സാഹസികതയുടെ വഴിയിൽ അപൂർവ്വ വന്യ ചിത്രങ്ങളുമായി ഡോ.മോഹനൻ
jordays desk
അപൂർവ്വ നിമിഷങ്ങളെ നിശ്ചല ചിത്രങ്ങളാക്കി പരിസ്ഥിതി പഠനവും ബോധവൽക്കരണവും നടത്തുകയാണ് ഡോ.പി.വി.മോഹനൻ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. കണ്ണൂർ കക്കാട് സ്വദേശിയാണ് മോഹനൻ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മാവൻ
സമ്മാനമായിനൽകിയ ക്ലിക്ത്രീ ക്യാമറയിലായിരുന്നു തുടക്കം. നാളിതുവരെയായി ഒരു ലക്ഷത്തിലധികം വൈൽഡ് ലൈഫ് ചിത്രങ്ങൾ ശേഖരത്തിലാക്കി.
ബോട്സ്വാനയിലെ അനുഭവം
ആഫ്രിക്കയിലെ കെനിയ, ബോട്സ്വാന, സിംബാബ്‌വേ എന്നീ രാജ്യങ്ങളിലെ വന്യജീവി കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കാട്ടിൽ സിംഹം ഇണ ചേരുന്നതും പുലി മാനിനെ കൊന്ന് മരത്തിൽ കയറ്റുന്നതും ഹിപ്പോപൊട്ടോമസ് ആക്രമിക്കാൻ തുനിയുന്നതുമെല്ലാം മനോഹര ചിത്രങ്ങളായി മാറി. ബോട്സ്വാനയിൽ 12000 ചതുരശ്ര കി.മീ. വ്യാപ്തിയുള്ള ചോബെ ദേശീയോദ്യാനത്തിൽ ആൾസ്പർശ മേൽക്കാത്തകാട്ടിൽ ടെന്റടിച്ച് ഫോട്ടോഗ്രാഫിക്കുവേണ്ടി ഒരാഴ്ച താമസ്സിച്ചതായിരുന്നു ഏറ്റവും ദുഷ്കരമായ യാത്ര. ചതുപ്പിൽ
മുങ്ങി നിവരുന്ന ഹിപ്പോകളുടെ ആക്രമണമായിരുന്നു ഏറെ പേടിപ്പിച്ചത്. രാത്രി ടെന്റിന് പുറത്ത് ഹൈനകൾ കരയുന്നതും സിംഹത്തിന്റെ ഗർജ്ജനവും ആനകളുടെ ചിന്നംവിളിയും പേടിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടൻ അഴിമുഖമായ ഒക്ക വാംഗോ ഡെൽറ്റ യുടെ തീരത്തിലൂടെയുള്ള ബോട്ട് യാത്ര ഏറെ അപകടകരമായിരുന്നു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന
ഹിപ്പോപ്പൊട്ടോമസ് തല ഉയർത്തിയാൽ ബോട്ട് മറിയും. നല്ല ഫോട്ടോ കിട്ടാൻ ഏത് റിസ്കിനും ഫോട്ടോഗ്രാഫർമാർ തയ്യാറാകാറുണ്ട്.
മധ്യ കലഹാരിയിലേക്കുള്ള യാത്ര
ആഫ്രിക്കയിൽ പ്രതിവർഷം ശരാശരി 28 ആളുകളാണ് ഹിപ്പോയുടെ ആക്രമണത്തിൽ ജീവൻ വെടിയുന്നത്. ആഫ്രിക്കയിലെ മധ്യ കലഹാരിയിലേക്കുള്ള യാത്രയാണ് ജീവിതത്തിൽ എന്നും
ഓര്‍ത്തെടുക്കുന്നത്. വരണ്ട കാട്ടിൽ കൊടും തണുപ്പിൽ വഴി തെറ്റി വെള്ളമില്ലാതെ കഴിയേണ്ടി വന്ന അവസ്ഥ. ജീവന്റെ
നിലനിൽപ്പിനായുള്ള തീവ്രമത്സരങ്ങളും പൊരുത്തപ്പെടലുകളും നേരിൽ കാണാൻ കഴിയുന്ന കലഹാരി ഒരു അത്ഭുതമാണ്. സാഹസികതയും വന്യതയുടെ തീവ്രതയും ഇഷ്ടപ്പെടുന്നവർ വീണ്ടും വീണ്ടും കലഹാരിയെ തേടിയെത്തും.
