വർണ്ണക്കല്ലുകളിൽ വിരിഞ്ഞ ദുല്‍ക്കറിന്റെ ചിത്രം
പൂന്തോട്ടങ്ങൾക്ക് സൗന്ദര്യം നൽകുന്ന ഉരുളൻ കല്ലുകൾ കൊണ്ട് ഒരു മനോഹര ചിത്രം. ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷാണ് കല്ലിൽ നടൻ ദുൽക്കർ സൽമാന്റെ ചിത്രം രൂപപ്പെടുത്തിയത്. പൂന്തോട്ടങ്ങളിലും അക്വേറിയത്തിലും
അലങ്കാരത്തിന് ഉപയോഗിക്കുന്ന പല നിറത്തിലുള്ള ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ദുൽക്കറിന്റെ രൂപമുണ്ടാക്കിയത്. മൂന്നുപീടികയിൽ ഹെവൻ ആയുർ ഇന്റഗ്രേറ്റഡ് ക്ലിനിക്ക് നടത്തുന്ന സുഹൃത്തായ സിദ്ധിഖിന്‍റെ സഹായത്തോടെയാണ് ചിത്രത്തിന്റെ നിർമ്മാണം.തൃശ്ശൂർ കൈപ്പമങ്ങലത്തിനടുത്ത് ചളിങ്ങാട് റീഡെക്സ് സ്പോര്‍ട്ട്സ്
ഇന്‍റോര്‍ സ്റ്റേഡിയം ഫുട്ബോള്‍ ഗ്രൗണ്ടിലാണ് 25 അടി വലുപ്പമുള്ള വലിയ ചിത്രം ഉണ്ടാക്കിയത്. പ്ലാസ്റ്റിക്ക് പുല്ല് പിടിപ്പിക്കാനായി ഗ്രൗണ്ടിൽ ബേബിജില്ലി നിരത്തിയതിനു മുകളിൽ പല തരം കല്ലുകൾ അടുക്കി വെച്ചു. വെള്ള, മഞ്ഞ, തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള കല്ലുകൾ കിട്ടിയിരുന്നു. ചെറിയ ചിത്രത്തിനു മുകളിൽ
ഗ്രാഫ് വരച്ച് ഇതിന്റെ കള്ളികൾ വലിയ അനുപാതത്തിൽ ഗ്രൗണ്ടിൽ വരച്ചാണ് ആദ്യ രൂപമുണ്ടാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ ആരു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് ചിത്രം പൂർത്തിയായി. മണ്ണുത്തിയിൽ അമ്പാടി പെബിൾസ് നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകള്‍ നൽകിയതെന്ന് സുരേഷ് പറഞ്ഞു.സ്റ്റേഡിയം ഉടമ മുജീബ്ഹംസ, രാകേഷ് പള്ളത്ത് ,
നജീബ് എന്നിവരെ കൂടാതെ സ്പോട്സ് കലാ പ്രേമികളായ ആറ് സുഹൃത്തുക്കള്‍ കല്ലുകള്‍ എത്തിക്കാനും സഹായിക്കാനും കൂടെ ഉണ്ടായിരുന്നു. അടുത്തുനിന്ന് നോക്കിയാൽ ദുൽക്കറിന്റെ രൂപം തെളിയില്ല. ക്യാമറാമാൻ സിംബാദും സുഹൃത്ത് ചാച്ചനും ചേർന്ന് ഹെലികാം പറപ്പിച്ച് ചിത്രം ഒപ്പിയെടുത്തു. വിവിധ മീഡിയങ്ങളിലായി നൂറ് ചിത്ര- ശില്പങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഡാവിഞ്ചി സുരേഷ്. ഇതിൽ അറുപത്തിയഞ്ചാമത്തെ മാധ്യമമാണ് കല്ലുകളെന്ന്
സുരേഷ് പറഞ്ഞു. ഇതിന്റെ നിർമ്മാണ വീഡിയോ സ്വന്തം യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലിൽ ഉണ്ടാക്കിയ ചിത്രം കണ്ടപ്പോഴുണ്ടായ സന്തോഷം ദുൽക്കർ സൽമാൻ ഫെയിസ് ബുക്കിൽ പങ്കുവെച്ച് സുരേഷിനെ അഭിനന്ദിക്കുകയും ചെയ്തു.