മനസ്സിലെന്നും പ്രകൃതി സൗന്ദര്യത്തിൻ്റെ വർണ്ണം
പ്രായമൊന്നും പ്രശ്നമല്ല, സി. കെ. നായർ എന്ന ചെറക്കര കുഞ്ഞമ്പു നായർ ഇന്നും പ്രകൃതിയെ തൻ്റെ കാൻവാസിലേക്ക് ആവാഹിക്കും. മണിക്കൂറുകൾ നീളുന്ന പരിശ്രമത്തിലൂടെ വർണ്ണങ്ങൾ ചാലിക്കുമ്പോൾ കാൻവാസിൽ പ്രകൃതി പുനർജനിക്കും. സ്ക്കൂൾ കാലത്ത് ബ്രഷ് കൈയിലെടുത്തതാണ്. അവിടുന്ന് ഇങ്ങോട്ട് വരച്ച ചിത്രങ്ങൾക്ക് കണക്കില്ല. ഏഴര പതിറ്റാണ്ട് കാലത്തെ കലാ പ്രവർത്തനത്തിൻ്റെ
ഓർമ്മകളുമായി കാസർകോട് കാനത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഈ ചിത്രകാരൻ. വയസ്സ് 84 ആയെങ്കിലും മനസ്സിൽ വിരിയുന്ന ആശയം കുഞ്ഞമ്പു നായർ അപ്പോൾ തന്നെ കാൻവാസിലാക്കും. അങ്ങിനെ നാട്ടിലെ പാടവരമ്പും ബേക്കൽ കോട്ടയുമെല്ലാം ചിത്രങ്ങളായി മാറും. ഛായാചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളുമടക്കമുള്ള വലിയൊരു ശേഖരം ഇപ്പോൾ വീട്ടിലുണ്ട്.
കാസർകോട്ടെ ഉൾനാടൻ പ്രദേശമായ കാനത്തൂരിൽ അന്ന് ഹൈസ്ക്കൂളില്ല. ഹോസ്സ്റ്റലിൽ താമസിച്ച് നീലേശ്വരം രാജാസ് ഹൈസ്ക്കൂളിൽ നിന്നാണ് 1955 ൽ എസ്.എസ്.എൽ.സി പാസായത്. നന്നേ ചെറുപ്പത്തിലേ വരയ്ക്കും. ചിത്രം വരയ്ക്കാൻ പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങിനെ തലശ്ശേരി കേരള സ്ക്കൂൾ ഓഫ് ആർട്സിൽ
നിന്ന് 1958 ൽ മദ്രാസ് സർക്കാറിൻ്റെ എം.ജി.ടി.ഇ ഡിപ്ലോമ നേടി. ചിത്രകാരന്മാരായ പി.എസ്. കരുണാകരൻ മാസ്റ്റർ, കെ.കെ.വാര്യർ എന്നിവരൊക്കെ ഒന്നിച്ച് പഠിച്ചവരാണ്. പിന്നീട് ബേക്കൽ ഗവ. ഫിഷറീസ് ഹൈസ്ക്കൂളിൽ
ചിത്രകലാ അധ്യാപകനായി നിയമനം കിട്ടി. ജി.എച്ച്.എസ്.എസ്. ഇരിയണ്ണി, ജി.എച്ച്.എസ്.എസ്. കാസർകോട് , ജി.എച്.എസ്.എസ്. കാറടുക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1992 ലാണ് വിരമിച്ചത്. ആദ്യകാലത്തെല്ലാം പോർട്രെയിറ്റാണ് ചെയ്തത്.
വ്യക്തികളുടെ ഛായാചിത്രങ്ങൾ ഒട്ടേറെ വരച്ചിട്ടുണ്ട്. സ്വാതന്ത്ര്യ
സമര സേനാനികളായ എ.സി.കണ്ണൻ നായർ, വിദ്വാൻ പി കേളുനായർ തുടങ്ങിയവരുടെ ഛായാചിത്രങ്ങൾ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിനു വേണ്ടി വരച്ചിരുന്നു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സാഹിത്യകാരൻ എ.പി.ഉദയഭാനുവിൻ്റെ ചിത്രവുമുണ്ട്. ഒട്ടേറ പഴയ കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും ചിത്രങ്ങൾ
കുഞ്ഞമ്പു നായരുടെ കാൻവാസിൽ പിറന്നിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയുടേതടക്കം പല ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കാനത്തൂർ കലാസമിതിയുടെ സെക്രട്ടറിയായിരുന്നു. കലാസമിതിയുടെ നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മെയ്ക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. പല സന്നദ്ധ സംഘടനകളും
കുഞ്ഞമ്പു നായരെ ആദരിച്ചിട്ടുണ്ട്. “ഒരു ആശയം കിട്ടിയാൽ അപ്പോൾതന്നെ അത് വരയ്ക്കണമെന്ന് തോന്നും. ചില ചിത്രങ്ങൾ വരയ്ക്കാൻ ഒരു ദിവസം മതി. ചിലത് പൂർത്തിയാകാൻ ഒരാഴ്ച വേണം. അക്രിലിക് കളറിലാണ് ഇപ്പോൾ കൂടുതൽ ചെയ്യുന്നത്” – കുഞ്ഞമ്പു നായർ പറഞ്ഞു. കെ.പി.ശാരദയാണ് ഭാര്യ. കാസർകോട് കാറടുക്ക
ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ചിത്രകലാ അധ്യാപകൻ കെ. പി. ജ്യോതിചന്ദ്രൻ , ചെന്നൈ ചെട്ടിനാട് വിദ്യാശ്രമത്തിലെ ചിത്രകലാ അധ്യാപകൻ കെ. പി. വത്സരാജ്, കാസർകോട് നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്കൂൾ അധ്യാപിക ലേഖ, ചെന്നൈ മാതൃഭൂമിയിൽ മാധ്യമ പ്രവർത്തകനായ പ്രശാന്ത് കാനത്തൂർ എന്നിവർ മക്കളാണ്.
As a student of GHSS Iriyanni, we heard about him and had the privilege of seeing many of his arts. Portrait of my wife’s grand father is still adorn our drawing room. Kunhambu Master was a great source of inspiration and all my brothers used to draw sceneries looking at his drawings. Wish him many more of fruitful and healthy life.
Kunjambu Master was my teacher when i was studying Iriyanni government high schools. His son Jyothi Chandran was my classmate and close friend.
I still remember those school days and he was a great inspiration and we liked to sit in his class.
During school youth festival days He used to train and prepare all students for the cultural competitions.
I wish him many more happy and healthy life ahead