250 ഫോട്ടോ പ്രദർശനങ്ങൾ
ഫോട്ടോഗ്രാഫിയിലൂടെ വെറ്ററിനറി പ്രൊഫഷണിൽ ബോധവൽക്കരണം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് ഡോ. മോഹനൻ. 250 ലധികം ഫോട്ടോപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വൈൽഡ് ലൈഫ് കേന്ദ്രങ്ങളിലും ഫോട്ടോ ടൂർ നടത്തിയിട്ടുണ്ട്. കണ്ടാമൃഗത്തെ കാണാൻ ആസ്സാമിലെ കാസ്സി രംഗ, കടുവ സംരംക്ഷണകേന്ദ്രങ്ങളായ സരിസ്ക , രതംബോർ ,തഡോബ ,
കബനി എന്നിവടങ്ങളിലും ചിത്രങ്ങളെടുക്കാൻ യാത്ര ചെയ്തു. ഭാരതത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ ഭരത്പൂർ, രംഗം തിട്ട , എന്നിവിടങ്ങളിലും പോയി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. കക്കാട് പുഴയിലെ ജൈവ വൈവിധ്യങ്ങളുടെ ചിത്ര പ്രദർശനം നടത്താനുള്ള
തയ്യാറെടുപ്പിലാണ് ഡോ. മോഹനൻ . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒരു പ്രകൃതി പഠനമാണ്. ജീവജാലങ്ങളുടെ സ്വഭാവം, ഭക്ഷണരീതി, പ്രജനനം എന്നിവ പഠിച്ചാലെ നല്ല പടങ്ങൾ കിട്ടു. കാടിന്റെ ശീലങ്ങൾ ഹൃദിസ്ഥമാക്കണം. ജീവജാലങ്ങളുടെ പ്രകൃത്യാലുള്ള ചേഷ്ടകൾ, ചലനങ്ങൾ. എന്നിവയെ ഒരിക്കലും തടസ്സപ്പെടുത്തരുത് നല്ല ക്ഷമയും വേണം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് . ഇനി ആമസോൺകാടുകളിലും അന്റാർട്ടിക്കയിലും
പോകണമെന്നാണ് ഡോക്ടറുടെ ആഗ്രഹം. പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ പ്രൊഫ. ജോൺസി യുടെ ശിക്ഷണത്തിലാണ് പരിസ്ഥിതി പഠനം തുടങ്ങിയത്. പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ പരിസ്ഥിതിപഠന കേന്ദ്രത്തിൽ സീനിയർ പ്രൊജക് ഓഫീസറായി പ്രവൃത്തിച്ചു. ഫോട്ടോഗ്രാഫിയിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് രണ്ട് തവണ ലഭിച്ചു.
നവമാധ്യമ കൂട്ടായ്മകൾ
വന്യജീവി ഫോട്ടോഗ്രാഫർക്കായി നിരവധി നവമാധ്യമ കൂട്ടായ്മകളുണ്ട്. കൊച്ചു കുട്ടികളിൽ വന്യജീവി സ്നേഹം വളർത്തുന്നതിൽ ആനിമൽ പ്ലാനറ്റും ഡിസ്കവറി ചാനലും ചെലുത്തിയ സ്വാധീനം ചെറുതല്ല. അതുപോലെയാണ് നവമാധ്യമ കൂട്ടായ്മയിലൂടെ വന്യജീവി ചിത്രങ്ങൾ പ്രചരിപ്പിക്കുക വഴി സാധിക്കുന്നത് – ഡോ. മോഹനൻ പറയുന്നു. ഫേയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ് ആപ് കൂട്ടായ്മകൾ വഴി ലക്ഷക്കണക്കിന് പ്രകൃതി സ്നേഹികൾ ചിത്രങ്ങൾ പങ്കുവെക്കുന്നു. കോറോണക്കാലയളവിൽ ഓൺ ലൈൻ പ്രദർശനങ്ങളും ഫോട്ടോഗ്രാഫർമാർ നടത്തുന്നുണ്ട്.
ചിത്രങ്ങൾ : ഡോ. പി.വി.മോഹനൻ