കഥകളിയിലലിഞ്ഞ ചിരുകണ്ഠൻ പണിക്കര്‍
ശശിധരന് മങ്കത്തില്‍
കൊയങ്കരയിലെ ഞങ്ങളുടെ വീടിനു മുന്നില്‍ ഒരുപാട് കൃഷിസ്ഥലമുണ്ട്. കുണിയന്‍ പുഴ വരെ നീണ്ടു കിടക്കുന്ന കൃഷി സ്ഥലത്തിന്റെ ഇടയിലായി നിരനിരയായി കുലച്ചു നില്ക്കുന്ന തെങ്ങുകള്‍ ! നെല്‍കൃഷിയില്ലാത്തപ്പോള്‍ പല ഭാഗത്തും പച്ചക്കറിയാണ്. മധുരക്കിഴങ്ങ്, കക്കിരിക്ക, വത്തക്ക തുടങ്ങി വായില്‍ വെള്ളം വരുന്ന സാധനങ്ങള്‍ അനവധി.
സ്കൂളില്ലാത്തപ്പോള് വരമ്പത്തുകൂടി നടന്ന് കക്കിരിക്കയും മറ്റും ആരും കാണാതെ പറിച്ച് അകത്താക്കും. കുതിരിനടുത്ത് ചെറിയ കുളം നിറയെ പൂത്താലിയാണ് (ആമ്പല്‍). ഇടയ്ക്ക് കുളത്തിലിറങ്ങി പുത്താലി പറിച്ച് മാലയുണ്ടാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ടത്തില്‍ നിന്ന് പച്ചക്കറി കാണാതാവുന്ന ദിവസങ്ങളാണ്. വരമ്പത്തുകൂടി നടക്കുമ്പോള്‍ മറ്റ് ചങ്ങാതിമാരും കൂടെ കാണും. മോഷണം വീട്ടില്‍ പറയാതിരിക്കാന്‍ അവര്‍ക്കും കക്കിരിക്ക കൈക്കൂലി കൊടുക്കണം.
വീട്ടില്‍ വലിയച്ഛനാണ് കൃഷി നോക്കി നടത്തുന്നത്. പറശ്ശിനിക്കടവ് മുത്തപ്പന് കഥകളി യോഗത്തിലെ ഭാഗവതരായ വല്യച്ഛന് ചന്തുക്കുട്ടി നായര്‍ നല്ലൊരു കര്‍ഷകനാണ്. നെല്ലും പച്ചക്കറിയും തെങ്ങുമടക്കം നാല് ഏക്കറോളം കൃഷിയുണ്ട്. കഥകളിയില്ലാത്ത കാലമാണെങ്കില്‍ കണ്ടത്തിലെ പണിക്ക് വലിയച്ഛനും കൂടും. വിരിപ്പ്, പുഞ്ച, താപുഞ്ച ഇങ്ങനെ മൂന്ന് കൃഷി. നല്ലൊരു മഴ കിട്ടിയാല്‍ വിത തുടങ്ങും. കൊളങ്ങര പൊക്കനും മറ്റ് ആളുകളും കാലി പൂട്ടും. കൈക്കോട്ട് പണിയെടുക്കാന്‍ പറമ്പന്‍ അമ്പുമുസോറും മാമുനികോരനും. ഞാറു നടാന്‍ കുവാരത്തെ പാര്‍വതിയമ്മ, പറമ്പന്‍ ജാനകിയമ്മ, ചെറിയമ്മ, കുഞ്ഞിനാട്ടെ കല്ല്യാണിയമ്മ എന്നിവരുടെ നീണ്ട നിര. തൊണ്ണൂറാന്‍, കയമ, ചിറ്റേനി, തവളക്കണ്ണന്‍ ഇങ്ങിനെ കേള്‍ക്കാന്‍ ഇമ്പമുള്ള വിത്തുകള്‍ ! കൃഷിപ്പണി തുടങ്ങിയാല്‍ കുട്ടികള്‍ക്കും സന്തോഷമാണ്. വീട്ടില്‍ അധികം പഠിക്കണ്ട. കൃഷി തിരക്കില്‍ ആര്‍ക്കും നിര്‍ബന്ധിക്കാനും സമയമില്ല. കൃഷി ചെയ്യുന്ന കണ്ടം പലതും ‘വാര’മുള്ളതായിരുന്നു. കൃഷി നടത്തി ജന്മിമാര്‍ക്ക് വാരമായി നെല്ല് കൊടുക്കണം. ചിലപ്പോള്‍ കൃഷി വളരെ മോശമായിരിക്കും. ചില കാലങ്ങളില്‍ വാരം കൊടുക്കാന്‍ നെല്ലുണ്ടാവില്ല. ആ സമയത്ത് ജന്മിമാരുടെ കാര്യസ്ഥന്മാര് വീട്ടില്‍ വന്നാല്‍ കാര്യം പറഞ്ഞ് അടുത്ത തവണ എടുക്കാം എന്ന വ്യവസ്ഥയില്‍ പറഞ്ഞയക്കും. ഇങ്ങിനെ കാര്യസ്ഥന് വന്ന് പല തവണ മടങ്ങിപ്പോയ സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്. വാരം തക്കസമയത്ത് കൊടുക്കാത്തത് ഒരിക്കല്‍ കേസിനും കുഴപ്പത്തിനും ഇടയാക്കി. കോടതിയില്‍ നിന്ന് ആമീന്‍ വന്ന് കണ്ടത്തില്‍ ഒടി കുത്തിയത്രെ. (ജന്മിയുടെ സ്ഥലം അതിര് കാണിക്കാന്‍ കോലുകള്‍ കുത്തി വെക്കുന്ന നടപടി) ഒടി കുത്തിയാല്‍ കോടതി നടപടിയനുസരിച്ച് പിന്നെ നെല്ല് കൊയ്യുന്നത് ജന്മിയുടെ ആള്‍ക്കാരായിരിക്കും. ജന്മി വ്യാഘ്രം പട്ടര് എന്നു കേട്ടാല്‍ അക്കാലത്ത് നാട് ഞെട്ടും. പക്ഷെ ജന്മി ഒരിക്കലും നാട്ടില്‍ ഇറങ്ങാറില്ല. കാര്യസ്ഥന്മാരാണ് കേസുമായി വരിക.രണ്ട് ചെറിയ സ്ഥലത്തിന്റെ വാരം വാങ്ങാനായി കാര്യസ്ഥൻ ചിരുകണ്ഠൻ പണിക്കര്‍ ഒരിക്കൽ വീട്ടിൽ വന്നു. നെല്ല് കൊണ്ടുപോകാനായി രണ്ട് ചാക്കും തലച്ചുമടുകാരുമായിട്ടാണ് വരവ്. ആൾ സരസനാണ്. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. ചാക്കുമായി വന്നു. പക്ഷെ വീട്ടില്‍ വാരം കൊടുക്കാന്‍ നെല്ലില്ല. പല തവണ വന്ന് മടങ്ങിപ്പോയതാണ് പണിക്കർ. ഇത്തവണ ഒഴിവുകഴിവുകള്‍ ഒന്നും പറയാനാവില്ല.
നെല്ലില്ലെങ്കില്‍ ഇന്ന് പോകുന്നില്ലെന്നായി പണിക്കര്‍. വാക്കു തർക്കവും ബഹളവുമായി. ചുറ്റുമുള്ള വീടുകളിൽ നിന്ന് ആളുകൾ ഓടി വന്നു. തർക്കം തീർന്നിട്ടും പണിക്കർ വീട്ടില്‍ ഒറ്റയിരുപ്പ്. മുഖത്ത് ദേഷ്യം. വൈകുന്നേരം വല്യച്ഛന് കഥകളിപദം പാടി തുടങ്ങി. അടുത്ത ദിവസം അന്നൂർ അമ്പലത്തില്‍ കഥകളിയുണ്ട്. അതിനുള്ള ഒരുക്കമാണ്. കഥ “കുചേലവൃത്തം” .”ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാൻ വിപ്രൻ… ” എന്ന പദമാണ് പാടി തുടങ്ങിയത്. കുചേലന്റെയും ശ്രീകൃഷ്ണന്റെയും സ്നേഹ കഥയുടെ ഈണത്തില്‍ താളംപിടിച്ച് ചിരുകണ്ഠന്‍ പണിക്കര്‍ രാത്രിയാവോളം ഇരുന്നു. അവസാനം കണ്ണുനിറഞ്ഞ് പണിക്കര്‍ ഒരു പണക്കിഴി വലിയച്ഛന്റെ കൈയില്‍ വെച്ചുകൊടുത്തു. “നന്നായിട്ടുണ്ട് ഭാഗവതരേ…. നന്നായിട്ടുണ്ട്.” ഇത്രയും പറഞ്ഞ് ചാക്കുകളുമായി തിരിച്ചു പോയത്രെ. കിഴി അഴിച്ചു നോക്കിയപ്പോൾ 25 രൂപയോളമുണ്ട്. വാരം വാങ്ങി ചാക്കിലാക്കിയിട്ടേ പോകുവെന്ന് ശഠിച്ച ചിരുകണ്ഠന്‍ പണിക്കര്‍ അവസാനം വാരത്തിന്റെ കാര്യം മറന്നുവലിയച്ഛനും അതിശയമായി. നാട്ടിൽ ഇത്രയും നല്ല കഥകളി ആസ്വാദകര്‍ ഉണ്ടല്ലോ എന്നോർത്ത് വലിയച്ഛന് മൂക്കത്ത് വിരല്‍വെച്ചു. വീട്ടിൽ വെച്ച് കലഹിച്ച് അവസാനം ഭാഗവതർക്ക് പണിക്കർ പണക്കിഴികൊടുത്ത കാര്യം അടുത്ത ദിവസം നാട്ടിൽ പാട്ടായി. സംഗീതം കൊണ്ട് കോപം ശമിച്ചു എന്നു മാത്രമല്ല ചിരുകണ്ഠൻ പണിക്കർ വന്ന കാര്യം മറന്നു. പരിസരം പോലും മറന്നു. മനുഷ്യ മനസ്സിനെ മയക്കാൻ സംഗീതത്തിന് കഴിഞ്ഞു. സംഗീത ചികിത്സയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഇന്നും ഓര്‍ക്കും.