നാട്ടിലെ ആമകൾക്ക് ഭീഷണിയായി അമേരിക്കയിലെ അലങ്കാര ആമ
മനുഷ്യരിൽ സാൺമണെല്ലോസിസ് രോഗം പരത്തുന്ന ആമയെ കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി.
അമേരിക്കയിലും മെക്സിക്കോയിലും കണ്ടു വരുന്ന അലങ്കാര ആമയെ (റെഡ് ഈയേർഡ് സ്ലൈഡർ ടർട്ടിൽ ) കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി. ഐ.യു.സി.എൻ തയ്യാറാക്കിയ പട്ടികയിലെ ഏറ്റവും അപകടകരമായ കടന്നുകയറ്റമുള്ള നൂറു ജീവികളിലൊന്നാണ് ഈ ആമയെന്ന് കക്കാട് പുഴയിൽ ഈ ആമയെ കണ്ടെത്തിയ പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ഡോ. പി വി മോഹനൻ പറഞ്ഞു.
അമേരിക്കയിൽ നിന്ന് കടന്നുകയറ്റം വഴി ആസ്ത്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ഇവയെത്തിയതായി റിപ്പോർട്ടുണ്ട്. കോഴിക്കോട് ഈ ആമയെ കഴിഞ്ഞ വർഷം കണ്ടെത്തിയതായി ശാസ്ത്രജ്ഞനായ ജാഫർ പാലോട്ട് പറഞ്ഞു. ഗൾഫിൽ നിന്നും അലങ്കാരത്തിനു വേണ്ടി നാട്ടിലെ പെറ്റ് ഷോപ്പുകളിലെത്തിച്ച ആമയെ ആരെങ്കിലും പുഴകളിൽ നിക്ഷേപിച്ചതാകാനാണ് സാധ്യത. യൂറോപ്പ് ഉൾപ്പെടെ പല രാജ്യങ്ങളും ഈ ആമയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ആസ്ത്രേലിയയിൽ ഈ ആമയുടെ വ്യാപനം തടയാൻ വലിയ തോതിലുള്ള ബോധവൽക്കരണ പരിപാടികൾ
നടത്തിവരുന്നു. ഇവ അതാത് സ്ഥലത്തെ തനതു ആമകളുടെ ജൈവ വൈവിധ്യത്തെ ബാധിക്കുന്നതിനാലാണ് ഐ.യു.സി.എൻ. ഇതിനെ ഐ.എസ്.എസ്.ജി (invasive species specialist group) ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യപ്രശ്നത്തിനും ഈ ആമകൾ കാരണമാകാറുണ്ട്. സാൾമണെല്ലാ ബാക്ടീരിയയുടെ വാഹകരാണിവ. മനുഷ്യരിലേക്ക് ഇവ സാൺമണെല്ലോസിസ് രോഗം പരത്തുന്നതായും പഠന റിപ്പോർട്ടുകളുണ്ട്.
പുഴകളിൽ നിന്നും കിണറുകളിൽ എത്തിയാലാണ് കൂടുതൽ അപകടം. പൊതുജനാരോഗ്യം കണക്കിലെടുത്ത് അമേരിക്കയിൽ ഇവയെ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ പെട്ടെന്ന് പെരുകും. ഒരു തവണ 30 മുട്ടകൾ വരെയിടും. 60 ദിവസമാണ് വിരിയാനെടുക്കുന്ന സമയം. അതുകൊണ്ടു തന്നെ നാട്ടിലെ തനതു ആമകളുടെ ആവാസ വ്യവസ്ഥയെ കീഴടക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
30 വർഷം വരെ ഇവ ജീവിച്ചിരിക്കും. കക്കാട് പുഴയിൽ കേരളത്തിൽ കണ്ടുവരുന്ന സോഫ്റ്റ് ഷെൽഡ് ടർട്ടിൽ എന്ന ഇനവുമുണ്ട്. ഇവയുടെ വംശനാശത്തിന് അലങ്കാര ആമയുടെ സാമിപ്യം കാരണമാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് അലങ്കാര ആമയുടെ നിയന്ത്രണത്തിനായുള്ള നിയമ നിർമ്മാണം വേണമെന്നും അഭിപ്രായമുണ്ട്. ആഫ്രിക്കൻ മുഷി നമ്മുടെ നാടൻ മത്സ്യസമ്പത്തിന് ഭീഷണിയായതും , ആഫ്രിക്കൻ ഒച്ച് ഉണ്ടാക്കുന്ന പ്രശ്നങ്ങളും മലയാളികൾ മറന്നിട്ടില്ല.