റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ പ്രദേശത്ത് എള്ള് വിളവെടുത്തു
റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്ത് ജൈവ രീതിയിൽ കൃഷി ചെയ്ത എള്ള് വിളവെടുത്തു. കണ്ണൂർ ജില്ലയിലെ ജൈവകർഷകനായ ഷിംജിത്ത് തില്ലങ്കേരി കൃഷി ചെയ്ത എള്ളാണ് വിളവെടുത്തത്. റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ ചെരിവുള്ള അഞ്ചര ഏക്കർ പ്രദേശത്താണ് കൃഷി നടത്തിയത്. രണ്ടാഴ്ചയാണ് വിളവെടുക്കാൻ വേണ്ടി വന്നത്. രാവിലെ നാലു
മണി മുതൽ എട്ടു മണിവരെയാണ് വിളവെടുപ്പ് നടത്തിയത്. വെയിൽ വന്ന് ചൂട് കൂടുന്നതോടെ ഉണങ്ങിയ എള്ളിൻ്റെ കായ പൊട്ടി എള്ള് ചിതറി വീഴും. ഇതിനാലാണ് രാവിലെ വിളവെടുക്കുന്നത്. ചെടി അടിഭാഗ ത്തുനിന്ന് കത്തി കൊണ്ട് അരിഞ്ഞെടുത്ത് ചെറിയ കറ്റകളാക്കി കെട്ടി ടാർപോളിൻ ഷീറ്റ് വിരിച്ച് ഉണങ്ങാനിടും. മൂന്നു ദിവസം ഉണങ്ങിയാൽ നല്ല വെയിലത്ത് കറ്റ കൈയിലെടുത്ത് കൈ കൊണ്ട് തട്ടിയാൽ എള്ളിൻ്റെ
കായ പൊട്ടി എള്ള് താഴെ വീഴും. പിന്നീട് ഈ എള്ള് വലിയ അരിപ്പയിലൂടെ അരിച്ചെടുത്ത് നെല്ലുപാറ്റുന്നതു പോലെ പാറ്റി പൊടി നീക്കം ചെയ്താൽ ശുദ്ധമായ എള്ള് കിട്ടും. കിലോയ്ക്ക് 300 രൂപ തോതിലാണ് ഇത് വില്പന നടത്തുന്നതെന്ന് ഷിംജിത്ത് പറഞ്ഞു. മൂന്നു മാസം മുമ്പ് തൊഴിലുറപ്പു പദ്ധതിയിലാണ് നിലമൊരുക്കിയത്. അരമീറ്റർ വീതിയിൽ ചെറിയ വരമ്പ് കോരിയാണ് വിത്തിട്ടത്. വിത്തും മണലും
കോഴിവളവും കൂട്ടിക്കുഴച്ചാണ് വരമ്പിൽ വിതറിയത്. ബന്ധുവായ കർഷകൻ നന്ദകുമാറുമായി ചേർന്നാണ് കൃഷി നടത്തിയത്. ആദ്യം നൽകിയ കോഴി വളമല്ലാതെ മറ്റ് വളങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. എള്ള് പൂവിട്ടപ്പോൾ പുഴുശല്യം ഉണ്ടായിരുന്നു. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രകൃതി തന്നെ സംരക്ഷകനായി മാറി. ജൈവ
കൃഷിയായതിനാൽ പല ജീവികളും പുഴുക്കളെ തിന്നാനെത്തി കിളികൾ കൂട്ടമായി പുഴുവിനെ കൊത്തി തിന്നാനെത്തി. ഓന്തും മറ്റ് ചെറിയ ജീവികളും കൃഷിയിടത്തിൽ യഥേഷ്ടമുണ്ട്. ഇവയും പുഴുക്കളെ ഭക്ഷണമാക്കി.എളളിൻ്റെ കായ മൂപ്പെത്തുമ്പോൾ ചെടികളുടെ ഇലയ്ക്ക് മഞ്ഞനിറം വരും. പിന്നീട് കായ്കളും മഞ്ഞ നിറമായി ഉണങ്ങി പൊട്ടാൻ തുടങ്ങും. ഈ സമയത്താണ് വിളവെടുപ്പ്.
PC George റബ്ബർ തോട്ടം വെട്ടി കാട്ടുവേപ്പ് നട്ടു . ഇതുപോലെ കർഷകർ സ്വയം മാറട്ടെ .