സാദിഷ്ടമായ കാസർകോട് ഗോളിബജ ഉണ്ടാക്കാം.
മംഗളൂരു , കാസർകോട് ഭാഗങ്ങളിലെ ആളുകളുടെ ഇഷ്ട പലഹാരമാണ് ഗോളി ബജ. ചൂട് ഗോളിബജയും ചായയും എന്നു പറയുമ്പോൾ തന്നെ വായിൽ വെള്ളമൂറും.
ഈ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാവിലെ മുതൽ തന്നെ പലഹാര അലമാരയിൽ ഗോളിബജ സ്ഥാനം പിടിക്കും. ഇത് ചമ്മന്തിയിൽ മുക്കി കഴിച്ചാൽ സ്വാദ് കൂടും. എണ്ണയിൽ ഉണ്ടാക്കുന്നതാണെങ്കിലും ഇത് അധികം എണ്ണ കുടിക്കില്ല എന്ന മേന്മയുണ്ട്. മാംഗ്ലൂർ ബജി എന്നാണ് മംഗളൂരുവിൽ അറിയപ്പെടുന്നത്. ഉരുണ്ട് ഗോലി (ഗോട്ടി ) പോലെയിരിക്കുന്നത് കൊണ്ടാണ് ഗോളി ബജ എന്ന പേര് വന്നതെന്ന് കരുതുന്നു.
പണ്ട് ഉഡുപ്പി, ദക്ഷിണകന്നട , കാസർകോട്ടെ ചന്ദ്രഗിരിപ്പുഴവരെയുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട തുളുനാട്ടിലെ പേരുകേട്ട പലഹാരമാണിത്. ആവശ്യമായ ചേരുവകൾ: ഒന്നര കപ്പ് മൈദ, ഒരു കപ്പ് കട്ടത്തൈര് , ഉപ്പ്, രണ്ടു നുള്ള് ബേക്കിംഗ് സോഡ (സോഡാപ്പൊടി ), രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു കഷ്ണം ഇഞ്ചി നേരിയതായി അരിഞ്ഞത്, കറിവേപ്പില അറ് ഇല അരിഞ്ഞത്, തേങ്ങ ചെറുതായി കൊത്തിയരിഞ്ഞത് ഒരു ടേബിൾ സ്പൂൺ.
ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിൽ മൈദപ്പൊടിയിട്ട് അരക്കപ്പ് തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക . ചേരുവ അധികം നേർക്കാത്ത രീതിയിൽ കട്ടയായി വരുന്നതുവരെ ബാക്കി തൈരും ആവശ്യത്തിന് ചേർക്കാം.
നേർപ്പിക്കണമെങ്കിൽ അല്പം വെള്ളം ചേർക്കാം. ഇതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് അഞ്ച് മിനുട്ട് ഇളക്കുക. തുടർന്ന് കൂട്ട് ഒരു മണിക്കൂർ അടച്ചു വെക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ എടുത്ത് വീണ്ടും നന്നായി ഇളക്കി കൊടുക്കുക. എണ്ണ നല്ലപോലെ ചൂടാക്കി പിന്നീട് മീഡിയം പ്ലെയിമിൽ വെച്ച് ഇതിലേക്ക് കൂട്ട് ചെറിയ ഉരുളയായി ഇട്ടു കൊടുക്കുക. എണ്ണയിൽ കുതിർന്ന ഇതിനെ തവ കൊണ്ട് മറിച്ചിട്ട് ചുവന്നു വരുമ്പോൾ കോരിയെടുത്ത് പാത്രത്തിലേക്ക് മാറ്റുക. ഗോളി ബജ തയ്യാറായി.