കണ്ണാശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റര്‍ കോംപ്ലക്സ്

തിരുവനന്തപുരം കണ്ണാശുപത്രിയിൽ (റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി)  നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തീയേറ്റര്‍ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

കണ്ണാശുപത്രിയിലെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ച് ഓപ്പറേഷൻ തീയേറ്റര്‍
കോപ്ലക്സ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഓപ്പറേഷൻ തീയേറ്ററുകളാണ് ഇവിടെയുള്ളത്.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകൾക്കുമുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തീയേറ്റര്‍ കോംപ്ലക്സ് സജ്ജമാക്കിയതിനാൽ കൂടുതൽ രോഗികൾക്ക് ഒരേ ദിവസം ശസ്ത്രക്രിയ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ഓപ്പറേഷൻ ടേബിളുകൾ, അനസ്തേഷ്യ സംവിധാനങ്ങൾ, പ്രൊസീജിയർ റൂം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡേ കെയർ സർജറിക്ക് ആവശ്യമായ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ഡേ കെയർ സർജറിക്ക് വിധേയരാകുന്ന രോഗികൾക്ക് വേണ്ടി രണ്ട് ഡേ കെയർ സർജറി വാർഡുകളും നാലാമത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്.

ഒരുവർഷം ഏകദേശം 10,000 ത്തോളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. സങ്കീർണമായ പല നേത്ര ശസ്ത്രക്രിയകളും വിട്രിയോറെറ്റിനൽ ശസ്ത്രക്രിയകളും ഇവിടെ ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ടെറിഷ്യറി കണ്ണാശുപത്രിയും ഏക റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയും കൂടിയാണിത്.

എല്ലാത്തരം നേത്രരോഗങ്ങളും ചികിത്സിക്കാനും പരിശോധിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. റെറ്റിന, കോർണിയ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ ഗ്ലോക്കോമ, കോങ്കണ്ണ്, കുഞ്ഞുങ്ങൾക്ക് വരുന്ന രോഗങ്ങൾ എന്നിവ നിർണയിക്കാനുള്ള ക്ലിനിക്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പ്രതിദിനം 1200 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. പ്രതിവർഷം നാല് ലക്ഷത്തിലധികം പേർക്കാണ് കണ്ണാശുപത്രി വെളിച്ചമാകുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ് ഇവിടത്തെ നേത്ര രോഗ അത്യാഹിത വിഭാഗം. ഇത് കൂടാതെ മരണാനന്തര അവയവദാനത്തിലൂടെ ലഭ്യമാകുന്ന കണ്ണുകൾ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന നേത്ര ബാങ്കും സജ്ജമാണ്. കാഴ്ച പരിമിതർക്കുള്ള റീഹാബിലിറ്റേഷൻ സെന്ററും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *