പുൽത്തൈലം തരുന്ന തെരുവപ്പുല്ല് കൃഷി ചെയ്യാം.
പുല്ലു വർഗ്ഗത്തിൽപ്പെട്ട ചെടിയായ തെരുവപ്പുല്ല് അഥവാ ലെമൺ ഗ്രാസ്
പൗരാണികമായി പ്രകൃതിയിലെ വലിയൊരു ഔഷധമാണ്. പല ആയുർവേദ മരുന്നുകളിലും ചേരുവയായ ഇതിന് ലോക വ്യാപകമായി തന്നെ പ്രാധാന്യം കല്പിച്ചു വരുന്നു. ഇതിൽ നിന്ന് വാറ്റിയെടുക്കുന്ന പുൽത്തൈലത്തിന് ഉപയോഗം പലതാണ്. കേരളത്തിൽ ഇടുക്കി ജില്ലയിൽ ഇത് കൃഷി ചെയ്തുവരുന്നുണ്ട്. പുൽത്തൈലത്തിന് നല്ല വിലയുമുണ്ട്. അരോമ തെറാപ്പിക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. സോപ്പിലും മെഴുകുതിരിയിലും സുഗന്ധസ്പ്രേയായും
ഉപയോഗിച്ചു വരുന്നു. കീടങ്ങളെ അകറ്റാനുള്ള ശക്തി കൊണ്ടാണിത്. ഇതിലടങ്ങിയിരിക്കുന്ന ജെറനിയോൾ, സിട്രനല്ലോൾ എന്നീ രാസഘടകങ്ങൾ ആന്റീസെപ്റ്റിക്കുകളാണ്. സിമ്പോപോഗൺ പ്ലെക്സോസസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തെരുവപ്പുല്ല്, ലെമൺ ഗ്രാസ്, കൊച്ചിൻ ഗ്രാസ്, മലബാർ ഗ്രാസ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇത് ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം കമ്പോഡിയ, തായ്ലന്റ് എന്നിവിടങ്ങളിലെല്ലാം കണ്ടു വരുന്നുണ്ട്. ബ്രസീൽ, കരീബിയ എന്നിവിടങ്ങളിൽ പാനീയങ്ങളിലും ചായയിലും മറ്റ് പാനീയങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രതിരോധശേഷിയും ഉന്മേഷമും
ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണിത്. പക്ഷെ ഇതിന് ശാസ്ത്രീയ അടിത്തറയില്ല. കേരളത്തിലെ മലയോരങ്ങളിലും പശ്ചിമഘട്ട താഴ്വാര പ്രദേശങ്ങളിലും തെരുവപ്പുല്ല് കണ്ടുവരുന്നുണ്ട്. മൂന്നാറിനടുത്ത മറയൂരിൽ ഇത് വ്യാപകമായി കൃഷി ചെയ്ത് പുൽതൈലം വാറ്റിയെടുക്കുന്നുണ്ട്. ഇവിടെ തൈലത്തിന് നല്ല വില കിട്ടുണ്ടുമുണ്ട്. അതിനാൽ തൈല നിർമ്മാണം ഇവിടെ കുടിൽ വ്യവസായമാണ്. രണ്ട് മീറ്റർ വരെ ഉയരത്തിൽ വരുന്ന ഇതിന്റെ അറ്റത്തുണ്ടാകുന്ന വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
നിലമൊരുക്കി വിത്തിട്ടാൽ മൂന്ന് മാസത്തിനുള്ളിൽ തൈലമുണ്ടാക്കാനായി മുറിച്ചെടുക്കും. പിന്നെയും തളിർത്തു വരുന്ന പുല്ല് വർഷം മുഴുവൻ വെട്ടിയെടുക്കാം. ഇവിടങ്ങളിൽ വളക്കൂറുള്ള മണ്ണായതിനാൽ പ്രത്യേക വളമൊന്നും ചെയ്യാറില്ല. കളപറിച്ചു മാറ്റിയാൽ പുല്ല് നന്നായി വളരും.കണ്ണൂർ ജില്ലയിൽ തില്ലങ്കേരിയിൽ ‘ജൈവം’ എന്ന ഫാം നടത്തുന്ന കർഷകനായ ഷിംജിത്ത് തില്ലങ്കേരിക്ക് ഇതിന്റെ കൃഷിയുണ്ട്. കർഷകർക്ക് സഹായമൊന്നും കിട്ടാത്തതിനാൽ ആളുകൾ ഇത് കൈയൊഴിഞ്ഞതായി അദ്ദേഹം പറയുന്നു.