പുസ്തകത്തിനിടയിൽ വെച്ചിരുന്ന ഇലമുളച്ചിയെ ഓർക്കുന്നോ
‘ഇലമുളച്ചി’യെ കാണാത്തവർ കുറയും. വഴിയോരങ്ങളിലെല്ലാം കണ്ടിരുന്ന ഇത് നാടുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഗ്രാമങ്ങളിൽ ഇതൊരപൂർവ്വ സസ്യമാണ്. പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ കട്ടിയുള്ള ഇല പുസ്തകത്തിനിടയിൽ സൂക്ഷിച്ചു വെച്ച് എന്നും തുറന്നു നോക്കുമായിരുന്നു. ഭംഗിയുള്ള ഇലയുടെ അരികിൽ നിന്ന് വേരുകൾ വരുന്നതിനാൽ മുളയ്ക്കുന്ന ഈ ഇല എന്നും കുട്ടികളുടെ കൗതുകമായിരുന്നു.
മഷിച്ചെപ്പ് എന്നുകൂടി പേരുള്ള ഇത് കുട്ടികൾ സ്ലേറ്റ് മായിക്കാനും ഉപയോഗിച്ചിരുന്നു. മുളച്ചു വരുന്ന ഇലയുടെ അറ്റം പറിച്ചു നട്ടാൽ പുതിയ സസ്യങ്ങൾ ഉണ്ടാകും. ബ്രയോഫില്ലം പിന്നാറ്റം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം ഏഷ്യ, ആസ്ത്രേലിയ, ന്യൂസിലാന്റ്, വെസ്റ്റിൻറീസ്, മഡഗാസ്ക്കർ എന്നിടങ്ങളിലെല്ലാം കണ്ടു വരുന്നുണ്ട്. ചെറിയൊരു വിഷാംശമുള്ളതിനാൽ ഇത് കൂടുതലായി തിന്നാൽ കന്നുകാലികൾ അസ്വസ്ഥത പ്രകടിപ്പിക്കും.
മരണവും സംഭവിക്കാറുണ്ട്. ഔഷധസസ്യമെന്ന നിലയിൽ ഇതിന് പല ഉപയോഗങ്ങളുമുണ്ട്. രക്തസമ്മർദ്ദം കുറക്കാനും വൃക്കയിലെ കല്ല് നീക്കാനും ഇത് പൗരാണികമായി ഉപയോഗിച്ചു വരുന്നുണ്ട്. തലവേദനയ്ക്ക് വെളിച്ചെണ്ണയിൽ ചാലിച്ച് നെറ്റിയിൽ പുരട്ടും. പനി, ശരീരവേദന എന്നിവയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഔഷധഗുണം കണ്ടെത്താൻ പല ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ ‘ജൈവം’ എന്ന ഓർഗാനിക്ക് ഫാം നടത്തുന്ന ഷിംജിത്ത് തില്ലങ്കേേരി എന്ന യുവകർഷകൻ ഈ ചെടി കൃഷി ചെയ്ത് തൈകൾ ഉല്പാദിപ്പിച്ച് വില്പന നടത്തുന്നുണ്ട്. മൂന്നു തരത്തിലുള്ള ഇലമുളച്ചി ഇദ്ദേഹം കൃഷി ചെയ്യുന്നു. കാണാൻ ഭംഗിയുള്ളതിനാൽ ഉദ്യാനസസ്യമായും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. വീട്ടിനകത്ത് വെക്കാൻ പറ്റുന്ന ഇന്റീരിയർ പ്ലാൻറാണിത്.