സുധാകരൻ നായരുടെ വീട്ടുമുറ്റത്ത് 250 ചാക്കിൽ ഇഞ്ചി കൃഷി
ഈ വീട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പൂന്തോട്ടമല്ല. നടവഴിയുടെ ഇരുഭാഗത്തുമുള്ള ഇഞ്ചിത്തൈകളാണ്. വഴിയിലൂടെ വീടിന്റെ മുറ്റം വരെ നടന്നു കയറുമ്പോൾ മനസ്സ് കുളിരും, ഒപ്പം ഇഞ്ചിയുടെ സുഗന്ധവും. കർഷകനായ തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തിലെ സുധാകരൻ നായരുടെ വീടാണിത്. വിതുര റോഡിൽ പി.ആർ. ഓഡിറ്റോറിയത്തിനടുത്താണ് വീട്. വീട്ടിലേക്ക് കയറുന്ന വഴിയരികിൽ 250 ചാക്കിലാണ് ഇഞ്ചി വളർന്നു നിൽക്കുന്നത്.
പൂച്ചെടികൾക്ക് പകരം ഇവിടെ ഇഞ്ചിയാണ് വീടിന് ഭംഗി നൽകുന്നത്. ഇഞ്ചിയെ പരിചരിക്കാൻ സുധാകരൻ നായർക്കൊപ്പം ഭാര്യ ലതികയുമുണ്ട്. സിമന്റ് ചാക്ക് പകുതിയാക്കി അതിൽ മണ്ണും ചാണകപ്പൊടിയും ഇട്ടാണ് നട്ടത്. ഏപ്രിൽ മാസത്തിലാണ് കൃഷി തുടങ്ങിയത്. രണ്ടു മാസം മുമ്പും ചാക്കുകളിൽ നട്ടു. മണ്ണും മണലും ചാണകപ്പൊടിയും 2: 1: 1 എന്ന അനുപാതത്തിൽ നിറച്ച് ഒരു ചാക്കിൽ 15 ഗ്രാം വിത്തിട്ട് കൃഷിക്ക് തുടക്കം.
വീട്ടിലേക്കുള്ള വഴിയരികിൽ ചെങ്കല്ല് തട്ടുകളാക്കി വെച്ച് പല തട്ടിലാണ് ചാക്ക് വെച്ചിരിക്കുന്നത്. അതിനാൽ കാണാൻ പൂന്തോട്ടം പോലെ ഭംഗിയുണ്ട്. തണ്ടിലെ പുഴുവിനും കിഴങ്ങിലെ ശല്‍ക്ക കീടത്തിനും വേപ്പെണ്ണ കഷായം. മൂടഴുകൽ ഒഴിവാക്കാൻ കുമ്മായം തുരിശ് സംയോജിത ലായനി ഒഴിച്ചു. ആറു മാസം കഴിയുമ്പോൾ ഒരു ചാക്കിൽ നിന്ന് മൂന്നര കിലോഗ്രാം ഇഞ്ചി വിളവെടുക്കാമെന്ന് സുധാകരൻ നായർ പറയുന്നു. കിലോയ്ക്ക് 150 രൂപ വരെ കിട്ടും. പ്രാദേശികമായാണ് വില്പന.
ഓണസദ്യയിൽ നാട്ടിലാകെ ഇഞ്ചിക്കറി വിളമ്പുന്നത് ഈ തോട്ടത്തിലെ ഇഞ്ചിയിൽ നിന്നായിരിക്കും. കഴിഞ്ഞ വർഷവും വീട്ടുമുറ്റത്ത് കൃഷി ചെയ്തിരുന്നു. നാട്ടിൽ നിന്ന് കിട്ടിയ വിത്താണ് ഉപയോഗിച്ചത്. വേറെ 40 സെന്റ് സ്ഥലത്ത് ഇപ്പോൾ ഇഞ്ചി കൃഷി നടത്തുന്നുണ്ട്. പല സമയത്തും നടുന്നതിനാൽ എത് സമയത്തും ഈ വീട്ടില്‍ ഇഞ്ചി കിട്ടും എന്നത് പ്രത്യേകതയാണ് . സുധാകരൻ നായരുടെ ചാക്കിഞ്ചി കൃഷി കർഷകർക്ക് നല്ല മാതൃകയാണെന്ന് ആനാട് കൃഷി ഓഫീസർ എസ്. ജയകുമാർ അഭിപ്രായപ്പെട്ടു.
Very useful information