പത്തു മണിച്ചെടി വളർത്തി പൂന്തോട്ടം ഭംഗിയാക്കാം

പത്തു മണിച്ചെടി കേരളത്തിൽ അടുത്ത കാലത്തായി പ്രിയപ്പെട്ട ഉദ്യാന സസ്യമായി മാറിയിരിക്കുകയാണ്‌. നിറയെ വർണ്ണ പൂക്കൾ ഉണ്ടാകുന്നതിനാലും പരിപാലനം അധികം വേണ്ടാത്തതിനാലുമാണ് ഈ ചെടി പ്രിയപ്പെട്ടതായി മാറിയത്. വീട്ടമ്മമാർ പോലും ഇത് വളർത്തി വിപണി കണ്ടെത്തുന്നുണ്ട്. പോർട്ടുലാക്ക ഗ്രാൻ്റിഫോളി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം നഴ്സറികളിലെ താരമാണ്.
 
 
നല്ല വെയിലത്ത് രാവിലെ പത്തു മണിയോടെ വിരിഞ്ഞു നിൽക്കുന്നതിനാലാകാം ഇതിന് ഈ പേരു വന്നത്. മോസ്റോസ്, പിഗ് വീഡ്, പർസ് ലേൻ എന്നീ പേരുകളിലും അറിയപ്പെടുന്ന പത്തു മണിച്ചെടി ബ്രസീൽ, അർജൻ്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങളിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. വിവിധ നിറത്തിലുള്ള പൂക്കളുണ്ടാകുന്ന നൂറോളം ഇനങ്ങൾ ഇന്ന് വിപണിയിലുണ്ട്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇവ
തഴച്ചു വളർന്ന് നിറയെ പൂക്കൾ ഉണ്ടാകും. ചുവപ്പ്, റോസ്, വെള്ള, വയലറ്റ്, മഞ്ഞ… ഇങ്ങിനെ ഒട്ടേറെ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന ഇനങ്ങൾ
 
 
ഉണ്ട്. ചില സങ്കരയിനങ്ങളിൽ റോസ്പോലെ തോന്നിക്കുന്ന പൂക്കൾ ഉണ്ടാകും. നല്ല നീർവാർച്ചമുള്ള പ്രദേശത്താണ് ഇവ നന്നായി വളരുക. വെള്ളം അധികമൊഴിച്ചാൽ ചീഞ്ഞു പോകും. അതു കൊണ്ടു തന്നെ മഴക്കാലത്ത് ഈ ചെടി അധികം വളരില്ല. മണ്ണും ചാണകപ്പൊടിയും ചകിരി കമ്പോസ്റ്റും കൂട്ടി കലർത്തി ഇവ ചെടിച്ചട്ടികളിൽ നടാം. ഇടയ്ക്ക് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടു കൊടുത്താൻ നിറയെ പൂക്കൾ ഉണ്ടാകും. മൊട്ടോടു കൂടിയ തണ്ട് മുറിച്ചു നട്ടാൽ അടുത്ത ദിവസം ഇതിൽ പൂവിരിയും എന്നത് ഈ ചെടിയുടെ പ്രത്യേകതയാണ്. 
 
 
അതിനാൽ മുറിച്ചുനട്ട് ഇഷ്ടം പോലെ തൈകൾ ഉണ്ടാക്കാം. പൂന്തോട്ടത്തിലെ നടപ്പാതയ്ക്കിരുവശവും മണ്ണ് കൂട്ടി നട്ടാൽ ഇത് നന്നായി വളർന്ന് പൂക്കളുണ്ടാകും. 6-7 ഇഞ്ച് നീളമെത്തുമ്പോൾ ഇതിൻ്റെ അറ്റം നുളളിയെടുത്താൽ പുതിയ ശാഖകൾ ഉണ്ടാകും. പൂവ് കരിഞ്ഞു പോകുമ്പോഴും അത് നുള്ളിക്കളയണം. ചെറിയ പ്ലാസ്റ്റിക്ക് വർണ്ണച്ചട്ടികളിൽ വളർത്തി തൂക്കിയിട്ടാൽ ഇതിന് പ്രത്യേക ഭംഗിയാണ്. ഇതിൻ്റെ സങ്കരയിനങ്ങളുടെ വിത്ത് ഓൺലൈനായി വാങ്ങാൻ കിട്ടും.
 

Leave a Reply

Your email address will not be published. Required fields are marked *