‘ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’പദ്ധതി വരുന്നു
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
സംസ്ഥാന സർക്കാർ തയ്യാറാക്കിയ ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടി രൂപ നീക്കിവെച്ചു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാൻ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്‌കേപ്പിങ്, സൂചന ബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട്, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളുടെ കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ , ബോട്ട് ജെട്ടിയുടെ വികസനം, പൊതു ജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ, സൂചന ബോർഡുകൾ, സി. സി. ടി. വികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ലാൻഡ് സ്‌കേപ്പിങ് എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.
പുന്നമട ഫിനിഷിംഗ് പോയിന്റിലെ ബോട്ട് ടെർമിനൽ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ വലിയ ആകർഷണമാണ്. ഇവിടെ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പാർക്കിംഗ്, മറീന, എക്സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ശുചിമുറികൾ തുടങ്ങിയവ വരുന്നതോടെ ധാരാളം പരിപാടികൾക്ക് കേന്ദ്രബിന്ദുവായി ബോട്ട് ടെർമിനൽ മാറും.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഡയറക്ടർ ഡോ. മനോജ് കിനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 10 എംപ്ലാൻ വിദ്യാർഥികളാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.