ചായം മുക്കിയ വിത്തിനും സുവർണ്ണകാലം
സുരേഷ് മുതുകുളം
നിറമുള്ള വസ്തുക്കൾ ആകർഷകമാണ്. വർണ്ണ ഭംഗി നോക്കിയേ നമ്മൾ എന്തും തിരഞ്ഞെടുക്കു. പ്രകൃതി നൽകുന്ന വിത്തിനും ഇതാ ചായം മുക്കാൻ തുടങ്ങിയിരിക്കുന്നു. വിപണിയിൽ മുന്നേറാനുള്ള കമ്പനികളുടെ തന്ത്രം കൂടിയാണ് ഈ നിറം പകരൽ. വർണ്ണ ഭംഗിയുള്ള വിത്തിനങ്ങൾ വിപണി കീഴടക്കി കഴിഞ്ഞു. വിത്ത് ചായം പിടിപ്പിക്കൽ (സീഡ് കളറിംഗ്) ഇന്ന് വലിയ വ്യവസായമാണ്. വിത്തുല്പാദക കമ്പനികൾ ഇത് വിപണിമുദ്ര (ബ്രാൻഡ് ) ആയും ഉപയോഗപ്പെടുത്തുന്നു. വിത്തിന് വിപണിമൂല്യം വർധിക്കുന്നതോടൊപ്പം
പ്രത്യേക സവിശേഷതകളുള്ള വിത്തുകൾ വേഗം തിരിച്ചറിയാനും ഇത്തരം നിറങ്ങൾ സഹായിക്കുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന ചില കമ്പനികളുടെ വിത്തുകൾ അവയുടെ നിറം കൊണ്ട് തന്നെ കർഷകർക്ക് തിരിച്ചറിയാൻ കഴിയും. ഇതിനു പുറമെ വിത്തുകൾക്ക് ഇങ്ങനെ നിറം പിടിപ്പിക്കുന്നത് അവയെ കീടശല്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പക്ഷികളും മറ്റും വിത്ത് കൊത്തി നഷ്ടപ്പെടുത്തുന്നതും ഇല്ലാതാക്കും. സംഭരണ വേളയിൽ പ്രത്യേക നിറം പുരട്ടിയ വിത്തുകൾ മറ്റ് തരംതാണ വിത്തുകളുമായി ഇടകലർത്തി മായത്തിനു ഇടയാകാതെയും സംരക്ഷിക്കുന്നു. പ്രകൃതിയിൽ നിന്നുള്ള ചായങ്ങളാണ് പൊതുവെ നിറം പകരാൻ ഉപയോഗിക്കുന്നത്. നിറത്തിൽ മുന്നിൽ നിൽക്കുന്നതാണ് ബീറ്റ്‌റൂട്ട് ചായം. ബീറ്റ്റൂട്ട് കഷണങ്ങളാക്കി മുറിച്ച് വെള്ളം ചേർക്കാതെ അരച്ച് കുഴമ്പുപരുവമാക്കുന്നു. ഇത് ഒരു മസ്ലിൻ തുണിയിൽ അരിച്ചു വിത്തുകൾക്ക് നിറം ചേർക്കാനുപയോഗിക്കുന്നു.
ഞാവൽ പഴവുംനിറം നൽകാൻ ഉപയോഗിക്കുന്നുണ്ട്. നന്നായി പഴുത്ത ഞാവൽ പഴത്തിൻ്റെ കാമ്പ് മാത്രം എടുത്ത് അരച്ച് ചായം വേർതിരിക്കാറുണ്ട്. വശളച്ചീരയുടെ നന്നായി വിളഞ്ഞ കായ്കൾ അരച്ചെടുത്തും നിറമായി ഉപയോഗിക്കുന്നുണ്ട്. നാഗത്താലിയുടെ വിളഞ്ഞു പഴുത്ത കായ്കളെടുത്ത് മുള്ളുകൾ നീക്കി ചെറുകഷണങ്ങളായി മുറിക്കുന്നു.ഇവ ഒരു പൾപെറിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ച് മസ്ലിൻ തുണിയിൽ അരിച്ചെടുത്ത് നിറം പകരാൻ ഉപയോഗിക്കുന്നു.ഉണക്ക മഞ്ഞൾ അരച്ചെടുത്ത് വെള്ളം ചേർത്ത് നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഓറഞ്ച് നിറമുള്ള ജമന്തി പൂക്കളുടെ ഇതളുകൾ
മഞ്ഞനിറം നൽകാൻ ഉപയോഗിക്കാറുണ്ട്. നന്നായി വിടർന്ന ചെമ്പരത്തി പൂക്കളുടെ ഇതളുകളും നിറം നൽകുന്ന വസ്തുവാണ്. കുരങ്ങുമഞ്ഞളിൻ്റെ വിത്തുകൾ ഒരു രാത്രി തുല്യ അളവ് വെള്ളത്തിൽ മുക്കി വെച്ച് അരിച്ചെടുത്ത് ഓറഞ്ച് നിറമാക്കിയെടുക്കുന്നുണ്ട്.
നിറം പകരുന്നതു കൊണ്ടുള്ള ഗുണങ്ങൾ :
- നിറം പുരട്ടിയ വിത്തുകൾക്ക് ഒരുപോലെയുള്ള നിറവും രൂപവും കിട്ടുന്നു.
2 . മുളയ്ക്കൽ ശേഷി 5 മുതൽ 10 ശതമാനം വരെ വർധിക്കുന്നു.
3 . വിത്തുകൾക്ക് സംഭരണ വേളയിലോ ഉപയോഗവേളകളിലോ മറ്റുകേടുപാടുകൾ പറ്റാതെ സംരക്ഷിക്കുന്നു.
4 . യാദൃശ്ചികമായ ഈർപ്പമേറിയ സാഹചര്യങ്ങളിൽ പോലും ഇത്തരം വിത്തുകൾക്ക് സ്വയം സംരക്ഷണം കിട്ടുന്നു.
5 . വിത്തുകളുടെ പുറത്തു സ്വാഭാവികമായി കാണുന്ന സുഷിരങ്ങളും വിള്ളലുകളും വേണ്ട പോലെ ഭദ്രമായി അടയ്ക്കാനും അങ്ങനെ വിത്തുകളുടെ ഭംഗി വർധിപ്പിക്കാനും ഉപകരിക്കുന്നു.
( ഫാം ഇൻഫർമേഷൻ ബ്യൂറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറും കേരള കർഷകൻ മാസികയുടെ മുൻ എഡിറ്ററുമാണ് ലേഖകൻ. ഫോൺ 9446306909 )