ദേശീയ മഞ്ഞൾ ബോർഡ് ഉദ്ഘാടനം ചെയ്തു
തെലങ്കാനയിലെ നിസാമാബാദ് ആണ് ബോർഡിൻ്റെ ആസ്ഥാനം
തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി ദേശീയ മഞ്ഞൾ ബോർഡ് നിലവിൽ വന്നു. ന്യൂഡൽഹിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പല്ലെ ഗംഗാ റെഡ്ഡിയാണ് ആദ്യ ചെയർപേഴ്‌സൺ.
വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ദേശീയ മഞ്ഞൾ ബോർഡിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. കയറ്റുമതിക്കാരുടെയും ഉൽപാദക സംഘടനകളുടെയും പ്രതിനിധികളും ബോർഡിൽ ഉണ്ടാകും.
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങിയ 20 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ഞൾ കർഷകരുടെ ക്ഷേമത്തിന് പുതുതായി രൂപീകരിച്ച ബോർഡ് പ്രത്യേക ശ്രദ്ധ നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രപ്രദേശിലും തെലങ്കാനയിലും മഞ്ഞളിന്റെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതകൾ ഉണ്ട്. മഞ്ഞൾ ബോർഡ് രൂപീകരിക്കുന്നത് രാജ്യത്തെ മഞ്ഞൾ ഉൽപാദകരുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മഞ്ഞൾ ഉൽപ്പന്നങ്ങളുടെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും വിദേശത്ത് വിപണനം ചെയ്യുന്നതിനായി മഞ്ഞൾ അനുബന്ധ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് പരിശോധിക്കുന്നതിനും ബോർഡ് മുൻകൈ എടുക്കും. മഞ്ഞൾ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ബോർഡ് ഉറപ്പാക്കുമെന്നും ഗോയൽ എടുത്തു പറഞ്ഞു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 3.05 ലക്ഷം ഹെക്ടർ സ്ഥലത്ത് 10.74 ലക്ഷം ടൺ മഞ്ഞൾ കൃഷിയുണ്ടായിരുന്നുവെന്നും 10.74 ലക്ഷം ടൺ ഉൽപാദിപ്പിച്ചതായും മന്ത്രി പറഞ്ഞു. ആഗോള മഞ്ഞൾ ഉൽപാദനത്തിന്റെ 70 ശതമാനത്തിലധികവും ഇന്ത്യയിലാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ മുപ്പത് തരം മഞ്ഞൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.