ഗിരീഷിന്റെ കുഞ്ഞൻ വാഹനങ്ങൾ കിടിലൻ

JORDAYS DESK

ഗിരീഷ് ഹരിതത്തിന്റെ കരവിരുതിൽ ഒരുങ്ങുന്ന മിനിയേച്ചർ വാഹനങ്ങൾക്ക് ഇപ്പോൾ ആസ്വാദകർ ഏറെയാണ്. ലോക് ഡൗൺ കാലത്ത് തുടങ്ങിയ ഈ കരകൗശലം കാണാൻ ഗിരീഷിന്റെ കാസർകോട് കോളിയടുക്കം വയലാംകുഴിയിലെ ‘ഹരിതം’ വീട്ടിലേക്ക്  ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.

ഗിരീഷ് വാഹന മോഡൽ നിർമ്മാണത്തിൽ

ഒരടിയും രണ്ടടിയും നീളമുള്ള രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകളും ഒരു മഹീന്ദ്രാ താർ ജീപ്പും ഒരു ലോറിയും ഇപ്പോൾ ഗിരീഷിന് സ്വന്തമായുണ്ട്. എല്ലാം പകൽ മുഴുവൻ പണിയെടുത്ത് രൂപപ്പെടുത്തിയവ.

ഒറ്റ നോട്ടത്തിൽ വാഹനങ്ങൾക്ക് ഒരു കുറവും പറയാനില്ല.  ഒറിജിനലിനെപ്പോലെയിരിക്കുന്ന കുഞ്ഞു രൂപങ്ങൾ. ഫോം ഷീറ്റിലാണ് വാഹനങ്ങൾ ഉണ്ടാക്കുന്നത്.

ഇനാമൽ, ഫാബ്രിക്ക് പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ഭംഗി കൂട്ടുന്നത്. കെ.എസ്.ആർ.ടി.സി ബസ്സിന്റെ പെയിന്റിങ്ങ് ആരെയും അത്ഭുതപ്പെടുത്തും.

നമ്പറും ലോഗോയും ബസ്സിന്റെ ബോർഡും എല്ലാം അതേപോലെ പകർത്തിയിരിക്കുന്നു. അകത്തെ കാര്യവും ഇതുപോലെ തന്നെ. സീറ്റുകൾ, മുകളിലെ ലഗേജ് കരിയർ, ഡ്രൈവറുടെ സീറ്റ്…. എല്ലാം കിടിലൻ.

അകത്ത് ലൈറ്റുമുണ്ട്. എന്തിനേറെ, അഗ്നിശമന ഉപകരണം പോലും യഥാസ്ഥാനത്ത് പിടിപ്പിച്ചിട്ടുണ്ട്. ഈ കരവിരുത് കണ്ട് കാസർകോട് ഡിപ്പോയിൽ നിന്ന് വിരമിക്കുന്ന ഡ്രൈവർക്ക് ഉപഹാരം നൽകാനുള്ള ബസ്സിന്റെ ഓർഡറും കിട്ടി. അങ്ങിനെയാണ് രണ്ടടി നീളമുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സ് ഉണ്ടാക്കിയത്.

അവർ ആവശ്യപ്പെട്ട നമ്പറും കാസർകോട്ടെ കുരുഡപ്പദവ് എന്ന സ്ഥലപേരുള്ള ബോർഡും ഫിറ്റ് ചെയ്തു. ഇതു കഴിഞ്ഞപ്പോൾ ഗൾഫിലുള്ള വയനാട് സ്വദേശിയുടെ റാങ്ക്ളർ ജീപ്പിന്റെ ഓർഡറും കിട്ടി. തുടക്കത്തിലുണ്ടാക്കിയ കെ.എസ്.ആർ.ടി.സി. ബസ്സ് ലേലത്തിൽ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗിരീഷ് പറയുന്നു.

ഭംഗിയുള്ള ടാറ്റ ലോറിയും താർ ജീപ്പും കണ്ടാൽ ആരും നോക്കിയിരുന്നു പോകും. ലോറിക്ക് സാധാരണ കാണുന്ന എല്ലാ ചിത്രപ്പണികളുമുണ്ട്. വാഹനങ്ങളെല്ലാം ഉരുട്ടികൊണ്ടു പോകാനും കഴിയും. ഒരു വാഹനമുണ്ടാക്കാൻ രണ്ടാഴ്ച വേണം. രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്ന് ഡിസൈൻ ചെയ്യണം.

എസ്.എസ്.എൽ.സി കഴിഞ്ഞ് ഒരു വർക്ക്ഷോപ്പിൽ കുറച്ചു കാലം പെയിന്ററായി ജോലി ചെയ്ത ഗിരീഷ് അതു കഴിഞ്ഞ് ഗ്രാഫിക്ക് ഡിസൈൻ ചെയ്തു കൊടുക്കുന്ന കട തുടങ്ങി. ഈ സമയത്തെല്ലാം ഈറ്റ കൊണ്ട് വീടും ചെണ്ടയും തൊട്ടിലും മറ്റും ഉണ്ടാക്കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോക്ഡൗൺ കാലം തുടങ്ങിയപ്പോൾ ഉണ്ടാക്കിയ മിനിയേച്ചർ വാഹനം സോഷ്യൽ മീഡിയയിൽ ഹിറ്റായി.

അങ്ങിനെയാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. കേരളോത്സവത്തിലും മറ്റും സമ്മാനങ്ങൾ നേടിയിട്ടുള്ള ഗിരീഷ് സ്കൂൾ കാലത്ത് തന്നെ ചിത്രം വരയിൽ തല്പരനായിരുന്നു. പരേതനായ നാരായണനാണ് അച്ഛൻ. അമ്മ നാരായണി. നാല് സഹോദരങ്ങളുണ്ട്. ( ഗിരീഷ് .ഫോൺ – 996164 1982 )

One thought on “ഗിരീഷിന്റെ കുഞ്ഞൻ വാഹനങ്ങൾ കിടിലൻ

Leave a Reply

Your email address will not be published. Required fields are marked *