളിയാൽ വണ്ടി നീങ്ങും. സമനിരപ്പായ റോഡാണെങ്കിൽ നാലാമത്തെ ഗിയറിലിട്ട് ഓടിച്ചു പോകാം. വണ്ടി നിർത്തിയാൽ ക്ലച്ച് നടുക്കോട്ട് വലിച്ചിടണം. പിറകോട്ടു വലിച്ചാൽ വണ്ടി റിവേഴ്സ് പോകും. ആക്സിലറേറ്ററാണെങ്കിൽ തിരിക്കുന്ന ഒരു മൂടി പോലെയാണ്. വലത്തോട്ട് തിരിച്ചാൽ വേഗത കൂടും ഇടത്തോട്ട് തിരിച്ചാൽ കുറയും. വണ്ടി നിർത്തണമെങ്കിൽ സ്പീഡ് ഒറ്റയടിക്ക് കുറക്കണം. ഫസ്റ്റ് ഗിയറിൽ വലിയ കയറ്റവും കയറും. ഇനി അഥവാ കയറാൻ ബുദ്ധിമുട്ടാണെങ്കിൽ ചെറിയ മറ്റൊരു ലോക്ക് ഗിയറുണ്ട്. അതിട്ടാൽ മതി. നല്ല ഇറക്കം ഇറങ്ങുമ്പോഴും ഫസ്റ്റ് ഗിയറിലിടണം മൈലേജിൻ്റെ കാര്യം കട്ടപ്പൊക ! ഒരു ലിറ്റർ ഡീസലടിച്ചാൽ രണ്ട് കിലോമീറ്റർ ഓടും. സ്പീഡിൻ്റെ കാര്യമൊന്നും പറയണ്ട. ഒരു മണിക്കൂർ കൊണ്ട് രണ്ട് കിലോമീറ്റർ ഓടും.
നല്ല റോഡാണെങ്കിൽ മൂന്ന് കിലോമീറ്റർ വരെ ഓടിയെത്തും. ഇതു കേട്ടപ്പോൾ പപ്പുവേട്ടൻ്റെ റോഡ് റോളർ താമരശ്ശേരി ചുരത്തിൽ നിന്ന് ഏറോപ്ലെയിൻ പോലെ പറന്ന് അഞ്ചു മിനുട്ടിനുള്ളിൽ കോഴിക്കോട്ടെത്തിയ ആ കഥ ഞാനോർത്തു. 50 ലിറ്റർ കൊള്ളുന്ന വലിയ ഡീസൽ ടാങ്കും എഞ്ചിനും വലിയ ഗിയർബോക്സും രണ്ട് യമണ്ടൻ വീലുമായാൽ റോഡ് റോളറായി. എട്ടു ടണ്ണാണ് ഭാരം. സംഗതി ഇതൊക്കെയാണെങ്കിലും ഓടിക്കാൻ ഹെവി ലൈസൻസ് വേണം. “റോഡ് ടാർ ചെയ്യുമ്പോൾ ചുറ്റും സഹായികൾ ഉള്ളതുകൊണ്ട് ഓടിക്കാൻ സുഖമാണ്. പക്ഷെ ടൗണിലൂടെ കൊണ്ടു പോകണമെങ്കിൽ നല്ല ശ്രദ്ധ വേണം. ആനയെ കൊണ്ടു പോകുന്നതു പോലെ തന്നെ “- ലാലേട്ടൻ്റെ വണ്ടിയുടെ ഡ്രൈവറായ ബാലേട്ടൻ പറയുന്നു. മുന്നിലൂടെ ഒരാൾ പെട്ടെന്ന് റോഡ് മുറിച്ചു കടന്നാൽ
ഇറക്കത്തിലും മറ്റും പ്രശ്നമാണ്. അതിനാൽ ടൗണിലൂടെ പോകുമ്പോൾ ഒരു സഹായിയെ വിളിച്ച് സീറ്റിന് പിന്നിലിരുത്തും. ചെറിയ ഇറക്കത്തിൽ ക്ലച്ച് തെറ്റി വീണാൽ സഹായി ഓടിയിറങ്ങി വീലിനു മുന്നിൽ മരക്കട്ട വെക്കും. രണ്ട് മരക്കട്ട വണ്ടിയിൽ സൂക്ഷിച്ചിട്ടുണ്ട്. ” വണ്ടി ഇതുവരെ അപകടങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ബാലേട്ടൻ പറഞ്ഞു. രാവിലെ പണിക്കു മുമ്പ് റേഡിയേറ്ററിൽ വെള്ളം ഒഴിക്കണം. സീറ്റിനു മുന്നിലെ റീഡറിൽ ഓയിൽ പ്രഷർ ഉറപ്പു വരുത്തണം. റോഡ് ടാറിങ്ങാണെങ്കിൽ പത്ത് ലിറ്റർ ഡീസലടിച്ചാൽ വൈകുന്നേരം വരെ ഇവനെക്കൊണ്ട് പണിയെടുപ്പിക്കാം. അഭിമാനത്തോടെ റോഡ് റോളറിനെ ചൂണ്ടി
ബാലേട്ടൻ പറഞ്ഞു. ചെറിയ റിപ്പയറൊക്കെ സ്വന്തം ചെയ്യും. കാര്യങ്ങൾ പറഞ്ഞു തന്ന് പെട്ടെന്ന് വണ്ടിയിൽ വലിഞ്ഞുകയറി സ്റ്റാർട്ടാക്കി ഒന്ന് പിന്നോട്ടെടുത്ത് ബാലേട്ടൻ വണ്ടി വിട്ടു. കാർ ഓടിക്കുന്ന പോലെ അനായാസം വണ്ടി ഓടിച്ചു പോയി !
ജെസോപ്പ് റോഡ് റോളർ
1788 ൽ കൊൽക്കത്തയിൽ സ്ഥാപിച്ച ജെസോപ്പ് ആൻ്റ് കമ്പനി ലിമിറ്റഡാണ് ജെസോപ്പ് എന്ന റോഡ് റോളറിൻ്റെ നിർമ്മാതാക്കൾ. പിന്നീട് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ഹൈഡ്രോളിക്ക് റോളറുകളുടെ കാലം വന്നപ്പോൾ പഴയ റോഡ് റോളർ ഇല്ലാതായി. പഴയവ നന്നാക്കി ഇപ്പോഴും ഉപയോഗിച്ചു വരുന്നു. ചെറിയ റോഡ് ടാർ ചെയ്യാനേ ഇവനെ വേണ്ടു. നല്ല കണ്ടിഷനിലുള്ളവയ്ക്ക് ഇപ്പോൾ എട്ടു ലക്ഷം വരെ വിലയുണ്ട്.
( മാധ്യമ പ്രവർത്തകനാണ് ലേഖകൻ )