ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു
രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ യു.ജി.സി. വിശ്വാസ്യതയെ ചോദ്യം ചെയ്യും -മുഖ്യമന്ത്രി
യു.ജി.സി. ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി സർവകലാശാലയിൽ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്ക് അനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യു.ജി.സിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യു.ജി.സിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.
അധ്യാപക നിയമനങ്ങൾക്കൊ സമാനമായ കാര്യങ്ങൾക്കൊ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ എതിർപ്പില്ല. അത്തരം നിയന്ത്രണങ്ങൾ ഞങ്ങൾ പൂർണ്ണമായും പാലിക്കുന്നു. എന്നിരുന്നാലും യു.ജി.സി ഈ രീതിയിൽ അതിന്റെ അതിരുകൾ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോളവൽക്കരണത്തിന്റെ പുത്തൻ യുഗത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിനായി ഇത്തരത്തിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയായി. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇഷിതാ റോയ് എന്നിവർ പ്രഭാഷണം നടത്തി.
ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ്, തിരുവനന്തപുരം ശ്രീ ചിത്തിരതിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബഹറി, ലോക ബാങ്ക് ടെറിട്ടറി എജുക്കേഷൻ ഗ്ലോബൽ ലീഡ് ഡോ.നീന അർനോൾഡ്, എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
നോബേൽ ജേതാവ് പ്രൊഫ. ആദ യോനാഥ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ.രാജൻ വറുഗീസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷിറി, കുസാറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ പി.ജി. ശങ്കരൻ എന്നിവർ പങ്കെടുത്തു.