ഹിന്ദി സംഗീത ലോകത്തെ വിസ്മയിപ്പിച്ച് ആര്യനന്ദ പാടി

പാട്ട് പഠിപ്പിക്കാനായി ഗ്രൂമർമാരായി എത്തിയ മൂന്നു ഗായകരാണ് തൻ്റെ വിജയത്തിനു പിന്നിലെന്ന് സീ. ടി.വി റിയാലിറ്റി ഷോയിൽ കിരീടം ചൂടിയ ആര്യനന്ദബാബു. ആറുമാസത്തിലധികം റിയാലിറ്റി ഷോ വേദിയിലും മുംബൈ നഗരത്തിലും ഹിന്ദി അറിയാതെ കഴിച്ചുകൂട്ടി. എനിക്കെന്നല്ല, അച്ഛനും അമ്മയ്ക്കും ഹിന്ദി അറിയില്ല. ഇംഗ്ലീഷ് പറഞ്ഞാണ് ഒപ്പിച്ചത്. ഗ്രൂമർമാരായി ഞങ്ങളെ സഹായിച്ച ഗായകരായ

നീരജ് കൽക്കർ, മംഗൾ മിശ്ര, സച്ചിൻ വാത്മീകി എന്നിവരെല്ലാം കഠിന പ്രയത്നത്തിലൂടെ എന്നെ ഹിന്ദി പഠിപ്പിക്കാൻ നോക്കി. പാട്ടിൻ്റെ അർത്ഥം പറഞ്ഞു തന്ന് അതിൻ്റെ ഭാവവും ലയവും ചോർന്നു പോകാതെ പാടി പഠിപ്പിച്ചു. അങ്ങിനെ നല്ല ധൈര്യം വന്നു. പിന്നെ ഭാഷയും പാട്ടും ഒരു പ്രശ്നമല്ലാതായി. ഹിന്ദിക്കാരായ കുട്ടികൾക്കൊപ്പം ഞാനും ചേർന്നു. ജഡ്ജസ് ഹിന്ദിയിൽ ചോദിക്കുമ്പോൾ ഞാൻ മുറി ഇംഗ്ലീഷ് പറഞ്ഞു – സീ.ടി.വിയിലെ സരിഗമപ 

റിയാലിറ്റി ഷോ ഷൂട്ടിങ്ങിൻ്റെ നാളുകൾ ഓർക്കുമ്പോൾ ആര്യ നന്ദയ്ക്ക് ടെൻഷൻ വിട്ടുമാറുന്നില്ല. ഒപ്പം ഇന്ത്യയിലെ മികച്ച ഗായികയായി മാറി അഞ്ചുലക്ഷം രൂപ സമ്മാനം കിട്ടിയതിൻ്റെ സന്തോഷവും. കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിലിരുന്ന് ആര്യനന്ദ പാട്ടിൻ്റെ വിശേഷങ്ങൾ പറഞ്ഞു. മകളുടെ സന്തോഷം പങ്കിടാൻ അച്ഛൻ രാജേഷ് ബാബുവും അമ്മ ഇന്ദുവും

ഒപ്പമുണ്ട്. രണ്ടു പേരും കോഴിക്കോട് നഗരത്തിലെ സ്ക്കൂളുകളിൽ സംഗീത അധ്യാപകർ. കുഞ്ഞായിരിക്കുമ്പോൾ തന്നെ പാട്ടിൻ്റെ വീട്ടിൽ വളർന്ന ആര്യ നന്ദയ്ക്ക് സംഗീതം ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ഇപ്പോൾ കോഴിക്കോട് ഐഡിയൽ പബ്ലിക്ക് സ്ക്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. സ്ക്കൂൾ തുറക്കാത്തതിനാൽ കൂട്ടുകാരെ കാണാനും വിശേഷം പറയാനും കഴിഞ്ഞിട്ടില്ല. പലരും ഫോണിൽ വിളിച്ചു. 

മുംബൈയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഗായിക സുജാത, ഗായകൻ ശ്രീനിവാസ്, പ്രദീപ് സോമസുന്ദരം എന്നിവർ വിളിച്ച് ആശംസ അറിയിച്ചു. ഗായകൻ വേണുഗോപാൽ ആര്യനന്ദയുടെ പാട്ട് ഫെയിസ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഷോയിലെ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ  വൈറലായിക്കൊണ്ടിരിക്കുമ്പോൾ പല

സ്ഥലങ്ങളിൽ നിന്നും സംഗീതപ്രേമികൾ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. വിവിധ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദിവസവും അഭിമുഖത്തിനായി വീട്ടിലെത്തുന്നു. ഇവർക്കൊപ്പമുള്ള ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ ഷൂട്ടുമുണ്ട് – ആര്യനന്ദ ആകെ തിരക്കിലാണ്.

