കരനെല്ലിൽ വിരിഞ്ഞ ടോവിനോ ചിത്രം
കരനെൽ കൃഷി ചെയ്ത സ്ഥലത്ത് പാന്റും ഷർട്ടുമിട്ട യുവാക്കൾ പണി ചെയ്യുന്നതു കണ്ടപ്പോള്‍ നാട്ടുകാർ ചുറ്റും കൂടി. കൃഷിസ്ഥലത്ത് ചിത്രം ഉണ്ടാക്കാനുള്ള പുറപ്പാടാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് കൗതുകമായി. ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷും സുഹൃത്തുക്കളും ചേർന്നാണ് ഇവിടെ നടൻ ടോവിനോ തോമസിന്റെ ചിത്രം നെൽച്ചെടിയിൽ തീർത്തത്.
ചിത്രം ഉണ്ടാക്കാൻ പുല്ലു വളർന്നു നിൽക്കുന്ന പറമ്പ് അന്വേഷിച്ചു നടക്കുകയായിരുന്നു സുരേഷ്. ഇതേ തുടർന്നാണ് കരനെൽ കൃഷി ചെയ്യുന്ന സ്ഥലത്തെത്തിയത്. തൃശ്ശൂർ വലപ്പാട് പഞ്ചായത്തിലെ കഴിമ്പ്രം ബീച്ചിനടുത്ത് പതിമൂന്നാം വാർഡിൽ കാർഷിക കൂട്ടായ്മ നടത്തുന്ന കൃഷി സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. അങ്ങിനെ കരനെല്ല് വളർന്നു നിൽക്കുന്ന മനോഹരമായ സ്ഥലത്ത് പുതിയ പരീക്ഷണവുമായി ചിത്രരചന തുടങ്ങി.
പ്രളയ സമയത്തെ സേവനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ സിനിമാ താരം ടോവിനോ തോമസ് ആണ് ഈ നെൽചിത്രത്തിലെ താരമായത്. ഒറ്റ ദിവസം കൊണ്ടാണ് ചിത്രം തീർത്തത്. 35 അടി നീളവും 22 അടി വീതിയുമുള്ള നെൽപ്പാടത്താണ് ചിത്രം ഉണ്ടാക്കിയത്.
ടോവിനോയുടെ ചെറിയ ചിത്രത്തിൽ ഒരിഞ്ച് ഗ്രാഫ് വരച്ച് ഇത് പാടത്ത് മൂന്ന് അടിയായി വലുതാക്കി നൂലുകൊണ്ട് കള്ളിവരച്ചാണ് ചിത്രരചന. പരന്നു കിടക്കുന്ന നെൽച്ചെടി വേണ്ടാത്ത ഭാഗത്തുനിന്ന് പിഴുതെടുത്ത് മറ്റ് ഭാഗത്ത് നടുകയാണ് ചെയ്തത്. മുഖത്തിന്റെയും മുടിയുടെയും സ്ഥലത്ത് കൂടുതലായി നട്ടുപിടിപ്പിച്ചു.
ചെടികൾ പാഴാക്കിയിട്ടേയില്ല. നേരെ നോക്കിയാൽ ചിത്രം തെളിയില്ല. ഹെലിക്യാം ഉപയോഗിച്ച് ഷൂട്ടു ചെയ്തപ്പോഴാണ് ചിത്രത്തിന്റെ മനോഹാരിത കാണാനായത്. ചിത്രത്തിന്റെ നിർമാണ വീഡിയോ സുരേഷ് യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്യാമറയിൽ പകർത്താൻ സുഹൃത്ത് സിംബാദും ചാച്ചനും സഹായിയായി. ചിത്രകാരൻ രാകേഷ് പള്ളത്തും കാർഷിക കൂട്ടായ്മയിലെ സുഹൃത്തുക്കളും ചിത്രം ഒരുക്കാൻ കൂടെയുണ്ടായിരുന്നതായി സുരേഷ് പറഞ്ഞു.
ചിത്രം രൂപപ്പെടുത്തിയതിന്റെ വിവിധ ഘട്ടങ്ങൾ