ഈ സ്വർണ്ണപ്പതക്കങ്ങൾ ദുരിതാശ്വാസത്തിന്
സംസ്ഥാന സർക്കാരിന്റെ കാർഷിക അവാർഡായി ലഭിച്ച സ്വർണ്ണ പതക്കങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാതൃകയായി. മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച ഡോ. പി.വി.മോഹനനാണ് സ്വർണ്ണ പതക്കങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയത്.2003 ൽ ഇദ്ദേഹത്തിന് കർഷക മിത്ര അവാർഡും,2012 ൽ കർഷക ഭാരതി അവാർഡും ലഭിച്ചിരുന്നു.
ഈ രണ്ട് അവാർഡും ലഭിച്ച ആദ്യ സർക്കാർ ജീവനക്കാരനാണ് ഡോ. മോഹനൻ.അവാർഡിനോടൊപ്പം സ്വർണ്ണ പതക്കങ്ങളായിരുന്നു മെഡലായി ലഭിച്ചത്. ഇത്രയും കാലം വീട്ടിൽ സൂക്ഷിച്ചു വെച്ച സ്വർണ്ണ നാണയങ്ങൾ ഒരു നല്ല ആവശ്യത്തിന് ഉപയോഗിക്കാനായതിൽ സന്തോഷിക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. ഒരാൾ ഏറ്റവും അമൂല്യമായി കരുതുന്നത് തന്നെ സംഭാവനയായി നൽകുമ്പോഴാണ് മറ്റുള്ളവർക്ക് പ്രചോദനമാവുക. അതുകൊണ്ടാണ് അവാർഡു പതക്കങ്ങൾ തന്നെ നൽകാൻ തീരുമാനിച്ചത്.ഏറ്റവും നല്ല വികസന ഉദ്യോഗസ്ഥനു സംസ്ഥാന സർക്കാർ നൽകുന്ന അവാർഡാണ് കർഷക മിത്ര. ഏററവും നല്ല വിജ്ഞാന വ്യാപന പ്രവർത്തനത്തിനു നൽകുന്ന സംസ്ഥാന തല അവാർഡാണ് കർഷക ഭാരതി.രണ്ടു തവണ സദ് സേവനാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 32 പുസ്തകങ്ങൾ എഴുതിയിട്ടുള്ള മോഹനൻ പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമാണ്. ക്ഷീര വികസന വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ രാജശീ കെ. മേനോനാണ് ഭാര്യ.