ഉരുൾപൊട്ടലിൽ നിന്ന് രക്ഷനേടാൻ പത്ത് മാർഗ്ഗങ്ങൾ

SCIENCE DESK

കാലവർഷ സമയത്ത് കേരളത്തിൽ ഉരുൾപൊട്ടൽ സാധാരണമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും മരണങ്ങളും കൂടി വരികയും ചെയ്യുന്നു. മലഞ്ചെരിവുകളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും അശാസ്ത്രീയ കൃഷിയുമാണ് ഉരുൾപൊട്ടൽ വ്യാപകമാകാൻ കാരണമെന്ന് ഭൗമ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും പോത്തുകല്ലിലും ഉരുൾപൊട്ടി ഒട്ടേറെ പേരാണ് മരിച്ചത്.

ഓഗസ്റ്റ് ഏഴിന്‌ ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും ആൾനാശമുണ്ടായി. കുന്നിൻ ചെരിവിന്റെ ഒരു ഭാഗം മഴയിൽ കുതിർന്ന് അപ്പാടെ താഴോട്ടു പതിക്കുന്നതിനെയാണ് ഉരുൾപൊട്ടൽ ( Land slide ) എന്നു പറയുന്നത്. ഉരുൾപൊട്ടലിൽ താഴ് വാരത്തെ വീടും കൃഷിയും എല്ലാം മണ്ണിനടിയിലാകും. കനത്ത മഴയിലാണ് ഉരുൾപൊട്ടുന്നതെങ്കിൽ കല്ലും മണ്ണും വളരെ ദൂരം വരെ വലിച്ചിഴയ്ക്കപ്പെടാം. ജൂൺ-ജുലായ് മാസങ്ങളിൽ പെയ്യുന്ന മഴയിൽ മലയോരത്തെ കുന്നിൻ പ്രദേശങ്ങളെല്ലാം മഴവെള്ളത്തിൽ കുതിരും.

തുടർന്നും മഴ പെയ്യുമ്പോൾ ഈ പ്രദേശങ്ങളെെല്ലാം അസ്ഥിരമാകും. അടിത്തട്ടിലെ പാറയ്ക്കും മൺ പാളിക്കുമിടയിൽ മണ്ണ് കുഴമ്പു രൂപത്തിലായി മൺ പാളി താഴോട്ട് വീഴും. ജുലായ് അവസാനവും ഓഗസ്റ്റ് മാസത്തിലുമാണ് ഇത്തരം അവസ്ഥ ഉണ്ടാവുക. ഈ സമയത്താണ് ഉരുൾപൊട്ടൽ വ്യാപകമാവുക. മലയോരങ്ങളിൽ റോഡിൽ തൊട്ടടുത്ത കുന്നിന്റെ ചെറിയ ഭാഗം ഇടിഞ്ഞു വീണത് സാധാരണ നാം കാണാറുണ്ട്. ഇതിന്റെ വലിയ രൂപമാണ് ഉരുൾപൊട്ടൽ. കേരളത്തിന്റെ മലയോര പ്രദേശത്താണ് വ്യാപകമായി ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.

ചെങ്കുത്തായ മലമ്പ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും വീടുനിർമ്മാണവും അശാസ്ത്രീയ കൃഷി രീതികളും ഉരുൾപൊട്ടൽ വർദ്ധിപ്പിക്കുന്നതായി പഠന റിപ്പാർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചെങ്കുത്തായ കുന്നിൻ ചെരിവിന്റെ താഴെ ഭാഗം മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച് വെട്ടിയെടുത്ത് വീടുവെക്കുമ്പോൾ അവിടെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. കനത്ത മഴയുണ്ടാകുമ്പോൾ ഇത്തരം പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം.
ഉരുൾപൊട്ടൽ നിയന്ത്രിക്കാൻ:

1. ഇരുപത് ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള കുന്നിൽ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതും വീടുവെക്കുന്നതും ഒഴിവാക്കുക.

2. ചെരിവ് 25 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ ഈ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനം നിരോധിക്കണം.

3. ചെരിവുള്ള പ്രദേശങ്ങൾ തട്ടുകളാക്കി തിരിക്കുമ്പോൾ മഴവെള്ളം വാർന്നു പോകാനുള്ള വഴിയുണ്ടാക്കണം.

4. ചെരിവുള്ള സ്ഥലങ്ങൾ റബ്ബർ കൃഷിക്കും മറ്റും തട്ടുകളാക്കി തിരിക്കുമ്പോൾ ആ പ്രദേശത്തിന്റെ ഘടന ശാസ്ത്രീയമായി പരിശോധിക്കണം.

5. തട്ടുകളാക്കി തിരിച്ച സ്ഥലങ്ങളിൽ മഴവെള്ള സംരക്ഷണത്തിനായി കുഴികളും സംഭരണികളും ഉണ്ടാക്കരുത്.

6. വലിയ ചെരിവുകൾ വെട്ടി വാഴ, കിഴങ്ങ്, മരച്ചീനി എന്നിവ നടുന്നത് മഴവെള്ളം ഊർന്നിറങ്ങി മൺ പാളി താഴോട്ട് പതിക്കാൻ ഇടയാക്കും

7. മലഞ്ചെരിവുകൾ വെട്ടി വൻ നിർമ്മാണങ്ങൾ നടത്തുമ്പോഴും റോഡ് നിർമ്മിക്കുമ്പോഴും ജിയോളജിസ്റ്റിന്റെ സഹായം തേടണം.

8. വീടുള്ളത് കുന്നിൻ ചെരിവിലാണെങ്കിൽ മഴക്കാലത്തിന് മുമ്പുതന്നെ തൊട്ടടുത്ത സ്ഥലങ്ങളിൽ മണ്ണിൽ വലിയ വിള്ളലുകളോ പെട്ടെന്നുണ്ടായ താഴ്ചകളോ ഉണ്ടോയെന്ന് പരിശോധിക്കണം. മഴക്കാലത്ത് ഈ വിള്ളലുകൾ വഴി മൺ പാളി നീങ്ങാൻ സാധ്യതയുണ്ട്.

9. മലഞ്ചെരിവുകളിലെ വീടിനു ചുറ്റുമുള്ള വെള്ളം താഴേക്ക് ഒഴുകി പോകാൻ വഴിയുണ്ടാക്കണം. കുന്നിൻ മുകളിൽ നിന്ന് വരുന്ന വെള്ളവും ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കണം. നീർച്ചാലുകളൊന്നും തടസ്സപ്പെടുത്തരുത്.

10. ചെരിവിലെ വൻ വൃക്ഷങ്ങൾ വേരോടെ പിഴുതുമാറ്റരുത് . വേരിളക്കിയാൽ ഒരു വലിയ സ്ഥലത്തെ മൺ പാളിക്ക് അനക്കം തട്ടി വെള്ളം ആഴ്ന്നിറങ്ങാൻ ഇടയാക്കും.

( വിവരങ്ങൾക്ക് കടപ്പാട് : തിരുവനന്തപുരം നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ്’ സ്റ്റഡീസിന്റെ ഉരുൾപൊട്ടൽ പഠന റിപ്പോർട്ട് )

Leave a Reply

Your email address will not be published. Required fields are marked *