എറണാകുളം വഴി മുംബൈയിലേക്ക്

എറണാകുളത്തായിരുന്നു സീ ടി.വി റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷൻ.രണ്ടാമത്തെ ഓഡിഷൻ മുംബൈയിലായിരുന്നു. അതു കഴിഞ്ഞ് നൂറു പേരെ തിരഞ്ഞെടുത്തതിൽ നിന്ന് ഏഴു പേർ ഫൈനലിലെത്തി. ഫിബ്രവരിയിൽ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും മാർച്ചിൽ ലോക് ഡൗൺ വന്നപ്പോൾ ഷൂട്ടിംഗ്‌ നിർത്തിവെച്ചു. വിമാന ടിക്കറ്റ് കിട്ടാതെ ആര്യനന്ദയും അച്ഛൻ രാജേഷ് ബാബുവും മുംബൈയിൽ കുടുങ്ങി. അമ്മ നാട്ടിലായിരുന്നു. ഇതു പോലെ കുടുങ്ങിയ 

മറ്റൊരു കുടുംബവും ഒപ്പമുണ്ടായിരുന്നു. മൂന്നു മാസം അവിടെ ഹോട്ടലിൽ കഴിച്ചു കൂട്ടേണ്ടി വന്നു. ആര്യനന്ദയ്ക്ക് ജീവിതത്തിൽ ആദ്യമായി അമ്മയെ വിട്ടു നിൽക്കേണ്ടി വന്നതിൽ സങ്കടവും ഉണ്ടായി. മെയ് രണ്ടാം വാരമാണ് തിരിച്ചു വന്നത്. ജൂലായിൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങി ഒക്ടോബർ 11നാണ് ഫൈനൽ സംപ്രേക്ഷണ ചെയ്തത്. തുടക്കത്തിൽ ബോളിവുഡ് ഗായകരായ കുമാർസാനു, അൽക്ക യാഗ്നിക്ക്, ഉദിത് നാരായണൻ എന്നിവരായിരുന്നു ജഡ്ജസ് . ഇവർ ആര്യ നന്ദയെ നന്നായി പ്രോത്സാഹിപ്പിച്ചു. ഹിന്ദി അറിയാത്ത കുട്ടി 

ഇത്ര നന്നായി  പാടുന്നത് അവരെ അത്ഭുതപ്പെടുത്തി. പലപ്പോഴും അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. “സത്യം ശിവം സുന്ദരം…. എന്ന പാട്ടു പാടിക്കഴിഞ്ഞപ്പോൾ അൽക്ക മാഡം സ്റ്റേജിൽ വന്ന് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. അതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിൻ്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല- ആര്യ നന്ദ പറഞ്ഞു.  ഈ പാട്ട് പിന്നീട് വൈറലായി ലോകത്തിലെ സംഗീതാസ്വാദകരെല്ലാം കണ്ടു. ലോക് ഡൗൺ കഴിഞ്ഞ് പരിപാടി വീണ്ടും തുടങ്ങിയപ്പോൾ സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ, ജാവേദ് അലി, അൽക്ക യാഗ്നിക്ക് എന്നിവരാണ് ജഡ്ജസായി എത്തിയത്. ആര്യ നന്ദ ഭാവിയിൽ മികച്ച ഗായികയാകുമെന്നും ഞാൻ ആര്യയുടെ ഫാനാണെന്നും

 ഹിമേഷ് പറഞ്ഞപ്പോൾ എല്ലാവരും കരഘോഷം മുഴക്കി. ഫൈനലിൽ നടൻ ജാക്കി ഷ്‌റോഫ്, ഗോവിന്ദ, ശക്തി കപൂർ എന്നിവർ അതിഥികളായിരുന്നു. ഇവരുടേയും ജഡ്ജസിൻ്റേയും സാന്നിധ്യത്തിൽ മനോഹരമായ ലൈറ്റിങ്ങുമായി വർണ്ണാഭമായ വേദിയിൽ പാടി ആര്യ നന്ദ  ഒന്നാമതെത്തിയപ്പോൾ അത് ലോകം മുഴുവൻ കണ്ടു.

സമ്മാനത്തിനൊപ്പം രണ്ട് ഹിന്ദി സിനിമകളിൽ പാടാനുള്ള അവസരവും ആര്യനന്ദയെ തേടിയെത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ പാടി അഭിനയിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

ജാനകി അമ്മയെ ഏറെ ഇഷ്ടം

ഗായിക ജാനകിയുടെ പാട്ടുകളും എ.ആർ.റഹ്മാൻ്റെ പാട്ടുകളുമാണ് ആര്യ നന്ദയ്ക്ക് ഇഷ്ടം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എസ്. ജാനകി കോഴിക്കോട്ട് വന്നിരുന്നു. അപ്പോൾ അവരുടെ മുന്നിൽ പാടി. ഈ സമയത്ത് ഗായിക സുജാതയും അവിടെ ഉണ്ടായിരുന്നു. രണ്ടു പേർക്കും പാട്ട് വളരെ ഇഷ്ടമായി. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ “മയിലാഞ്ചി” എന്ന

