വിത്തു തേങ്ങയില്‍ നിന്ന് നല്ല തെങ്ങിന് തൈകള്‍ ഉണ്ടാക്കാം
വീണാറാണി.ആര്
കാലവര്‍ഷാരംഭത്തിലാണ് തെങ്ങിന്‍തൈ നഴ്സറി തയ്യാറാക്കേണ്ടത്. രണ്ടരയടി അകലത്തില്‍ തയ്യാറാക്കുന്ന ഒന്നര മീറ്റര്‍ വീതിയുള്ള വാരങ്ങളില്‍ ഒരടി അകലത്തിലായി വിത്തുതേങ്ങ പാകണം.
ആവശ്യത്തിന് തണല്‍ ഇല്ലെങ്കില്‍ തണല്‍ നല്‍കേണ്ടതാണ്. നേരത്തെ മുളച്ച തൈകളാണ് നടുന്നതെങ്കില്‍ നല്ല വളര്‍ച്ചയുള്ള 9 മുതല്‍ 12 മാസം പ്രായമുള്ള തൈകള്‍ തെരഞ്ഞെടുക്കണം. 6 മുതല്‍ 8 വരെ ഓലകളുള്ളതും ഓലക്കാലുകള്‍ നേരത്തെ വിടര്ന്നതുമാണെങ്കില് മുന്‍ഗണന നല്‍കാം.
വിത്തുതേങ്ങ സംഭരണം
ഡിസംബര്‍ മുതല്‍ മെയ് വരെയാണ് വിത്തുതേങ്ങ സംഭരണകാലം. നല്ല തെങ്ങിന്‍തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സ്വഭാവഗുണങ്ങള്‍ ഒത്തിണങ്ങിയ മാതൃവൃക്ഷത്തില്‍ നിന്നു മാത്രമേ വിത്തു തേങ്ങ തെരഞ്ഞെടുക്കാവൂ. സ്ഥിരമായി കായ്ക്കുന്നതും വര്‍ഷത്തില്‍ 80 തേങ്ങയില്‍ കുറയാത്ത ഉല്പാദനം തരുന്നതും 20 വര്‍ഷമെങ്കിലുമായ തെങ്ങുകള്‍ ഒന്നാമത്തെ സ്ക്രീനിങ്ങില്പ്പെടുത്താം.
കായ്ച്ചുതുടങ്ങി കുറഞ്ഞത് 5 വര്‍ഷമായിരിക്കണം. 30 ല്‍ കൂടുതല്‍ വിടര്‍ന്ന ഓലകളും 12 കുലകളും സ്ക്രീനിങ് ടെസ്റ്റിലെ അടുത്ത കടമ്പകള്‍. ഇടത്തരം വലിപ്പമുള്ള നീളം കൂടിയ തേങ്ങയും നീളം കുറഞ്ഞ ഓലക്കാലുകളും ബലമുള്ള മടലുകളും കരുത്തുള്ള കുലകളും അമ്മത്തെങ്ങിന് നിര്‍ബന്ധം. ചകിരി മാറ്റിയ തേങ്ങയ്ക്ക് 600 ഗ്രാം തൂക്കവും ഒരു തേങ്ങയില്‍ നിന്ന് 150 ഗ്രാം കൊപ്രയും ലഭിക്കുമെങ്കില്‍ ഏറെ നന്ന്. ഇങ്ങനെയുള്ള മാതൃവൃക്ഷത്തില്‍ നിന്ന് വിത്തു തേങ്ങ കുലയോടെ വെട്ടിയിടരുത്, പകരം കയറില്‍ കെട്ടി ഇറക്കാം. വലിപ്പം കുറഞ്ഞതും കേടുപാടുള്ളതുമായ തേങ്ങ വിത്തിനായി ഉപയോഗിക്കരുത്.
മുളപ്പിക്കാനുള്ള തേങ്ങയ്ക്കിനി 2 മാസത്തെ സുഖസുഷുപ്തി. 3 ഇഞ്ച് കനത്തില്‍ മണല്‍ വിരിച്ച് അതില്‍ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തിയിരുത്തി മണലിട്ട് പുതപ്പിക്കാം. ഇതാണ് തേങ്ങാവെള്ളം വറ്റിപ്പോകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി. ഒന്നിനു മുകളില്‍ ഒന്നായി 5 അടുക്ക് വിത്തു തേങ്ങ വരെ ഇങ്ങനെ സംഭരിക്കാവുതാണ്.