അലക്കാനും അലങ്കരിക്കാനും ഈ വർണ്ണക്കായ
തെക്കേ അമേരിക്കയിൽ നിന്നുള്ള ഈ അലങ്കാര സസ്യത്തിന് വൻ ഡിമാന്റാണ്. വഴുതന വർഗ്ഗത്തിൽപ്പെട്ട ഇത് അഞ്ചുമുലച്ചിവഴുതന, ഗോമുഖ വർത്തകി എന്നീ പേരുകളിൽ അറിയപ്പെടുന്നു. പശുവിന്റെ മുലക്കാമ്പിനോട് സാദൃശ്യമുള്ളതുകൊണ്ടാണിത്.ശാസ്ത്രനാമം-സൊളേനം മാമോസം. ഇതൊരു വിഷസസ്യമാണെെങ്കിലും നിറവും ഭംഗിയും കൊണ്ടാണ് ഇത് പ്രചാരം നേടിയത്.
ചെടിയിൽ കുലകളായി കാണപ്പെടുന്ന കായ പൂപ്പാത്രങ്ങളിലും മറ്റും പൂക്കൾക്കും ഇലകൾക്കുമൊപ്പം ഭംഗി കൂട്ടാൻ ഉപയോഗിക്കും. ഉദ്യാനസസ്യമായി ഇത് പല രാജ്യങ്ങളിലും കൃഷി ചെയ്യാറുണ്ട്. ചൈനക്കാർ കൃസ്മസ്ട്രീ അലങ്കരിക്കുമ്പോൾ അതിലും തൂക്കിയിടാറുണ്ട്. മൂപ്പെത്തിയാൽ കടും ചുവപ്പ് , മഞ്ഞ നിറമായിരിക്കും. കൃഷിത്തോട്ടത്തിൽ ഇതൊരു കൗതുകവും അലങ്കാരവുമാണ്. സോപ്പിൻ കായ പോലെ വസ്ത്രം അലക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. ഇതിനകത്തുള്ളള ദ്രാവകം പിഴിഞ്ഞെടുത്ത് വെള്ളം ചേർത്താൽ നുരയുണ്ടാകും.
ആസ്തമ, കാൽപ്പാദം വിണ്ടു കീറുന്ന ഫങ്കസ് രോഗം എന്നിവ ചികിത്സിക്കാനും ഉപയോഗിക്കാറുണ്ട്. സ്റ്റിറോയിഡൽ ഗ്ലൈകോൾ കലോയിഡ് എന്ന വിഷവസ്തു അടങ്ങിയതിനാൽ ഇത് ഭക്ഷണമായി ഉപയോഗിക്കാറില്ല. ഇക്വഡോറിലേയും കൊളമ്പിയയിലേയും ഗ്രാമങ്ങളിൽ ആളുകൾ പാറ്റ, കൂറ എന്നിവയെ അകറ്റാൻ ഇത് വീട്ടിൽ വെക്കാറുണ്ട്.
കണ്ണൂർ തില്ലങ്കേരിയിലെ ജൈവ കർഷകൻ ഷിജിത്തിന്റെ തോട്ടത്തിൽ ഈ ചെടി വളർത്തുന്നുണ്ട്. അപൂർവ്വ ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽപ്പെടുത്തിയാണ് ഇത് കൃഷി ചെയ്യുന്നത്.