മനോജിൻ്റെ നിറക്കൂട്ടിൽ വിരിയുന്നത്‌ മന്ദഹാസം

ചിത്രകാരനായ മനോജ് നടൻ സിദ്ധിക്കിൻ്റെ ചിരിക്കുന്ന വർണ്ണചിത്രം വരച്ച് ഫെയിസ് ബുക്കിലിട്ടു. ഇത് സിദ്ധിക്കിന് വളരെ ഇഷ്ടപ്പെട്ടു. നമ്പർ തപ്പിയെടുത്ത് അദ്ദേഹം മനോജിനെ വിളിച്ചു. “ഞാൻ സിദ്ധിഖ് സിനിമയിലൊക്കെ അഭിനയിക്കുന്ന ആളാ… എനിക്ക് ആ ചിത്രം വേണം. അയച്ചു തരുമോ. എറണാകുളത്ത് വരുമ്പോൾ കാണുകയും 
 
 
വേണം.” സിദ്ധിഖിൻ്റെ ഫോൺ വിളി കേട്ട് മനോജ് ഞെട്ടിത്തരിച്ചിരുന്നു. അന്നു തന്നെ ചിത്രം കാൻവാസിൽ പ്രിൻ്റെടുത്ത് അയച്ചുകൊടുത്തു. ഇപ്പോൾ ചിത്രം സിദ്ധിക്കിൻ്റെ സ്വീകരണമുറിയിൽ ഫ്രെയിം 
ചെയ്ത് തൂക്കിയിട്ടുണ്ട്. ചിത്രത്തിന് പാരിതോഷികവും കിട്ടി മനോജിന്. ഗായകൻ വേണുഗോപാലിൻ്റെ ചിത്രം വരയ്ക്കുന്ന വീഡിയോ ഫെയിസ്ബുക്കിലിട്ടപ്പോൾ വേണുഗോപാൽ ആ വീഡിയോ തൻ്റെ
 
 
ഫെയിസ്ബുക്കിലിട്ട് കമൻ്റിട്ടു – “വളരെ മനോഹരമായിരിക്കുന്നു മനോജ്.” ലോക് ഡൗൺ കാലത്ത് ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ്റെ ചിത്രം വരച്ചപ്പോഴും നല്ല പ്രോത്സാഹനമാണ് കിട്ടിയത്. ജീവൻ തുളുമ്പുന്ന ചിത്രം കണ്ട് അദ്ദേഹം മനോജിനെ വിളിച്ചു പറഞ്ഞു – “ഒരാൾ എൻ്റെ ചിത്രം വരച്ചു തരുന്നത് ജീവിതത്തിൽ ആദ്യമായാണ്”. ഗായകൻ ഉണ്ണിമേനോനും മനോജ് ചിത്രം വരച്ചു നൽകിയിട്ടുണ്ട്. 
 
 
ഒട്ടുമിക്ക പ്രശസ്തരുടേയും ചിത്രങ്ങൾ മനോജ് വരച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് എടരിക്കോട് “ലയം” എന്ന ഡിസൈൻ സ്ഥാപനം നടത്തുകയാണ് മനോജ് പൂളക്കൽ. എടരിക്കോട് ചോലക്കുണ്ടാണ് സ്വദേശം. അക്കിത്തം, ഒ.വി.വിജയൻ, എസ്.പി.ബാലസുബ്രഹ്മണ്യം , മമ്മൂട്ടി, മോഹൻലാൽ, കെ.എസ് ചിത്ര, മധു ബാലകൃഷ്ണൻ, കോട്ടയം നസീർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങൾ മനോജിൻ്റെ 
 
 

ശേഖരത്തിലുണ്ട്. ചിരിക്കുന്ന മുഖങ്ങൾ വരക്കാനാണ് എനിക്കിഷ്ടം – മനോജ് പറയുന്നു. ശരിയാണ് മനോജ് വരച്ച ആളുകളുടെ മുഖത്തെല്ലാം ചിരിയുണ്ട്‌. അതുകൊണ്ടു  തന്നെ അവ ജീവൻ തുളുമ്പുന്ന രചനകളാണ്. പറപ്പൂർ ഐ.യു.എച്ച്.എസ്സിലാണ് പഠിച്ചത്.ഈ കാലത്ത് സ്ക്കൂൾ, സബ്ബ് ജില്ലാ കലോത്സകളിൽ ചിത്രരചനയിൽ സമ്മാനങ്ങൾ

 
 
നേടിയിട്ടുണ്ട്. സ്കൂൾ പഠനത്തിനു ശേഷം കമേഴ്സ്യൽ ആർട്സ് രംഗത്തേക്ക് തിരിഞ്ഞു.കോട്ടക്കലിൽ ഡിസൈൻ സ്ഥാപനം നടത്തിയിരുന്നു. പിന്നീട് എടരിക്കോടേക്ക് മാറി.മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ  മെയിൻ സ്റ്റേജിലെ ആർട്ട് വർക്കുകളെല്ലാം
 
മനോജ് പൂളക്കൽ.
മനോജിൻ്റേതായിരുന്നു. ഹോർഡിങ്ങുകളും  സ്ഥാപനങ്ങളുടെ നെയിംബോർഡുകളും എൽ.ഇ.ഡി. ഡിസൈൻ ബോർഡുകളും തയ്യാറാക്കും. സിനിമ, സീരിയൽ എന്നിവയുടെ ആർട്ട് വർക്കുകളും ചെയ്യാറുണ്ട്. വധുവരന്മാരുടെ വിവാഹ ഫോട്ടോ വരക്കുന്നതിനായി ഒട്ടേറെ ഓർഡുറുകൾ കിട്ടുന്നുണ്ട്. ആളുകളുടെ ഛായാചിത്രങ്ങളും 
 
 
വരയ്ക്കുന്നുണ്ട്. മൂന്നു മണിക്കൂറിനുള്ളിൽ ഛായാചിത്രം പൂർത്തിയാകും. പ്രകൃതി ദൃശ്യങ്ങളും വരക്കാറുണ്ട്. ലോക് ഡൗൺ സമയത്ത് നൂറ് ഫെയിസ് ബുക്ക് സുഹൃത്തുക്കളുടെ ചിത്രങ്ങൾ “തലവര” എന്ന പേരിൽ നൂറു ദിവസം കൊണ്ട് വരച്ചത് കണ്ട് ആസ്വാദകർ ഏറെ അഭിനന്ദിച്ചിരുന്നു. 
 
 
കടും നിറങ്ങളില്ലാതെ വളരെ സൂക്ഷ്മതയോടെയുള്ള ശൈലിയിലാണ് മനോജിൻ്റെ ചിത്രരചന. വാട്ടർകളർ, ഓയിൽ, അക്രിലിക് തുടങ്ങി എല്ലാ മീഡിയത്തിലും വരയ്ക്കും. ചിത്ര രചനയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. പരേതനായ വാസ്തുശില്പി പി.പറങ്ങോടൻ്റെയും ചീരുവിൻ്റെയും മകനാണ്. ഭാര്യ ഷീബ.
 

2 thoughts on “മനോജിൻ്റെ നിറക്കൂട്ടിൽ വിരിയുന്നത്‌ മന്ദഹാസം

  1. മനോജിന്റെ ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്. സന്തോഷം നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങൾ വരയ്ക്കുന്നയാളിന്റെ മനോഭാവത്തെ വെളിപ്പെടുത്തുക കൂടി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *