ഉദ്യമ1.0 കോൺക്ലേവ് 7 മുതൽ 10 വരെ തിരുവനന്തപുരത്ത്

കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി  തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ഡിസംബർ 7 മുതൽ 10 വരെയാണിത്.

സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ പ്രാരംഭമായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തൊഴിൽമേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് പ്രാപ്തമാക്കുന്ന പരിപാടിയാണിത്. നിലവിലുള്ള പാഠ്യക്രമങ്ങളും സാങ്കേതികപരിശീലന പരിപാടികളും കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിന്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

വ്യവസായമേഖലയും സാങ്കേതികസ്ഥാപനങ്ങളും തമ്മിൽ സഹകരണം ഉറപ്പുവരുത്തുക, സാങ്കേതികവിദ്യാ കൈമാറ്റം, പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം, ലാബുകളുടെയും വർക്ക്‌ഷോപ്പുകളുടെയും നവീകരണം എന്നിവ സാധ്യമാക്കേണ്ടതുണ്ട്.

ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യക്രമം  സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച്  സാങ്കേതികവിദഗ്ധർ അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംവാദങ്ങൾ നടക്കും. അന്തർദേശീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളിസംരംഭകരും സാങ്കേതികവിദഗ്ധരും സർക്കാർ പ്രതിനിധികളും ചർച്ചകൾ നയിക്കും.

ഡിസംബർ ഏഴിന് ആരംഭിക്കുന്ന നാലുദിവസത്തെ കോൺക്ലേവ് ഡിസംബർ 10ന് സമാപിക്കുമ്പോൾ ഒരു വിഷൻ ഡോക്യുമെന്റ് രൂപീകരിക്കാൻ ഉതകുന്ന മാർഗ്ഗ രേഖകൾ സർക്കാരിന് സമർപ്പിക്കും.  ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കോൺക്ലേവ്  മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി  വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. അനിൽ സഹസ്രബുദ്ധ വിശിഷ്ടാതിഥി ആയിരിക്കും.

ഡിസംബർ എട്ടു മുതൽ പത്തു വരെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നൂതന വ്യവസായശാലകൾ, എൻജിനിയറിങ് വിദ്യാഭ്യാസം, ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിലായി പതിനാറു സെഷനുകളിൽ അറുപതിൽപരം വിദഗ്ധർ നയിക്കുന്ന ചർച്ചകൾ നടക്കും. കേരളത്തിലെ വിവിധ എഞ്ചിനീയറിങ് പോളിടെക്നിക് കോളേജുകളിൽ നിന്നും നാന്നൂറിൽപരം അദ്ധ്യാപകരും ചർച്ചകളിൽ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ നൂതന ഗവേഷണ ഉത്പന്നങ്ങളുടെ പ്രദർശനമേള ഡിസംബർ ഏഴിന് രാവിലെ പത്തു മണിക്ക് പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ സി.എസ്. ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. പ്രദർശനമേള ഡിസംബർ ഒൻപതിന് വൈകുന്നേരം വരെ തുടരും. പ്രദർശനമേളയിൽ പ്രവേശനം സൗജന്യമാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഡിസംബർ ഏഴിന് ടാഗോർ തിയേറ്ററിലും 8. 9 തീയതികളിലായി  പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ സി.എസ്.ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിലും വൈകിട്ട് 5.30 മുതൽ 9.30 വരെ ഉണ്ടാകും.

ഡിസംബർ പത്തിന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ഐ.എ.ജി കോൺക്ലേവ് ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചടങ്ങിൽ വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഉദ്യമ 1.0 കോൺക്ലേവിന്റെ കൂടുതൽ വിവരങ്ങൾ udyamadtekerala.in വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *