കേരളത്തിൻ്റെ ഭരണയന്ത്രം തിരിക്കാൻ സാഹിത്യലോകത്തു നിന്ന്…

ശശിധരന്‍ മങ്കത്തില്‍

കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറി കവിയും സാഹിത്യകാരനുമായ ജോയ് വാഴയിലിനെക്കുറിച്ച്

കേരളത്തിൻ്റെ ഭരണയന്ത്രം തിരിക്കാൻ സാഹിത്യ ലോകത്തു നിന്നൊരുപ്രതിഭ. സ്കൂൾ പഠനകാലത്തു തന്നെ കഥയും കവിതയുമെഴുതി അക്ഷരശ്ലോകം ചൊല്ലിനടന്ന ജോയ് വാഴയിലാണ് (വി.പി. ജോയ് ) കേരളത്തിൻ്റെ 47-ാമത്തെ ചീഫ് സെക്രട്ടറിയായിചുമതലയേറ്റത്‌. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത കിങ്ങിണിമറ്റം സ്വദേശി. വി.വി പത്രോസ്-ഏലിയാമ്മ ദമ്പതികളുടെ മകൻ.1987 ബാച്ചിൽ സിവിൽ സർവ്വീസ് പാസായ വി.പി. ജോയ് , 13 വർഷത്തെ കേന്ദ്ര സർവ്വീസ് കഴിഞ്ഞ് ഇപ്പോൾ കേരളത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബഹിരാകാശ ഗവേഷണത്തിൽ തുടങ്ങി ഇന്ത്യയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം വരെ കൈയിലുണ്ടായിരുന്ന ഈ ഭരണതന്ത്രജ്ഞൻ്റെ നൈപുണ്യം ഇനി കേരളത്തിനാണ്.1985 ൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ

ഉപനിഷത് കാവ്യതാരാവലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു.

നിന്ന് ബിടെക് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻസ് ഒന്നാം റാങ്കോടെ പാസായി തിരുവനന്തപുരം വി.എസ്.എസ്.സി യിൽ എഞ്ചിനീയറായിരിക്കെയാണ് 1987 ൽ സിവിൽ സർവ്വീസ് കിട്ടുന്നത്. രണ്ടു വർഷം എഞ്ചിനീയറായിരുന്നപ്പോൾ പി.എസ്.എൽ.വിയുടെ ഗൈഡൻസിനുള്ള സോഫ്റ്റ് വെയർ രൂപപ്പെടുത്തി. അത് പി.എസ്.എൽ.വി യിൽ ഉപയോഗത്തിലുണ്ട്. ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ യും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷനിൽ നിന്ന് എം.ഫില്ലും ഐ.ഐ.ടി.ഡൽഹിയിൽ നിന്ന് ഡോക്ടറേറ്റും നേടി.

ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലായിലും പാലക്കാടും സബ്ബ് കളക്ടറായും എറണാകുളം ജില്ലാ കളക്ടറായും പ്രവർത്തിച്ചു. ധനകാര്യം, നികുതി,തൊഴിൽ, കൃഷി, ഗതാഗതം എന്നിവയിൽ സെക്രട്ടറി, സഹകരണ രജിസ്ട്രാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ, പൊതുവിദ്യാഭ്യാസ ഡയരക്ടർ, ട്രാൻസ്പോർട്ട് കമ്മീഷണർ, കെ.എസ്.ഇ.ബി ചെയർമാൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര സർവ്വീസിലേക്ക് പോയി. കേന്ദ്ര ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം 

ചുമതലയുള്ള  സെക്രട്ടറിയായി പ്രവർത്തിക്കെയാണ് കേരളത്തിൽ അഡീഷണൽ ചീഫ് സെകട്ടറിയായി എത്തിയത്. കേന്ദ്ര പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യയിലെ എണ്ണപ്പാടങ്ങളും പ്രകൃതിവാതക ഖനനവും നിയന്ത്രിക്കുന്നത് ഡയറക്ടർ ജനറൽ ഓഫ് ഹൈഡ്രോകാർബൺസാണ്. ഈ കാലത്ത് എണ്ണപ്പാടങ്ങൾ പലതും സന്ദർശിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്ന് വി.പി. ജോയ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ പര്യവേക്ഷണങ്ങളും പോയി കണ്ടിരുന്നു. കൊച്ചിയിലുംകൊങ്കൺതീരത്തും എണ്ണപവേക്ഷണം 

ഡോ.എം.കെ.സാനുവിനൊപ്പം

നടത്താനുള്ള  പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും സാഹിത്യപ്രവർത്തനത്തിന് സമയം കണ്ടെത്തി. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങൾ അടക്കം 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കഥ, കവിത, നോവൽ, വിവർത്തനങ്ങൾ എന്നിവ ഇതിൽപ്പെടും. പ്രധാനമായും ഖണ്ഡകാവ്യങ്ങളും കാവ്യസമാഹാരങ്ങളുമാണ് രചിച്ചിട്ടുള്ളത്. അക്ഷരശ്ലോകം വളരെ ഇഷ്ടമാണ്. അക്ഷര സദസ്സുകളിൽ പങ്കെടുത്തിട്ടുമുണ്ട്. പതിനാല് ഉപനിഷത്തുകളുടെ കാവ്യസമാഹാരമായ ‘ഉപനിഷത് കാവ്യതാരാവലി’ പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്. 
ഷീജയാണ് ഭാര്യ. സച്ചിൻ ( ന്യൂസ് ലാൻ്റ്), ഷാരൺ ( ഡോക്ടർ ,വെല്ലൂർ കൃസ്ത്യൻ മെഡിക്കൽ കോളേജ്)എന്നിവർ മക്കൾ.

ഋതുഭേദങ്ങൾ എന്ന കവിത സുഗതകുമാരി പ്രകാശനം ചെയ്യുന്നു

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: ബന്ധനസ്ഥനായ ന്യായാധിപൻ, അറിവാഴം (നോവൽ) മണൽവരകൾ, നിമിഷ ജാലകം, മാതൃവിലാപം, രാമാനുതാപം, ശലഭയാനം, നിലാനിർഝരി, ഋതുഭേദങ്ങൾ, മലയാള ഗസൽ , നക്ഷത്രരാഗം, നിറമെഴുതും പൊരുൾ (കവിതകൾ) താവോയിസത്തിൻ്റെ ജ്ഞാനപ്പാന, പ്രവാചകൻ, വെങ്കല രൂപിയായ അശ്വാരൂഡൻ, ഉപനിഷത് കാവ്യ താരാവലി (വിവർത്തനങ്ങൾ )ലിമിറ്റ്സ് ആൻ്റ് ലിമിറ്റേഷൻസ് ഓഫ് ഹ്യൂമൺ മൈൻ്റ്, പേസെറ്റ്സ് ഓഫ് ഫ്രീഡം, റിഫ്ലക് ഷൻസ് ഓൺ ദ ഫിലോസഫി ഓഫ് എജുക്കേഷൻ (ഇംഗ്ലീഷ് ) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

One thought on “കേരളത്തിൻ്റെ ഭരണയന്ത്രം തിരിക്കാൻ സാഹിത്യലോകത്തു നിന്ന്…

Leave a Reply

Your email address will not be published. Required fields are marked *