ആൽബത്തിൽ പാടി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോട് ടൗൺ ഹാളിൽ നടന്ന “സ്നേഹപൂർവ്വം ആര്യനന്ദ” എന്ന പരിപാടിയിൽ നാല് ഭാഷകളിലെ 25 ഗാനങ്ങൾ പാടി. സംഘം കലാ ഗ്രൂപ്പ് ഡൽഹിയിൽ നടത്തിയ സിനിമാഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടി. സീ ടി.വി തമിഴ് മ്യൂസിക്‌ റിയാലിറ്റി ഷോ ഫൈനൽ റണ്ണറപ്പായിരുന്നു. ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി കിട്ടിയത്.കഴിഞ്ഞവർഷം നവമ്പറിലായിരുന്നു ഫൈനൽ.

ചെമ്പൈ സംഗീതോത്സവത്തിൽ

ചേവായൂർ എ.യു.പി സ്കൂളിലും വെള്ളിമാടുകുന്ന് സെൻ്റ് ജോസഫ്സ് സ്ക്കൂളിലുമാണ് നാലാം ക്ലാസുവരെ ആര്യ നന്ദ പഠിച്ചത്. അച്ഛൻ രാജേഷ് ബാബു കോഴിക്കോട്  നിസരി സംഗീത വിദ്യാലയം നടത്തിയിരുന്നു. മാങ്കാവിലെ വീട്ടിലായിരുന്നു ഇത്‌. ഒരിക്കൽ സംഗീതം

പഠിക്കുന്ന കുട്ടികളെ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയപ്പോൾ ആര്യ നന്ദയ്ക്ക് രണ്ടര വയസ്സ്. സ്റ്റേജിൽ മറ്റു കുട്ടികൾക്കൊപ്പം പാടണമെന്ന് വാശി പിടിച്ച് കരഞ്ഞ ആര്യ നന്ദയെ അന്ന് പാടിപ്പിച്ചു. ” രണ്ടര വയസിൽ ഗുരുവായൂരപ്പൻ്റെ മുന്നിൽ പാടാൻ അവൾക്ക് ഭാഗ്യമുണ്ടായി – അച്ഛൻ രാജേഷ് ബാബു പറഞ്ഞു.

കീഴരിയൂരിൽ നിന്ന് ഹിന്ദി ലോകത്തേക്ക്.

ആര്യനന്ദയുടെ വിജയം കോഴിക്കോട്ടെ കീഴരിയൂർ ഗ്രാമത്തിനും ആഹ്ലാദം നൽകുന്നതാണ്. കൊയിലാണ്ടിക്ക് സമീപം കീഴരിയൂരിലാണ് അച്ഛൻ രാജേഷ് ബാബുവിൻ്റെ വീട്. അമ്മ ഇന്ദു ചേവായൂർ സ്വദേശിനി. പാലക്കാട് ചെമ്പൈ സ്മാരക ഗവ.കോളേജിൽ നിന്ന് ഗാന ഭൂഷണം പാസായ ശേഷം ചെന്നൈ മദ്രാസ്

യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ഉപരിപഠനം നടത്തിയ രാജേഷ് ബാബു ഏഴ് വർഷത്തോളം ബാംഗ്ലൂർ എച്ച്.എഎല്ലിൽ നിസരി സ്കൂൾ ഓഫ് മ്യൂസിക്ക് എന്ന സ്ഥാപനം നടത്തിയിരുന്നു. 2003 മുതൽ കോഴിക്കോട്ട് മാങ്കാവിൽ നിസരി സംഗീത വിദ്യാലയം തുടങ്ങി. മാങ്കാവ് പ്രസ്റ്റിജ് പബ്ലിക്ക് സ്ക്കൂൾ , പ്രസൻ്റേഷൻ സ്ക്കൂൾ കുണ്ടായിത്തോട് സെൻ്റ് ഫ്രാൻസിസ് സ്കൂൾ, സ്വാതി തിരുനാൾ സംഗീത കലാകേന്ദ്രം

എന്നിവിടങ്ങളിലെല്ലാം സംഗീത അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഐഡിയൽ പബ്ലിക്ക് സ്ക്കൂളിൽ അധ്യാപകനാണ്. ഭാര്യ ഇന്ദു സംഗീത നാടക അക്കാദമിയുടെ ഗാനശ്രീ കോഴ്സ് കഴിഞ്ഞ് ബാംഗ്ലൂരിൽ ഡോ.രാമമൂർത്തിയുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. കോഴിക്കോട്ട് ഗോകുലം സ്ക്കൂളിൽ സംഗീത അധ്യാപികയാണ്. പന്തീരാങ്കാവിലാണ് ഇപ്പോൾ താമസിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *