പ്രകൃതി നൽകുന്ന ഹെയർ ഡൈ – നീലയമരി
തലമുടിക്ക് കറുപ്പ് നിറം നൽകുന്ന പ്രകൃതിദത്ത ഡൈയായി ഉപയോഗിക്കുന്ന സസ്യമാണ് നീലയമരി. മുടി വളരാനും മുടിക്ക് അഴക് നൽകാനും ഉപയോഗിക്കുന്ന നീലഭൃംഗാദി എണ്ണയിലെ പ്രധാന ചേരുവ കൂടിയാണിത്. നീലയമരി ഇട്ട് കാച്ചിയ എണ്ണ മുടി കൊഴിച്ചിലിനും താരൻ പോകാനും പണ്ടേ ഉപയോഗിക്കുമായിരുന്നു. ആയുർവേദത്തിൽ ഇത് പല രോഗങ്ങൾ ചികിത്സിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലയ്ക്ക് നീലകലർന്ന പച്ച നിറമാണ്.
ഇല അരച്ച് മൈലാഞ്ചി പോലെ പുരട്ടിയാൽ മുടിക്ക് കറുപ്പ് നിറം കിട്ടും. കേരളത്തിൽ പൊതുവെ കണ്ടു വരുന്ന ഈ ചെടി ഔഷധസസ്യമായി വീടുകളിലും മറ്റും വളർത്തുന്നുണ്ട്. ഇൻഡിഗോഫെറ ടിങ്ക്ടോറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇത് പയർ വർഗ്ഗത്തിൽപ്പെട്ട സസ്യമാണ്. ഏഷ്യയിലും ആഫ്രിക്കയിലും ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നീല നിറം പ്രകൃതിദത്ത ചായമായി വസ്ത്രങ്ങൾക്ക് നിറം നൽകാനും ഉപയോഗിക്കുന്നു. രക്ത വാതം, ആസ്തമ, പ്രമേഹം
എന്നിവ ചികിത്സിക്കാനും ഉപയോഗിക്കുന്നുണ്ട്. പാമ്പ്, പഴുതാര ,തേൾ, ചിലന്തി എന്നിവയുടെ കടിയേറ്റാൽ ചികിത്സയിൽ നീലയമരിയും ഉപയോഗിക്കാറുണ്ട്. ഷഡ്ബിന്ദു തൈലം, നരസിംഹ രസായനം എന്നിവയിലും ഇത് ചേർക്കാറുണ്ട്. ഇതിന്റെ കായയിൽ നിന്ന് കിട്ടുന്ന ചെറിയ വിത്ത് മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. വേനൽകാലത്താണ് ഇത് നടേണ്ടത്.
പുറന്തോട് കട്ടിയുള്ളതിനാൽ വിത്ത് മണ്ണുമായി കലത്തി കുറേ നേരം കുഴച്ചു വേണം നടാൻ. ഇളം ചൂട് വെള്ളത്തിൽ വിത്ത് മുക്കി നട്ടാൽ എളുപ്പം മുളയ്ക്കും. മൂന്നു മാസത്തിനുള്ളിൽ ഇലകൾ വളർന്ന് പന്തലിക്കും. പുഷ്പ്പിച്ച് കായ പിടിക്കുന്നതിനു മുമ്പ് ഇല പറിച്ചെടുക്കണം. അടുത്ത സീസണിൽ ഇത് വീണ്ടും തളിർക്കും. നാട്ടിലെ വൈദ്യശാലകൾ ഈ ഇല വാങ്ങാറുണ്ടെന്ന് കണ്ണൂർ തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്ത് പറഞ്ഞു. കിലോയ്ക്ക് 400 രൂപ വരെ വില കിട്ടാറുണ്ടെന്നും ഷിംജിത്ത് പറയുന്നു.