വെണ്ടകൃഷി തുടങ്ങാം
വീണാറാണി.ആര്
നന്നായി പരിപാലിച്ചാല്‍ ചെറിയ സ്ഥലത്ത് കനത്ത വിളവു തരുന്ന പച്ചക്കറിയാണ് വെണ്ട.ഈ കൃഷിയിലെ പ്രധാന വില്ലന്മാരാണ് തണ്ടുതുരപ്പനും കായതുരപ്പനും.മഴക്കാലത്ത് പൂക്കുന്ന വെണ്ടയില്‍ മേല്പറഞ്ഞ അക്രമികള്‍ അടുക്കാറില്ല.
ഉല്പാദനവും കൂടുതലാണ്.മഴക്കാലത്ത് പൂക്കണമെങ്കില്‍ മേടത്തിനന്റെ അവസാന പകുതിയിലും അവസാനവും വെണ്ട നടണം.മേന്മയേറിയ മേടവെണ്ടയ്ക്ക് ഉത്തമം സല്‍കീര്‍ത്തി എന്ന ഇനമാണ് .നാടന്‍ ഇനത്തിലാണെങ്കില്‍ ആനക്കൊമ്പനും. സെന്റൊന്നിന് 35ഗ്രാം വിത്തുണ്ടെങ്കില്‍ കുശാലായി.പറിച്ചുനടുന്ന രീതി വെണ്ടയ്ക്ക് പഥ്യമല്ല.
കൃഷിസ്ഥലം നനച്ച് ഓരോ കിലോഗ്രാംവീതം കുമ്മായവും ഡോളമൈറ്റും ചേര്ത്ത്കിളച്ചിളക്കുക. രണ്ടടി അകലത്തിലായി വരമ്പുകള്‍ കോരി വരമ്പില്‍ ഒന്നരയടി അകലത്തിലായി എടുക്കുന്ന ചെറിയതടത്തില്‍ വിത്ത് പാകണം.സെന്റൊന്നിന് 40കിലോഗ്രാം വീതം ചാണകവളവും ഉണങ്ങിപ്പൊടിഞ്ഞ കോഴിക്കാഷ്ഠവും അടിവളമാക്കാം. 25ഗ്രാം സ്യൂഡോമോണാസ് 75 മില്ലി വെളളത്തില്‍ കലക്കിയ ലായിനിയില്‍ എട്ട മണിക്കുറെങ്കിലും കുതിര്‍ത്തു വെച്ചതിനു ശേഷം വിത്ത് നടുന്നതാണ് നല്ലത്.നാലഞ്ച് ഇല വന്നതിനു ശേഷം മേല്‍വളങ്ങള്‍ നല്‍കണം.വെണ്ടയുടെ ചുവട്ടില്‍ നിന്നും ഒരടി അകലത്തിലായി തടമെടുത്ത് ഒരു പിടി പൊടിഞ്ഞ കോഴിക്കാഷ്ഠം ചേര്‍ക്കാം.
ബയോഗ്യാസ് സ്ലറിയോ പുളിപ്പിച്ച പിണ്ണാക്കോ നേര്‍പ്പിച്ച് തളിക്കുന്നതും നല്ലത് തന്നെ.ജൈവകൃഷി താല്പര്യമില്ലെങ്കില് 200ഗ്രാം വീതം യൂറിയയും പൊട്ടാഷും 100ഗ്രാം എല്ലുപൊടിയും 50ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ഒരു സെന്റ് വെണ്ടകൃഷിയില്‍ ചേര്‍ക്കണം.ചെണ്ടുമല്ലിയും പുതിനയുമാണ് വെണ്ടയ്ക്ക് പറ്റിയ കാവല്വിളകള്.നട്ട് ഒരു മാസം മുതല്‍ വിളവെടുക്കാം.ഒരു സെന്റില്‍ നിന്നും 40കിലോഗ്രാം വെണ്ട കിട്ടും.
(കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക).