മുഖത്തെഴുതി, ഉടയാട ചുറ്റി ഓണത്താറാടി വരുന്നേ…
ശശിധരന്‍ മങ്കത്തില്‍
ചിങ്ങം പിറക്കുന്നതോടെ കണ്ടത്തില്‍ നിറയെ കാക്കപ്പൂവിരിയും. കുണിയൻ പുഴവരെ നീണ്ടുകിടക്കുന്ന നെല്‍പ്പാടത്തിന്റെ നിറം ഈ സമയത്ത് നീല പുതച്ചതുപോലെയാകും. ഓണം വരുന്നു എന്നറിയിച്ചുകൊണ്ട് എല്ലായിടത്തും തുമ്പയും ഇടവഴികളില്‍ മഞ്ഞക്കോളാംമ്പിയും വിരിഞ്ഞു നില്‍ക്കും. വഴിയിലെല്ലാം ഒരു പ്രത്യേക മണമാണ്, ഓണക്കാലത്തിന്റെ മണം ! ഈ സമയം കുട്ടികളെല്ലാം നഖം നോക്കും. നഖത്തില്‍ വെള്ള കുത്തുണ്ടെങ്കിൽ ഓണപ്പുടവ കിട്ടൂമെന്നാണ് വിശ്വാസം. അത്തം തൊട്ട് പത്ത് ദിവസം വീടിനു മുന്നില്‍ കളത്തില്‍ പൂവിടൂം.
പത്താം ദിവസം ഓണമാണ്. അത്തത്തിന് തലേന്ന് സ്‌ക്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ പുസ്‌തകം ഒരു മൂലയിലിട്ട് ചായ കുടിച്ചത് പോലെയാക്കി ഒറ്റ ഓട്ടമാണ്. കൂട്ടുകാരായ ഗോപാലനും സൂരേന്ദ്രനും ആനന്ദനു
മെലാം കോട്ടാളയുമായി ഒരുങ്ങി നില്‍ക്കുന്നുണ്ടാകും പൂവ് ഇരിയാന്‍. പറമ്പിൽ പലയിടത്തും തുമ്പപ്പൂ വാരിവിതറിയതു പോലെ ഉണ്ടാകും. പ്ലാവിലയും ഈര്‍ക്കിലിയും കൊണ്ടുണ്ടാക്കിയ കൊട്ടാള നിറയണമെങ്കിൽ തുമ്പപ്പു ഒരൂപാട് വേണം. വീട്ടിലേക്ക് വരുന്ന വഴി മഞ്ഞ കോളാംമ്പിയും ഹനുമാന്‍ കിരീടവും പറിക്കും. ഹനുമാന്‍ കിരീടം നല്ല ഭംഗിയാണ്.
ആറും എഴും തട്ടു കളിലായി ഇതളുകള്‍ ! കണ്ടാല്‍ ഹനുമാന്റെ കിരീടം തന്നെ ! അതിരാവിലെ എഴൂന്നേറ്റ് പൂവിടണം. അതിനു മുമ്പ് അമ്മയോ വലിയമ്മയോ കളത്തില്‍ പൂവിടുന്ന ഭാഗത്ത് മാത്രം ചതുരത്തില്‍ ചാണകം തേച്ചിട്ടുണ്ടാകും. ആദ്യ ദിവസം പൂക്കളം ചെറുതായിരിക്കും. നടുക്ക് കൃഷ്‌ണപ്പു. തുമ്പപ്പൂ കഴിഞ്ഞ് കോളാമ്പിയുടെ ഒരു ചുറ്റ്. അതു കഴിഞ്ഞ് ഹനുമാന്‍ കിരീടം. ഒരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വട്ടം വലുതാകും. രാവിലെ കിണറില്‍ നിന്ന് എടുക്കുന്ന ആദ്യത്തെ വെള്ളത്തില്‍ നിന്ന് കവളിക പാത്രത്തില്‍ ഒഴിച്ച് പൂക്കളത്തിനടുത്തു വെക്കും. ചിങ്ങവെള്ളം എന്നാണിതിനെ പറയുക. ഓണക്കാലത്ത് പറമ്പുകളിലെല്ലാം തുമ്പയ്‌ക്ക് ചുറ്റും കൂത്തിയിരിക്കുന്ന കുട്ടികള്‍ നാട്ടിലെ കാഴ്‌ചയാണ്. ആര്‍ക്കാണ് പൂവ് കൂടുതല്‍ കിട്ടുക എന്ന വാശിയില്‍ പലരും രാതി വരെ പൂവ് ഇരിയാന്‍ ഇരിക്കും. ഓണത്തിന് കഴിയുന്നത്ര പൂവ് പറിക്കും. കൈപ്പാട് കണ്ടത്തില്‍ നിന്ന് കാക്കപ്പൂ കിട്ടണമെകില്‍ കുറേ പണിപ്പെടണം. ദേഹമാകെ ചൊറിയും. മുട്ടോളം വെള്ളവുമുണ്ടാകും. എല്ലായിടത്തു നിന്നും കിട്ടിയ പൂക്കൾ വൈകുന്നേരം തുളസിത്തറയുടെ അരികിൽ കൊണ്ടു വെക്കും. തിരുവോണ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഓണ പൂവ് ഇടും. അമ്മയും മറ്റും പൂവിടാന്‍ ഉണ്ടാകും. പൂക്കളം ഒരൂങ്ങിയാല്‍ ചിലപ്പോള്‍ മഴചാറും.
പൂവെല്ലാം ഒലിച്ചൂ പോകും. രണ്ടോ മൂന്നോ ശീലക്കുട പൊത്തുകയാണ് ഇതിനൂള്ള ഒരേയൊരു പോംവഴി. രാവിലെ ഒമ്പത് മണി കഴിഞ്ഞാല്‍ ഓണത്താര്‍ വരുന്ന ചെണ്ട കേള്‍ക്കാം. മുഖത്തെഴുതി നിറയെ മാലകളുള്ള ആഭരണ ചാര്‍ത്ത് കഴുത്തിലിട്ട് മണി കിലുക്കി ഓണത്താറെന്ന കുട്ടിതെയ്യം വന്ന് പൂക്കളം ചവിട്ടിക്കൊണ്ട് മണികിലുക്കി ആടും. ചെണ്ടയ്‌ക്ക് ചുവട് വെച്ച് ആടിത്തീരുമ്പോൾ പൂക്കളം ആകെ ചിതറിയിട്ടുണ്ടാകും. എന്നാലും ഓണത്താറിന്റെ ആട്ടം കാണാന്‍ രസമാണ്. വീട്ടില്‍ ന്നിന്ന് നെല്ലും പൈസയൂം കൊടുക്കും. ചെണ്ട കൊട്ടുന്നവർ നെല്ല് മാറാപ്പിൽ കെട്ടും. ഓണത്താര്‍ പോകുന്ന വീട്ടില്ലൊം കുട്ടികള്‍ പിന്നാലെ പോകും. എല്ലാ വീട്ടിലെയും പൂക്കളം കാണാനാണിത്. കുറേ കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങും. അപ്പോഴേക്കും പായസത്തിന്റെയും പപ്പടത്തിന്റെയൂം മണം! പിന്നെ ഇലയിട്ട് വയറ് നിറച്ച് ഓണസദ്യ.