എം.ടി.യുടെ ജീവിതം ഓര്‍ത്തെടുത്ത്  ഫോട്ടോഗ്രാഫർമാർ

എം.ടി വാസുദേവന്‍നായരുടെ ജീവിത മുഹൂർത്തങ്ങൾ പകർത്തിയെടുത്ത ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കിട്ടു. അദ്ദേഹത്തിൻ്റെ മുന്നിൽ ക്യാമറയുമായി ചെന്നതിൻ്റെ ഓർമ്മകൾ പലരും ഓർത്തെടുത്തു.

സീനിയര്‍ ജേണലിസ്റ്റ് ഫോറം കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടത്തി വരുന്ന എം.ടി കാലം, കാഴ്ച എന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ഫോട്ടോഗ്രാഫർമാർ ഒത്തുകൂടിയത്.

വൈക്കം മുഹമ്മദ് ബഷീറിന്റെയും എം.ടിയുടെയും സ്ഥിരം ഫോട്ടോഗ്രാഫറായിരുന്ന പുനലൂര്‍ രാജൻ, നീനബാലന്‍ എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് മലയാള മനോരമ മുന്‍ ഫോട്ടോഗ്രാഫറും പ്രദര്‍ശനത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളുമായ പി. മുസ്തഫ സംസാരിച്ചത്.

കോഴിക്കോട് കടപ്പുറത്തും മറ്റും എം.ടിയെ കൊണ്ടുപോയി ഫോട്ടോയെടുത്ത കാര്യം മുസ്തഫ പറഞ്ഞു. ഭാഷാപോഷിണിക്കുവേണ്ടി എം.ടിയെ കളര്‍ ഷര്‍ട്ടുകള്‍ അണിയിച്ച് ഫോട്ടോ എടുത്തതും ഓര്‍മ്മിച്ചു. എം.ടി വ്യക്തിജീവിതത്തിലെ പല അനുഭവങ്ങളും പങ്കുവെച്ചതായി മുസ്തഫ പറഞ്ഞു.

നടക്കാവിലെ സിതാരയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണാന്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി.എന്‍. ശ്രീവത്സന്‍ ഓര്‍ത്തെടുത്തു. ഫോട്ടോഗ്രാഫര്‍മാരുടെ പട സംസാരവും ചിരിയുമായി ബഹളമുണ്ടാക്കിയപ്പോള്‍ എം.ടി വാതില്‍തുറന്നെത്തി. എന്താണ് കാര്യമെന്ന് തിരക്കി. മന്ത്രി തിരുവഞ്ചൂർ വരുന്നതുകൊണ്ട് പടമെടുക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ എം.ടി ചെവിയിൽ പറഞ്ഞു, ‘മനുഷ്യനെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ.’  എം.ടിയുടെ ക്ഷോഭത്തോടെയുളള ചോദ്യം ഇപ്പോഴും കാതില്‍ മുഴങ്ങുന്നതായി ശ്രീവത്സന്‍ പറഞ്ഞു.

ആദ്യമായി എം.ടിയുടെ ചിരിക്കുന്ന പടം തേടിപ്പോയ തനിക്ക് അദ്ദേഹത്തിന്റെ ക്ഷോഭം കാണേണ്ടിവന്നുവെങ്കിലും അടുത്തനിമിഷം ചിരിയുടെ ചിത്രം തെളിഞ്ഞുവന്നത് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷ് ഓര്‍മ്മിച്ചു. കഥകളി ആചാര്യന്മാര്‍ അണിനിരന്ന പരിപാടി കവര്‍ ചെയ്യാന്‍ എം.ടിയോടൊപ്പം പോയ അനുഭവവും സന്തോഷ് വിശദീകരിച്ചു.

അവര്‍ക്കെല്ലാം എം.ടിയോട് അതിരറ്റ ബഹുമാനമായിരുന്നു. കുട്ടികളോട് എം.ടിക്ക് വലിയ സ്‌നേഹമായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടം കുട്ടികള്‍ കാണാനെത്തിയപ്പോള്‍ വളരെ പ്രാധാന്യമുള്ള ഇന്റര്‍വ്യൂ പോലും നിര്‍ത്തിവെച്ച് എം.ടി കുട്ടികളുമായി സംവദിച്ച കാര്യം സന്തോഷ് ഓര്‍ത്തെടുത്തു.

ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതവുമായി ബന്ധപ്പെട്ടവരുടെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ എം.ടിയെ ക്ഷണിക്കാന്‍പോയ അനുഭവം മാധ്യമം ഫോേേട്ടാഗ്രാഫര്‍ പി. അഭിജിത്ത് പറഞ്ഞു. പരിപാടിക്ക് എം.ടിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം തികഞ്ഞ താല്‍പര്യത്തോടെയാണ് വിഷയം കേട്ടത്.

എം.ടിയും നീനാബാലനുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി നീനാ ബാലന്റെ മകനും ഫോട്ടോഗ്രാഫറുമായ ഇ.അനേഷ് ഓര്‍മിച്ചു. നീനാ സ്റ്റുഡിയോ എന്ന പേരും പോലും എം.ടിയാണ് ഇട്ടത്- അനേഷ് പറഞ്ഞു. എം.ടിയുടെ മാതൃഭൂമിക്കാലം കെ.പി കേശവമേനോന്റെ സന്തതസഹചാരി എന്‍. ശ്രീനിവാസന്‍ അനുസ്മരിച്ചു.

വിവരാവകാശ കമ്മീഷന്‍ അംഗം ടി.കെ രാമകൃഷ്ണന്‍, ദര്‍ശന്‍ സ്റ്റുഡിയോ ഉടമ സി. വിനോദ്, എം.ടിയുടെ സന്തതസഹചാരിയും ജ്യേഷ്ഠന്റെ മകനുമായ എം.ടി സതീശന്‍, ഫോറം ജില്ലാ പ്രസിഡന്റ് പി.പി അബൂബക്കര്‍, ഫോട്ടോഗ്രാഫര്‍ കെ.വി സതി എന്നിവര്‍ പ്രസംഗിച്ചു. ഫോറം സാംസ്‌കാരികവിഭാഗം കണ്‍വീനര്‍ കെ.എഫ്. ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എം. സുധീന്ദ്രകുമാര്‍ സ്വാഗതവും നൗഷാദ് അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *