ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി14,15 തീയതികളിൽ
ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോൺക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിൽ ‘സ്റ്റഡി ഇൻ കേരള’ എന്ന വിഷയത്തിൽ പ്രീ-കോൺക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ വാര്‍ത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) ആണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
ജനുവരി 14ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഗവേഷണ മികവ് വളർത്തൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാൻ നവീനമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കൽ, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ കോൺക്ലേവ് ചർച്ചചെയ്യും.
ഡോ. ശ്രീറാം രാമകൃഷ്ണ (നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ), ഡോ. സാബു പദ്മദാസ് (സൗത്താംപ്ടൺ സർവ്വകലാശാല), ഡോ.സക്കറിയ മാത്യു (മിഷിഗൺ സർവ്വകലാശാല), ഡോ. മഹ്‌മൂദ് കൂരിയ (എഡിൻബറ യൂണിവേഴ്‌സിറ്റി), പ്രൊഫ. ഡോൺ പാസി (ലാൻകാസ്റ്റർ സർവ്വകലാശാല), സ്റ്റീഫൻ വിൻസെന്റ്-ലാൻക്രിൻ (ഒ.ഇ.സി.ഡി പാരീസ്), പ്രൊഫ. ഫിലിപ്പ് അൽബാഷ് (ബോസ്റ്റൺ കോളേജ്), ഡോ.നീന ആർനോൾഡ് (ഗ്ലോബൽ ലീഡ് ടേർഷ്യറി എജുക്കേഷൻ, വേൾഡ് ബാങ്ക്), പ്രൊഫ. മോഹൻ ബി. മേനോൻ (മുൻ ഡെപ്യൂട്ടി വൈസ് ചാൻസലർ, വവസാൻ ഓപ്പൺ യൂണിവേഴ്‌സിറ്റി, മലേഷ്യ), പ്രൊഫ.ടി.പ്രദീപ് (ഐ.ഐ.ടി മദ്രാസ്), പ്രൊഫ.എൻ.വി. വർഗ്ഗീസ് (ഐ.ഐ.ടി. മുംബൈ), ബാലഗോപാൽ ചന്ദ്രശേഖർ (ചെയർമാൻ, കെ.എസ്.ഐ.ഡി.സി) തുടങ്ങിയ വിദഗ്ധർ രണ്ടു കോൺക്ലേവിൽ സംബന്ധിക്കും. ഡോ. സഞ്ജയ് ബിഹാരി (ഡയറക്ടർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി) പ്രഭാഷണം നടത്തും.