ഏഴടി പടവലം; തൂക്കം രണ്ടരക്കിലോ

ഒരാളേക്കാൾ നീളത്തിൽ വളർന്ന് തൂങ്ങി നിൽക്കുന്ന പടവലം. തൂക്കം രണ്ടര കിലോ. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ ഈ ഏഴടി പടവലത്തിന്റെ സൂക്ഷിപ്പുകാരനാണ് ആലപ്പുഴ വയലാറിലെ എൻ.എ.കൃഷ്ണൻ.

പറമ്പിലെ കൃഷിയിടത്തിൽ ഈ പാവൽ പാകമായി നിൽക്കുന്നത് കാണാൻ തന്നെ കൗതുകമാണ്. ഒരു ചുവട് പന്തലിച്ചതിൽ പത്തിലധികം പടവലമുണ്ട്. ഇങ്ങിനെ ഇപ്പോൾ 30 ചുവട് കൃഷിയുണ്ട്. നല്ലപോലെ വളം നൽകി പരിപാലിച്ചാൽ പടവലം ഏഴടി വരെ നീളത്തിൽ വളരുമെന്ന് കൃഷ്ണൻ പറയുന്നു. കുടുംബത്തിന്റെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത്  എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. അതിൽ പ്രധാന കൃഷിയാണ് പടവലം.

കൃഷ്ണൻ പടവല പന്തലിൽ

നാല്പത് വർഷത്തോളമായി കാർഷിക രംഗത്തുള്ള കൃഷ്ണൻ സ്വന്തമായി നടത്തിയിരുന്ന പ്രിന്റിങ് പ്രസ്സ് മതിയാക്കി ഇപ്പോൾ മുഴുവൻ സമയവും കൃഷിയിലാണ്.  ഒരു തമിഴ് നാട്ടുകാരൻ തേനിയിൽ നിന്ന് മൂന്നു വർഷം മുമ്പാണ് ഇതിന്റെ വിത്ത് കൊണ്ടുവന്ന് കൃഷ്ണന് കൊടുത്തത്. ഇപ്പോഴുണ്ടാകുന്ന പടവലത്ത് രണ്ടു മുതൽ രണ്ടര കിലോ വരെ തൂക്കം വരും.

നിത്യവഴുതന

നാട്ടിലെ പച്ചക്കറി കടകളിൽ തന്നെയാണ് ഇത് കൊടുക്കുന്നത്. പന്തലിട്ട് അതിനു മുകളിൽ പ്ലാസ്റ്റിക്ക് നെറ്റിട്ടാണ് വള്ളി പടർത്തുന്നത്. പൂർണ്ണമായും ജൈവ കൃഷിയാണ്. ചാണകവും കോഴിക്കാ ഷ്ടവുമാണ് വളമായി ഉപയോഗിക്കുന്നത്. ചുവന്ന ഉള്ളി, വെളുത്തുള്ളി, എരിക്കിന്റെ ഇല, കാന്താരി എന്നിവയുടെ മിശ്രിതമുണ്ടാക്കിയാണ് കീടങ്ങൾക്ക് തളിക്കുന്നത്.

അരച്ചുണ്ടാക്കിയ 100 ഗ്രാം മിശ്രിതം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി മൂന്ന് ദിവസം വെക്കും. പിന്നീട് അരിച്ചെടുത്ത് പത്ത് ലിറ്റർ വെള്ളത്തിൽ കലക്കും. ഇത് കൈ പമ്പ് കൊണ്ട് സ്പ്രേ ചെയ്യും. പാവൽ, വെണ്ട, പീച്ചിങ്ങ, സലാഡ് വെള്ളരി, വഴുതന , നിത്യവഴുതന, മധുരക്കിഴങ്ങ്, പച്ചമുളക്, ബജി മുളക്, പയർ ഇങ്ങിനെ എല്ലാ പച്ചക്കറിയുമുണ്ട്. അടുത്തുള്ള ഒരു കുളത്തിലെ വെള്ളം കൊണ്ടാണ് നനയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *