തുളസി – വീട്ടുപറമ്പിലെ ഒറ്റമൂലി

അമ്പലപ്പറമ്പുകളിലും തുളസിത്തറയിലും ആരാധിച്ചു വളർത്തുന്ന തുളസി ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഔഷധസസ്യമാണ്. ഔഷധമായി ഉപയോഗിക്കുന്ന ഇതിന്റെ ഇലകൾ പൂജാ ആവശ്യങ്ങൾക്കും മാലകെട്ടാനും ഉപയോഗിക്കുന്നു. ആയുർവേദ ചികിത്സയിൽ ഏറെ പ്രാധാന്യമുള്ള സസ്യമാണിത്.

ഇതിന്റെ ഔഷധ ഗുണം ചരകസംഹിതയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഓസിമം ടെന്വീഫ്ലോറം, ഓസിമം സാങ്റ്റം എന്നീ ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന തുളസി ലൂമിയേസിയേ കുടുംബത്തിൽപ്പെട്ടതാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ വ്യാപകമായി കണ്ടുവരുന്ന സസ്യമാണിത്. പച്ച നിറമുള്ള ഇലകളുള്ളവയെ കൃഷ്ണ തുളസിയെന്നും കരിനീല കലർന്ന പച്ച നിറമുള്ള തണ്ടും ഇലകളുമുള്ളവയെ രാമ തുളസിയെന്നും വിളിക്കുന്നു. രാമതുളസിക്ക് രൂക്ഷഗന്ധമാണ്. വീട്ടിലെ ഒറ്റമൂലിയാണ് തുളസി. ജലദോഷം, തൊണ്ടവേദന,ചുമ, പനി, തലവേദന എന്നിവയ്ക്കെല്ലാം കാലങ്ങളായി ഉപയോഗിക്കുന്നതാണിത്. വ്യാപകമായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളിലെ പ്രധാന ഘടകം തുളസിയാണ്.  ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഇതിലെ രാസവസ്തുക്കൾ ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുകയും ചർമ്മത്തിന് സൗന്ദര്യം നൽകുകയും ചെയ്യുന്നു.

ആസ്തമയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും തുളസി ഉപയോഗിക്കുന്നുണ്ട്. നെഞ്ചെരിച്ചിൽ , ദഹനം, മാനസിക പിരിമുറുക്കം എന്നിവയ്ക്കെല്ലാം ഉത്തമമാണിത്. ശരീരത്തിലെ യൂറിക്ക് ആസിഡിന്റേയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാനും ഇത് ഉപയോഗിക്കുന്നു. തുളസിയില തണലത്തിട്ട്‌ ഉണക്കിപ്പൊടിച്ച് നാസികാ ചൂർണ്ണമായി ഉപയോഗിക്കാറുണ്ട്. ജലദോഷം, മൂക്കടപ്പ് എന്നിവ ഇതിലൂടെ മാറിക്കിട്ടും. തുളസിയിലയുടെ നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ പനി ശമിക്കും. ചിലന്തി ,തേൾ എന്നിവയുടെ കടിയേറ്റാൽ മഞ്ഞൾ തുളസിയിൽ ചാലിച്ചിട്ടാൽ മതി. 

Leave a Reply

Your email address will not be published. Required fields are marked *