ഗുരുവായൂർ ക്ഷേത്ര ചുമർചിത്രങ്ങൾ സംരക്ഷിക്കാൻ പദ്ധതി
ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ അമൂല്യ ചുമർചിത്രങ്ങൾ തനിമ നിലനിർത്തി നവീകരിക്കുന്നു. സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2025 ജനുവരി 20 ന് തുടക്കം കുറിക്കും.1989ൽ ആരംഭിച്ച ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ ആദ്യ ബാച്ചുമുതൽ പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
ഇതോടനുബന്ധിച്ച് കേരളീയ ചുമർചിത്രങ്ങളുടെ സംരക്ഷണലക്ഷ്യവുമായി ജനുവരി 21 ന് സെമിനാർ നടത്തും. 9.30 ന് ക്ഷേത്രം കിഴക്കേ നട കൗസ്തുഭം റെസ്റ്റ് ഹൗസ് വളപ്പിലുള്ള നാരായണീയം ഹാളിലാണ് സെമിനാർ. ആർട്ട് കൺസർവേറ്റർ ഡോ.എം.വേലായുധൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും.ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം.നളിൻ ബാബു സ്വാഗതം ആശംസിക്കും.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനാകും. ഡോ.കെ.യു.കൃഷ്ണകുമാർ ആമുഖ ഭാഷണം നടത്തും.
സെമിനാറിൽ ഡോ.എം.വി. നായർ ആദ്യവിഷയാവതരണം നടത്തും. കേരളീയ ചുമർചിത്രങ്ങളുടെ പ്രസക്തി, ശാസ്ത്രീയ സംരക്ഷണത്തിൻ്റെ ആവശ്യകത എന്നതാണ് വിഷയം.
തുടർന്ന് കേരള ചുമർചിത്രകല: ചരിത്രം, വർത്തമാനം – പ്രശസ്തി പുനരാലേഖനം എന്ന വിഷയത്തിൽ കലാ ഗവേഷകനും ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സ്ഥാപക അംഗവും കോഴ്സ് കോർഡിനേറ്ററുമായ ഡോ.എം.ജി.ശശിഭൂഷൺ പ്രബന്ധം അവതരിപ്പിക്കും. ദേവസ്വം വേദ-സംസ്‌ക്കാര പഠനകേന്ദ്രം ഡയറക്ടർ ഡോ.പി.എൻ.നാരായണൻ നമ്പൂതിരി മോഡറേറ്ററാകും.
പുരാതന ചുവർ ചിത്രങ്ങളും ദാരുശിൽപങ്ങളും നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ.മാരാർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക്പൊതു ചർച്ച നടക്കും.