കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ്സ് ‘മെട്രോ കണക്ട് ‘ വരുന്നു
കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ്സ് സര്‍വ്വീസായ ‘മെട്രോ കണക്ട് ‘ ബുധനാഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളേജ്, ഹൈക്കോര്‍ട്ട്- എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി. വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്ര പാര്‍ക്ക്-കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കുക.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസ്സിലെ യാത്ര നിരക്ക്. 33 സീറ്റുകളാണ് ഒരു ബസ്സിലുള്ളത്.
ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയാണ് പ്രധാനമായും ടിക്കറ്റിങ്ങ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യു.പി.ഐ വഴിയും രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി കാർഡ് എന്നിവ വഴിയും പേയ്‌മെന്റ് നടത്താം. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസ്സുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസ്സും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസ്സുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസ്സുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസ്സുമാണ് സര്‍വ്വീസ് നടത്തുക.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനുറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനുട്ട് ഇടവിട്ടും സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്. കളമശേരി-മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും.
രാവിലെ 8.30 മുതല്‍ വൈകിട്ട 7.30 വരെയാണ് സര്‍വ്വീസ്. കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വ്വീസ് ഉണ്ടാകും.
ഹൈക്കോര്‍ട്ട്-എം.ജിറോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് – പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണിമുതല്‍ വൈകിട്ട് എഴ് മണിവരെയും സര്‍വ്വീസ് ഉണ്ടാകും.