0484 ലോഞ്ചിൽ100 ദിവസത്തിനുള്ളിൽ 7000 അതിഥികൾ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484 ലോഞ്ച് 100 ദിവസത്തിനുള്ളിൽ ഉപയോഗപ്പെടുത്തിയത് ഏഴായിരത്തിലധികം അതിഥികൾ. നാലായിരത്തോളം ബുക്കിംഗുകളും നടന്നു. ലോഞ്ച് പ്രവർത്തനം തുടങ്ങി നൂറ് ദിവസം പിന്നിട്ടു. യാത്രക്കാർക്കും സന്ദർശകർക്കും പ്രവേശനം ലഭ്യമാണ്. സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എ.എസ്.എല്ലിനാണ് നിലവിൽ 0484 ലോഞ്ചിന്റെ നടത്തിപ്പുചുമതല.
8, 12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിങ് സംവിധാനമുള്ളതിനാൽ താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ആളുകൾ ലോഞ്ച് ഉപയോഗിക്കുന്നു. എൻ.ആർ.ഐകൾക്കും ദീർഘദൂര യാത്രക്കാർക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്.
കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിംഗുകൾക്കായും മറ്റും കോർപറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.
ലോഞ്ചിനകത്ത് കഫേയും റീട്ടെയിൽ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ടെർമിനലിന് തൊട്ടടുത്തതായതുകൊണ്ട് തന്നെ രാത്രി യാത്രക്കാർക്കും മറ്റും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു. സിയാലിന്റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറിലാണ് ലോഞ്ച് ഉദ്‌ഘാടനം ചെയ്തത്. ഒക്ടോബറിലാണ് പ്രവർത്തനമാരംഭിച്ചത്.