കോവിഡ് കെയർ സെന്ററുകളിൽ കാര്‍ഡ്‌ ബോഡ് കട്ടിലുകൾ

കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്നതിനായി ഒരുക്കുന്ന കേന്ദ്രങ്ങളിൽ കാര്‍ഡ്‌ ബോഡ് കട്ടിലുകൾ പ്രചാരം നേടുന്നു. ഡൽഹി, മുംബൈ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇത്തരം കട്ടിലുകൾ ആദ്യമായി ഉപയോഗിച്ചത്. ഇപ്പോൾ  ഇത് മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.

മുംബൈയിൽ ഇത്തരം കട്ടിലുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് വൻ ഓർഡറുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സാധാരണ കട്ടിൽ പോലെ ഉപയോഗിക്കാവുന്ന കാര്‍ഡ്‌ ബോഡ് കട്ടിലുകൾക്ക് ഇരുമ്പു കട്ടിലിന്റെ നാലിലൊന്ന് വില മാത്രമേയുള്ളു. മൂന്നടി കട്ടിലിന് 700-800 രൂപയാണ് വില. 300 കിലോ വരെ ഭാരം താങ്ങും. കൈയിൽ കൊണ്ടുപോകാവുന്ന ചെറിയ പെട്ടിയിലാക്കിയാണ് കട്ടിൽ കിട്ടുന്നത്. ഭാരവും കുറവ്. അഞ്ചു മിനുട്ടു കൊണ്ട് ഇത് നിവർത്തി യോജിപ്പിച്ച് കട്ടിലുണ്ടാക്കാം. കാര്‍ഡ്‌ ബോഡാണെങ്കിലും നനവ് തട്ടിയാൽ നശിച്ചുപോകില്ല.

നനവ് തട്ടാതിരിക്കാൻ ഇതിന് പ്രത്യേക കെമിക്കൽ കോട്ടിങ് നടത്തിയിട്ടുണ്ട്. ആറ് മാസം വരെ ഉപയോഗിക്കാം. മാത്രമല്ല അതിനു ശേഷം റീസൈക്കിൾ ചെയ്യാം. ഡൽഹിയിലെ ചത്തർപുർ പ്രദേശത്ത് സർദാർ പട്ടേൽ കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങിയപ്പോൾ ഇവിടെ ഉപയോഗിച്ച പതിനായിരം കട്ടിലുകൾ കാര്‍ഡ് ബോഡ്കൊണ്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *