നത്തോലി വറവിന് സ്വാദ് കൂട്ടാൻ ഒരു പൊടിക്കൈ
നത്തോലി, നത്തൽ, കൊഴുവ എന്നീ പേരുകളിൽ അറിയപ്പെടുന്ന കുഞ്ഞുമീൻ തീന്മേശകളിലെ ഇഷ്ടവിഭവമാണ്. ഇന്ത്യൻ തീരത്ത് സുലഭമായ ഈ മീൻ ഇന്ത്യൻ ആൻകോവി എന്ന പേരിലാണ് അറിയപ്പെടുന്നത്. തലയും വാലും നുള്ളിക്കളഞ്ഞ് കഴുകിയെടുത്ത് മസാല പുരട്ടി വെച്ച് ഇത് ഒന്നിച്ച് പൊരിച്ചെടുക്കാം.
തിന്നുമ്പോൾ ഒന്നും കളയാനില്ല. അതേപോലെ അകത്താക്കാം. മഞ്ഞളും മുളകുപൊടിയും ഉപ്പും ചേർത്ത് കുഴച്ച മസാലയാണ് സാധാരണ ഇതിന് ചേർക്കുക. എന്നാൽ മറ്റ് ചില ചേരുവകൾ കൂടി ഉണ്ടെങ്കിൽ ഇത് കൂടുതൽ രുചികരമായിരിക്കും.
കാൽ കിലോ നത്തോലിയാണ് വറുത്തെടുക്കുന്നതെങ്കിൽ നാല് ചെറിയഉള്ളി, അഞ്ച് കുരുമുളക് മണി, മൂന്നു വീതം വറ്റൽമുളക് , കാശ്മീരി മുളക്, ഒരു ചെറിയ നുള്ള് മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ കുഴമ്പ് രൂപത്തിൽ അടിച്ചെടുക്കുക.
ഇത് നത്തോലിയുമായി നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വെച്ച ശേഷം എണ്ണയിൽ വറുത്തെടുക്കുക. ഹൈ ഫ്ലെയിമിൽ എണ്ണ നല്ലപോലെ ചൂടായ ശേഷം വേണം മീൻ ചട്ടിയിലിടാൻ. തുടർന്ന് ലോഫ്ലെയിം മതി. വെന്ത് ചുവന്നു വരുമ്പോൾ തന്നെ കോരിയെടുക്കണം.അധിക സമയം വെച്ചാൽ സ്വാദ് കുറയും.