പഞ്ചഗവ്യം നൽകിയാൽ പച്ചക്കറി തഴച്ചുവളരും
വീണാറാണി.ആര്‍
ചെടികൾക്ക് പഞ്ചഗവ്യം നൽകിയാൽ അവ തഴച്ചുവളരും. നല്ലൊരു ജൈവ ഹോർമോണായ പഞ്ചഗവ്യം കീടങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. പഞ്ചഗവ്യം സസ്യവളർച്ചയ്ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് വൃക്ഷായുർവേദത്തിൽ പറയുന്നുണ്ട്. പഞ്ചഗവ്യം വീട്ടിലുണ്ടാക്കി സൂക്ഷിച്ചു വെച്ച് പച്ചക്കറികൾക്ക് ഉപയോഗിക്കാം.
പശുവിന്റെ ചാണകവും പാലും തൈരും നെയ്യും മൂത്രവും ഉചിതമായ അനുപാതത്തിൽ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതമാണ് പഞ്ചഗവ്യം. തയ്യാറാക്കുന്ന വിധം: പച്ചചാണകം – നാല് കിലോ, ഗോമൂത്രം – അഞ്ച് ലിറ്റർ, പാൽ – അര ലിറ്റർ, നെയ്യ് 250 ഗ്രാം, തൈര് – അര ലിറ്റർ , പാളയംകോടൻ പഴം രണ്ടെണ്ണം.
വലിയ പാത്രത്തില്‍ പച്ചചാണകവും നെയ്യും നന്നായി ചേർത്ത് ഇളക്കി പരുത്തിതുണി കൊണ്ട് വായ മൂടിക്കെട്ടി തണലിൽ നനയാതെ വെക്കണം. 24 മണിക്കൂറിനു ശേഷം ഇതിലേക്ക് ഗോമൂത്രം ഒഴിച്ച് ഇളക്കി വീണ്ടും കെട്ടി 15 ദിവസം വയ്ക്കണം. പിന്നീട് പാൽ, തൈര്, ഗോമൂത്രം, പാളയംകോടൻപഴം ചതച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കണം.
ഇത് സൂര്യപ്രകാശം തട്ടാതെ തണലത്ത് വെച്ച് ദിവസേന ഇളക്കണം. നല്ല വായു സഞ്ചാരം കിട്ടാനും സൂഷ്മ ജീവികളുടെ വർദ്ധനവിനുമാണിത്. 15 ദിവസത്തിനു ശേഷം അഞ്ചു മുതൽ പത്തിരട്ടി ശുദ്ധജലം ചേർത്ത് നേർപ്പിച്ച് ഇലകളിലും ചുവട്ടിലും ആഴ്ചയിൽ ഒരു തവണ എന്ന തോതിൽ തളിക്കാം.