പച്ചക്കറി ലേലവുമായി ആനാട് കർഷകച്ചന്ത

കർഷകർ തങ്ങളുടെ കാർഷിക ഉല്പന്നങ്ങൾ റോഡരികിൽ നിരത്തിവെച്ച് ലേലം വിളിക്കുന്നു. ആവശ്യക്കാർ ലേലത്തിൽ പങ്കെടുത്ത് നാട്ടിലെ പച്ചക്കറി വീട്ടിൽ കൊണ്ടു പോകുന്നു. തിരുവനന്തപുരം ആനാട് ഗ്രാമപഞ്ചായത്തിലെ ആനാട് ജംഗ്ഷനിലാണ് മറ്റെവിടെയും കാണാത്ത ഈ കാഴ്ച.

തമിഴ്നാട് പച്ചക്കറിയെ ആശ്രയിക്കാതെ സ്വന്തം ഗ്രാമത്തിലെ പച്ചക്കറി തന്നെയാണ് ഇവിടത്തെ ജനങ്ങൾ ഉപയോഗിക്കുന്നത്. ആനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഇക്കോ ഷോപ്പിലും പരിസരത്തുമായിട്ടാണ് കർഷ ചന്ത നടക്കുക. വ്യാഴാഴ്ച ചന്തയിലാണ് ലേലം വിളിച്ചുള്ള കൗതുകവില്പന. പച്ചക്കറി ആവശ്യമുള്ളവരെല്ലാം രാവിലെ ഒമ്പതുമുതൽ 11.30 വരെ നടക്കുന്ന ചന്തയിലെത്തും.

വീട്ടാവശ്യങ്ങൾക്കായി വാങ്ങാനെത്തുന്നവരെ കൂടാതെ വ്യാപാരികളും ചന്തയിൽ നിന്ന് പച്ചക്കറി വാങ്ങും. വാഴക്കുല, വെണ്ട, വഴുതന, പയർ, ചീര, ചേന തുടങ്ങി എല്ലാ പച്ചക്കറികളും കർഷകർ ചന്തയിലെത്തിക്കും. അടിസ്ഥാന വില നിശ്ചയിച്ചാണ് ലേലം തുടങ്ങുക. അന്നന്ന് വിളവെടുക്കുന്ന പച്ചക്കറിയായതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണെന്ന്

ഞായറാഴ്ച ചന്തയിലെ മത്സ്യ വില്പന

ആനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ എസ്. ജയകുമാർ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ പച്ചക്കറി ഒറ്റ ദിവസം ലേലത്തിൽ വിറ്റിട്ടുണ്ട്. ഇതു കൂടാതെ ഞായറാഴ്ച വീട്ടുചന്തയുമുണ്ട്. രാവിലെ ഏഴുമുതൽ 9.30 വരെയാണ് ഇത്. പച്ചക്കറി കൂടാതെ പാൽ, മുട്ട, മത്സ്യം എന്നിവയും ഞായറാഴ്ച ചന്തയിൽ കിട്ടും. വ്യാഴാഴ്ചചന്ത തുടങ്ങിയിട്ട് ഏഴുമാസമായി. ലോക് ഡൗൺ കാലത്തെല്ലാം നല്ല വിൽപ്പന നടക്കുന്നുണ്ട്.

ഇക്കോ ഷോപ്പിൽ എല്ലാ ദിവസവും പച്ചക്കറി ലഭ്യമാണ്. തേങ്ങ, തേൻ, വിത്ത് , വളം, നടീൽ വസ്തുക്കൾ എന്നിവയും ലഭ്യമാണ്. വില്പന തുക നേരിട്ട് കർഷകന് തന്നെ ലഭിക്കും. ഇതിൽ അഞ്ച് ശതമാനം തുക കൃഷിഭവന്റെ ഇക്കോ ഷോപ്പിനുള്ളതാണ്. ഷോപ്പ് നടത്തി കൊണ്ടു പോകുന്നതിനും മറ്റുമാണ് ഈ തുക ഉപയോഗിക്കുന്നത്. പരിശീലനം ലഭിച്ച കൃഷി സഹായികളെയും ഇക്കോ ഷോപ്പ് വഴി കിട്ടും.

വ്യാഴാഴ്ച ചന്തയിലെ പച്ചക്കറി ലേലം

മണിക്കൂറിന് 100 രൂപയാണ് ഇവർക്ക് കൂലി. തെങ്ങ് ചികിത്സയും ചെയ്യും. ഇതിന് 130 രൂപയാണ് കൂലി. വീട്ടുപടിക്കൽ ചന്ത എന്ന പുതിയ അശയത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്. ലോക് ഡൗണായതിനാൽ ഓൺലൈൻ വഴി ഓർഡർ എടുത്ത് പച്ചക്കറി വീടുകളിലെത്തിക്കുന്ന സംരംഭം ഈയിടെയാണ് തുടങ്ങിയത്.

തിരുവനന്തപുരം നഗരപ്രദേശത്തും ഈ രീതിയിൽ പച്ചക്കറി എത്തിക്കുന്നുണ്ട്. ഊർജ്ജിത പച്ചക്കറി കൃഷി നടക്കുന്ന പഞ്ചായത്താണ് ആനാട്.

ഇവിടെ പാടങ്ങൾക്കു പുറമെ വീട്ടുപറമ്പുകളിലും പച്ചക്കറി കൃഷി സജീവമാണ്. പച്ചക്കറി കൃഷിക്കും കർഷകച്ചന്തയ്ക്കും സഹായവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *