എണ്ണായിരത്തി അഞ്ഞൂറ് ആണിയടിച്ച് നടൻ ഫഹദിന്റെ ചിത്രം
ബോർഡിൽ ആണിയടിച്ച് ചലച്ചിത്ര താരം ഫഹദ് ഫാസിലിന്റെ ചിത്രം തീർത്ത് ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത്. കൊടുങ്ങല്ലൂർ തിരുവള്ളൂർ മാടവനയിലെ വീട്ടിലിരുന്നാണ് സുരേഷിന്റെ ഈ പരീക്ഷണം.
ചിത്രം സോഷ്യൽ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും ഹിറ്റായപ്പോൾ ഫഹദിനും ഇത് ഇഷ്ടമായെന്നും ചിത്രം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളുമാണ് ചിത്രമുണ്ടാക്കാൻ ഉപയോഗിച്ചത്. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തത്.
നേരെ നോക്കുമ്പോൾ ഡോട്ട് ഡ്രോയിങ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണ് ആണികളാണെന്ന് മനസിലാകുക. ഫൊറക്‌സ് ബോർഡിനു മുകളിൽ ചാർട്ട് പേപ്പർ ഒട്ടിച്ച് പെൻസിൽ കൊണ്ട് ചിത്രം വരച്ചാണ് അതിനു മുകളിൽ ആണിയടിച്ചത്. രണ്ട് കിലോ ആണി വാങ്ങിയാണ് അടിച്ചു തുടങ്ങിയതെന്ന് സുരേഷ് പറയുന്നു. ആണി വീണ്ടും വീണ്ടും വാങ്ങി, അവസാനം അഞ്ചര കിലോ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
വരത്തൻ എന്ന സിനിമയിലെ ഫഹദിന്റെ കഥാ പാത്രത്തെയാണ് വരച്ചത്. ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ടെന്ന് സുരേഷ് പറയുന്നു. താടി മുടി എന്നീ ഭാഗങ്ങളിൽ വളരെ അടുപ്പിച്ചാണ് ആണിയടിച്ചത്. ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും വ്യത്യസ്ത മീഡിയങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നും സുരേഷ് പറയുന്നു.